Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിച്ചാർഡ്സിനെ ‘വീഴ്ത്തി’ സമാൻ ഇന്ത്യയെ കാത്തിരിക്കുന്നു!

Fakhar-Zaman ഫഖർ സമാൻ

പാക് ക്രിക്കറ്റിന് നല്ല സമയമാണ്. ഇതിഹാസ താരം ഇമ്രാൻ ഖാൻ രാഷ്ട്രീയ പിച്ചിൽ വേരുറപ്പിച്ച തിരഞ്ഞെടുപ്പാണ് അടുത്തിടെ കഴിഞ്ഞത്. ക്രിക്കറ്റ് പിച്ചിൽ ഫഖർ സമാൻ എന്ന പുത്തൻ താരവും ഉദയംകൊണ്ടു. സാക്ഷാൽ വിവിയൻ റിച്ചാർഡ്സിന്റെ റെക്കോർഡ് തച്ചുതകർത്താണ് ഫഖർ സമാൻ വരവറിയിച്ചിരിക്കുന്നത്. ഏറ്റവും കുറവ് ഇന്നിങ്സിൽ 1000 റൺസ് തികച്ച ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ഇനി ഈ പാക്ക് ഇടംകയ്യൻ ഓപ്പണർക്ക് സ്വന്തം. സിംബാബ്‌വെയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ, തന്റെ പതിനെട്ടാം ഇന്നിങ്സിലാണ് സമാൻ 1000 റൺസ് തികച്ചത്.

സ്ഫോടനാത്മകം! ഒറ്റവാക്കിൽ ഫഖർ സമന്റെ ബാറ്റിങ് ശൈലിയെ വിശേഷിപ്പിക്കാം. ബൗണ്ടറികൾ നിർലോഭം ബാറ്റിൽ നിന്നൊഴുകും. മിസ്ബാഹ്– യൂനസ് ഖാൻ സഖ്യത്തിന് ശേഷം പാക് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് മുഖമായി മാറിയിരിക്കുകയാണ് ഫഖർ സമാൻ. 2017 ചാംപ്യൻസ് ടോഫി ടൂർണമെന്റിലൂടെയാണ് സമാൻ പാക് ടീമിലേക്ക് നടന്നുകയറിയത്. ചീട്ടുകൊട്ടാരം പോലെ ബാറ്റിങ് നിര തകർന്നടിയുന്നത് പാക് ഇന്നിങ്സിൽ സ്ഥിരം കാഴ്ചയായിരുന്നു. സമാന്റെ പ്രകടനങ്ങൾ പാക് ഇന്നിങ്സിന് അടിത്തറയിടുന്ന കാഴ്ചയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം കാണുന്നത്.

ഏകദിനത്തിൽ 200 റൺസ് എന്ന മായിക നേട്ടം സ്വന്തമാക്കിയ പാക്കിസ്ഥാന്റെ ആദ്യ താരവും ലോക ക്രിക്കറ്റിലെ എട്ടാമത്തെ താരവുമെന്ന നേട്ടവും ഫഖർ സമൻ സിംബാബ്‌വെ പര്യടനത്തിൽ സ്വന്തമാക്കി. കരിയറിലെ പതിനേഴാമത്തെ മൽസരത്തിലാണ് 156 പന്തുകളിൽ നിന്ന് 210 റൺസ് (നോട്ടൗട്ട്) അടിച്ചെടുത്തത്. അഞ്ചു മത്സര പരമ്പരയിൽ ഏറ്റവുമധികം റൺസെടുത്തതിന്റെ റെക്കോർഡും ഫഖർ സമൻ ഇതിനിടെ സ്വന്തമാക്കി.

ഏറെ കാത്തിരുന്ന ഓപ്പണിങ് ജോഡി

നല്ലൊരു തുടക്കം കിട്ടിയാൽ പകുതി വിജയിച്ചുവെന്ന തത്വം ക്രിക്കറ്റ് ലോകത്ത് ഒരുപരിധിവരെ ശരിയാണ്. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഒരു ടീമിനൊന്നാകെ പകരുന്ന ആത്മവിശ്വാസം ചില്ലറയല്ല. ഓസ്ട്രേലിയയുടെ ഗിൽക്രിസ്റ്റ്– ഹെയ്‍ഡൻ, ഇന്ത്യയുടെ ഗാംഗുലി– സച്ചിൻ, സേവാഗ്– സച്ചിൻ കൂട്ടുകെട്ടുകൾ ഉൾപ്പെടെ ക്രിക്കറ്റ് ആരാധകരെ വിരുന്നൂട്ടിയ ഓപ്പണിങ് ജോഡികൾ ഒട്ടേറെ. 2000ത്തിന് ശേഷം മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ട് പാക്കിസ്ഥാൻ ടീമിന് ഉണ്ടായിട്ടില്ലെന്നു പറയാം.

പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഏറെക്കാലത്തെ സ്വപ്നമാണ് ഇമാം ഉൽ ഹഖ്– ഫഖർ സമൻ പോലൊരു ഓപ്പണിങ് ജോഡി. സിംബാബ്‌വെയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ 304 റൺസാണു ഫഖർ–  ഇമാം ഉൽ ഹഖ് കൂട്ടുകെട്ട് അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റിലെ ലോകറെക്കോർഡാണിത്. 2006ൽ ശ്രീലങ്കയുടെ ജയസൂര്യ–ഉപുൽ തരംഗ സഖ്യം നേടിയ 286 റൺസിന്റെ റെക്കോർഡാണു തകർന്നുവീണത്.

സിംബാബ്‌വെയ്ക്കെതിരെ പുറത്തെടുത്ത വിശ്വരൂപത്തിന്റെ പരീക്ഷണം നടക്കുക വരാനിരിക്കുന്ന ഏഷ്യാ കപ്പിലാകും. ഇന്ത്യ ഉൾപ്പെടുന്ന  ഗ്രൂപ്പിലാണ് പാക്കിസ്ഥാൻ. നനഞ്ഞ പടക്കമാണോ ആളിക്കത്തുന്ന തീയാണോ ഫഖർ–  ഇമാം ഉൽ ഹഖ് സഖ്യമെന്നത് അന്നറിയാം.

ഫഖർ സമൻ

മൽസരങ്ങൾ– 18

റൺസ്– 1045

നേരിട്ട പന്തുകൾ– 1045

ഉയർന്ന സ്കോർ– 210

സ്ട്രൈക് റേറ്റ്– 101.91