കാര്യങ്ങള്‍ ഒട്ടും പന്തിയല്ലെന്ന് എസെക്‌സുമായുള്ള പരിശീലന മല്‍സരത്തിനുശേഷം വിരാട് കോഹ്‌ലിയും സംഘവും മനസ്സിലാക്കിക്കാണണം. ഇംഗ്ലണ്ടിനെതിരായ അഞ്ചു മൽസരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പര പടിവാതിൽക്കൽ നിൽക്കുമ്പോഴും പ്രശ്നമുഖരിതമാണ് ടീം ഇന്ത്യ. ഇപ്പോഴും മികച്ചൊരു ടീമിനെ കണ്ടെത്താനായിട്ടില്ല എന്നതു തന്നെ പ്രധാന പ്രശ്നം. ‘താരങ്ങൾ’ ഏറെയുണ്ടെങ്കിലും മികച്ചൊരു വിന്നിങ് കോംബിനേഷൻ കണ്ടെത്താനാകാത്തത് കോഹ്‍ലിയെ വല്ലാതെ വലയ്ക്കുന്നുണ്ട്.
ബാറ്റിങ്ങിലും ബോളിങ്ങിലുമെല്ലാം പ്രശ്നങ്ങളാണ്. കൂടുതല്‍ പ്രശ്‌നം ബാറ്റിങ്ങിലാണെന്നു മാത്രം. ഇന്ത്യ എപ്പോഴും കൂടുതൽ പ്രതീക്ഷ വയ്ക്കുന്നതും ബാറ്റിങ്ങിലാണല്ലോ. ഫൈനല്‍ ഇലവന്‍ തിരഞ്ഞെടുക്കുന്നതു തന്നെയാകണം കോഹ്‌ലിയുടെ പ്രധാന തലവേദന. ഓപ്പണിങ്ങില്‍നിന്നു തന്നെയാണ് ചിന്താക്കുഴപ്പങ്ങളുടെയും തുടക്കം. സ്ഥിരം ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിശീലന മല്‍സരത്തിലെ രണ്ടിന്നിങ്‌സിലും സംപൂജ്യനായിരുന്നു. ടെസ്റ്റിലെ വിശ്വസ്തനായ ചേതേശ്വര്‍ പൂജാരയാണെങ്കില്‍ തന്റെ മങ്ങിയ ഫോം തുടരുകയാണ്. മാസങ്ങള്‍ക്കു മുന്‍പേ ഇംഗ്ലണ്ടിലെത്തി കൗണ്ടി കളിക്കുന്ന പൂജാരയ്ക്ക് ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല.
കഴിഞ്ഞതെല്ലാം മറന്ന് നിലവിലെ ഫോം പരിഗണിച്ചു മാത്രം ടീമിനെയിറക്കുകയാണെങ്കില്‍ മുരളി വിജയ്‌ക്കൊപ്പം ലോകേഷ് രാഹുലിനെ ഇന്നിങ്‌സ് തുറക്കാന്‍ ക്ഷണിക്കേണ്ടിവരും. ഇനി പൂജാരയെ കോഹ്‌ലി കൈവെടിഞ്ഞാല്‍ (അതിന് സാധ്യത വളരെ കുറവാണെങ്കിലും) ധവാന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത് രാഹുല്‍ വണ്‍ഡൗണായി എത്തും. പരിശീലന മല്‍സരത്തില്‍ ദിനേഷ് കാര്‍ത്തിക്, വിരാട് കോഹ്‌ലി, മുരളി വിജയ്, രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവർ അർധസെഞ്ചുറി പിന്നിട്ടിരുന്നു.
എങ്കിലും, ജയിംസ് ആന്‍ഡേഴ്‌സന്‍ നയിക്കുന്ന ഇംഗ്ലിഷ് ബോളിങ് നിരയുടെ ഏഴയലത്തെത്തില്ല എസെക്‌സ് ആക്രമണം എന്നുകൂടി പരിഗണിക്കണം. ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ട കരുണ്‍ നായര്‍ക്ക് രണ്ടാമത് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. കരുണ്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യത വിരളമാണ്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം കഴിഞ്ഞമാസം അഫ്ഗാനിസ്ഥാനെതിരെ വീണ്ടും ടെസ്റ്റ് ക്യാപ് അണിഞ്ഞ ദിനേഷ് കാര്‍ത്തിക് കിട്ടിയ അവസരം മുതലെടുത്തത് കോഹ്‍ലിക്ക് ആശ്വാസമാകും. ധോണി കളി നിർത്തിയശേഷം ടെസ്റ്റിൽ ലക്ഷണമൊത്ത ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ കണ്ടെത്താനാകാതെ ഉഴറുന്ന ഇന്ത്യയ്ക്ക് ദിനേഷ് കാർത്തിക് ആശ്വാസമായേക്കും.
ടീമിന്റെ ഉപനായകൻ അജിങ്ക്യ രഹാനെ വിദേശ പിച്ചുകളില്‍ താരതമ്യേന മികച്ച റെക്കോര്‍ഡുള്ള താരമാണ്. ടീമിൽ നിന്നുള്ള അവഗണനകൾക്കൊപ്പം താരത്തിന് സ്ഥിരത പുലർത്താനാകാതെ പോകുന്നതും പ്രശ്നമാണ്. പരിശീലന മൽസരത്തിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ രഹാനെയ്ക്ക് സാധിച്ചിരുന്നില്ല.
ഇനി ബോളർമാരുടെ കാര്യം. 96 ഓവര്‍ എറിഞ്ഞിട്ടും പ്രശസ്തരില്ലാത്ത എസെക്‌സ് ബാറ്റിങ് നിരയെ ഓള്‍ഔട്ടാക്കാന്‍ കഴിയാത്ത ബോളര്‍മാരുടെ മൂര്‍ച്ചയും ചോദ്യം ചെയ്യപ്പെടുകയാണ്. മുൻപു കേട്ടുപരിചയിച്ച ഒരു താരം പോലും എസെക്സ് നിരയിൽ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. എന്നിട്ടും ഇന്ത്യൻ ബോളർമാർ ഇവർക്കെതിരെ വിയർത്തുപോയ കാഴ്ച കോഹ്‍ലിയുടെ ചങ്കിടിപ്പു കൂട്ടുമെന്ന് ഉറപ്പ്.
കൗണ്ടിയില്‍ മികച്ച പ്രകടനം നടത്തിയ ഇഷാന്തിനു സ്ഥാനം ഉറപ്പാണ്. മടങ്ങിവരവില്‍ നന്നായി എറിയുന്ന ഉമേഷ് യാദവോ മുഹമ്മദ് ഷമിയോ ഇവരില്‍ ആരെങ്കിലും ഒരാള്‍ കൂടെ കളിക്കും. ഉമേഷിനാണ് സാധ്യത കൂടുതല്‍. ജസ്പ്രീത് ബുംമ്രയ്ക്കും ഭുവനേശ്വർ കുമാറിനും പരുക്കേറ്റതാണ് ബോളിങ്ങിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഈ സാഹചര്യത്തിൽ ഉമേഷ്–ഇഷാന്ത്–ഷാമി കൂട്ടുകെട്ടിന്റെ സംഘടിതവും സ്ഥിരതയുള്ളതുമായ ആക്രമണത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് ഇംഗ്ലിഷ് ബാറ്റ്സ്മാൻമാർക്കു മേൽ ആധിപത്യം സ്ഥാപിക്കാനാകൂ എന്ന മുൻ താരവും പരിശീലകനുമായ മദൻലാലിന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നു.
സ്പിന്നർമാരുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. അശ്വിനെയും കുല്‍ദീപ് യാദവിനെയും ഇറക്കുമോ, അതോ ആരെങ്കിലും ഒരാളെ കളിപ്പിക്കുമോയെന്നറിയാന്‍ ഓഗസ്റ്റ് ഒന്നുവരെ കാത്തിരിക്കണം. പരിശീലന മല്‍സരത്തില്‍ ഇരുവരും കാര്യമായ ഭീഷണിയൊന്നും സൃഷ്ടിച്ചില്ല. അതേസമയം, ടെസ്റ്റിൽ കുൽദീപിന് അവസരം നൽകേണ്ട സമയമായെന്ന് സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ ആവർത്തിച്ച് ചൂണ്ടിക്കാട്ടുകയും െചയ്യുന്നു. എന്തായാലും, വെള്ളം ചുമക്കാനാകും രവീന്ദ്ര ജഡേജയുടെ നിയോഗം.