ന്യൂഡൽഹി∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സമയക്രമത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) രംഗത്ത്. ആവേശം കൊടുമുടി കയറുന്ന പതിവുള്ള ഇന്ത്യ–പാക്ക് ക്രിക്കറ്റ് പോരാട്ടത്തിന് തൊട്ടു തലേന്ന് ഇന്ത്യയ്ക്ക് മറ്റൊരു മൽസരം വച്ചതാണ് ബിസിസിഐയെ പ്രകോപിപ്പിച്ചത്. ഏഷ്യാകപ്പിന് യോഗ്യത നേടിയെത്തുന്ന ടീമുമായുള്ള ഈ മൽസരത്തിനു തൊട്ടുപിന്നാലെ പാക്കിസ്ഥാനെതിരായ മൽസരത്തിന് ഇറങ്ങേണ്ടി വരുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നാണ് ബിസിസിഐയുടെ ആശങ്ക.
സെപ്റ്റംബർ 19നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്ക് പോരാട്ടം. ഇതിന് തൊട്ടുതലേന്നും, അതായത് സെപ്റ്റംബർ 18നും ഇന്ത്യയ്ക്ക് മൽസരമുണ്ട്. യോഗ്യതാറൗണ്ടിൽനിന്ന് വിജയിച്ചുവരുന്ന ടീമുമായാണ് ഈ മൽസരം.
ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഏഷ്യാകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുള്ളത്. ശേഷിക്കുന്ന സ്ഥാനത്തിനായി യുഎഇ, സിംഗപ്പൂർ, ഒമാൻ, നേപ്പാൾ, മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ തമ്മിലാണ് മൽസരം. ഇതിൽ യോഗ്യത നേടിയെത്തുന്നവരുമായാണ് പാക്കിസ്ഥാനെതിരായ മൽസരത്തിന് തൊട്ടുതലേന്ന് ഇന്ത്യ കളിക്കേണ്ടത്.
സെപ്റ്റംബർ 15ന് ശ്രീലങ്ക–ബംഗ്ലദേശ് മൽസരത്തോടെയാണ് ഏഷ്യാകപ്പിനു തുടക്കമാവുക. ഇന്ത്യ, പാക്കിസ്ഥാൻ, യോഗ്യത നേടിയെത്തുന്ന പുതിയ ടീം എന്നിവയാണ് ഗ്രൂപ്പ് എയിലുള്ളത്. അതേസമയം, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പ് ബിയിൽ. രണ്ടു ഗ്രൂപ്പിൽനിന്നും രണ്ടു ടീമുകൾ വീതം സൂപ്പർ ഫോറിലേക്ക് മുന്നേറും. സെപ്റ്റംബർ 28ന് ഫൈനൽ.
അതേസമയം, ഇന്ത്യയ്ക്കെതിരായ മൽസരത്തിനു മുന്നോടിയായി പാക്കിസ്ഥാന് രണ്ടു ദിവസത്തെ വിശ്രമം ലഭിക്കുന്ന തരത്തിലാണ് മൽസരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 16ന് യോഗ്യത നേടിയെത്തുന്ന ടീമുമായി പാക്കിസ്ഥാന് മൽസരമുണ്ട്. അതിനുശേഷം അവർ കളത്തിലിറങ്ങുന്നത് സെപ്റ്റംബർ 19ന് ഇന്ത്യയ്ക്കെതിരെ മാത്രം. അതേസമയം, യോഗ്യത നേടിയെത്തുന്ന ടീമുമായി സെപ്റ്റംബർ 18ന് കളിക്കുന്ന ഇന്ത്യ, തൊട്ടടുത്ത ദിവസം പാക്കിസ്ഥാനുമായി ഏറ്റുമുട്ടണം.