Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്, പത്രവും തൊടരുതെന്ന് ധോണി

iyer-dhoni ശ്രേയസ് അയ്യർ മഹേന്ദ്ര സിങ് ധോണിക്കൊപ്പം.

ബെംഗളുരു∙ ക്രിക്കറ്റ് കളത്തിൽ വിജയിക്കാൻ പത്രം വായിക്കുന്നത് ഒഴിവാക്കാൻ മഹേന്ദ്രസിങ് ധോണി തന്നെ ഉപദേശിച്ചതായി യുവതാരം ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തൽ. ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളും പരമാവധി ഉപയോഗിക്കാതിരിക്കാൻ ധോണി നിർദ്ദേശിച്ചതായും അയ്യർ വെളിപ്പെടുത്തി. ദേശീയ ടീമിനായി 2017ൽ അരങ്ങേറ്റം കുറിച്ചപ്പോഴാണ് അയ്യർക്ക് ധോണി ഈ ഉപദേശം നൽകിയത്.

കഴിഞ്ഞ വർഷം ന്യൂസീലൻഡിനെതിരെ നടന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ദേശീയ ടീമിലേക്ക് വിളി വന്നപ്പോഴാണ് താൻ ആദ്യമായി ധോണിയുമായി അടുത്ത് ഇടപഴകിയതെന്നും അയ്യർ പറഞ്ഞു. ഇതേ പരമ്പരയിലൂടെയാണ് അയ്യർ ഇന്ത്യൻ ടീമിൽ അരങ്ങേറിയതും. ‘ഓപ്പൺ ഹൗസ് വിത് റെനിൽ’ എന്ന ടോക് ഷോയിലാണ് അയ്യർ മനസ്സു തുറന്നത്.

‘ഇന്ത്യൻ ടീമിനൊപ്പം ചേർന്നതിനുശേഷം ആദ്യമായി സംസാരിച്ചപ്പോൾ തന്നെ ധോണി എന്നോടു പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്. പത്രം വായിക്കുന്നത് പരമാവധി ഒഴിവാക്കുക. രണ്ട്, സമൂഹമാധ്യമങ്ങളിൽനിന്നും കഴിയുന്നതും അകന്നു നിൽക്കുക’ – അയ്യർ പറഞ്ഞു.

സമൂഹമാധ്യമങ്ങൾ ഇന്നത്തെ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇത്തരം മേഖലകളിൽനിന്ന് ലഭിക്കുന്ന വിമർശനങ്ങളാണ് കരിയറിൽ വളരാൻ തന്നെ പ്രചോദിപ്പിക്കുന്നതെന്നും ഇരുപത്തിമൂന്നുകാരനായ അയ്യർ വെളിപ്പെടുത്തി. ധോണി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുമ്പോൾ തനിക്ക് 10 വയസ്സായിരുന്നു പ്രായമെന്നും അയ്യർ അനുസ്മരിച്ചു. അന്നുമുതൽ അദ്ദേഹത്തെ മാതൃകാ പുരുഷനാക്കിയാണ് താൻ കളത്തിലിറങ്ങിയിട്ടുള്ളതെന്നും അയ്യർ പറഞ്ഞു.

ഇക്കഴിഞ്ഞ ഐപിഎൽ സീസണിന്റെ ഇടയ്ക്ക് ഡൽഹി ഡെയർഡെവിൾസ് ക്യാപ്റ്റനായും ശ്രേയസ് അയ്യർ അവരോധിക്കപ്പെട്ടിരിക്കുന്നു. ആദ്യം ക്യാപ്റ്റൻ സ്ഥാനം വഹിച്ചിരുന്ന ഗൗതം ഗംഭീറിനു കീഴിൽ ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയായതോടെയാണ് അയ്യർ ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്. ടീമിന് മുന്നേറാനായില്ലെങ്കിലും താരമെന്ന നിലയിൽ മികച്ച പ്രകടനമാണ് അയ്യർ കഴിഞ്ഞ സീസണിൽ നടത്തിയത്.