Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ–ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നാളെ മുതൽ; ബാറ്റിങ്ങിൽ കോഹ്‍ലിക്ക് സങ്കടം, ബോളിങ്ങിൽ ധർമസങ്കടം

Ravi Shastri speaks to Virat Kohli ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനിടെ കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ കോഹ്‌ലിയും ചർച്ചയിൽ

ബർമിങ്ങാം∙ ‘‘ഇംഗ്ലണ്ടുകാർ അപ്രതീക്ഷിതമായി കണ്ടുപിടിച്ച ഇന്ത്യൻ കളിയാകുന്നു ക്രിക്കറ്റ്’’– ‘താവോ ഓഫ് ക്രിക്കറ്റ്’ എന്ന തന്റെ പുസ്തകത്തിന്റെ ആദ്യ വരിയായി ഇന്ത്യൻ എഴുത്തുകാരൻ ആശിഷ് നന്ദി എഴുതി. നന്ദിയുടെ വാക്കുകൾക്കു ചരിത്രത്തിന്റെ പിൻബലമുണ്ട്. കണ്ടുപിടിച്ചത് ഇംഗ്ലണ്ടുകാരാണെങ്കിലും ക്രിക്കറ്റിനെ നെഞ്ചിൽ കൊണ്ടുനടന്നത് ഇന്ത്യക്കാരാണ്. അങ്ങനെ, ജന്മം കൊണ്ട് ഇംഗ്ലണ്ടും കർമം കൊണ്ട് ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് നാട്ടങ്കത്തിനു നാളെ ബെർമിങ്ങാമിലെ എഡ്ജ്ബാസ്റ്റൻ സ്റ്റേഡിയത്തിൽ നാളെ തുടക്കമാകുന്നു.

അഞ്ചു ടെസ്റ്റുകളാണു പരമ്പരയിലുള്ളത്. ട്വന്റി20 പരമ്പര ജയിച്ച് ഇന്ത്യയും ഏകദിന പരമ്പര ജയിച്ച് ഇംഗ്ലണ്ടും സമാസമം നിൽക്കുന്നു. സെപ്റ്റംബർ 11ന് അഞ്ചാം ടെസ്റ്റും തീർത്ത് ഇന്ത്യ ഏഷ്യാ കപ്പിനായി ദുബായിയിലേക്കു പറക്കും. അതിനുശേഷം ദീർഘമായ ഓസ്ട്രേലിയൻ പരമ്പര.

സങ്കടം, ധർമസങ്കടം

ബാറ്റിങ്ങിൽ ഇന്ത്യയ്ക്കു സങ്കടവും ബോളിങ്ങിൽ ധർമസങ്കടവുമാണ്. മുരളി വിജയ്, വിരാട് കോ‌ഹ്‌ലി, അജിങ്ക്യ രഹാനെ എന്നിവർ മാത്രമാണു വിദേശ സാഹചര്യങ്ങളിൽ സ്ഥിരമായി മികവു തെളിയിച്ചത്. ഏറെ പ്രതീക്ഷയുള്ള ധവാനും പൂജാരയും ഇടയ്ക്കു മിന്നുന്നു, പിന്നെ മങ്ങുന്നു. കെ.എൽ.രാഹുലും ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ബാറ്റ്സ്മാൻമാരിലൊരാൾ.

പേസ് ബോളിങ്ങിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇത്ര നല്ലൊരു ബോളിങ് നിര ഇതിനു മുൻപ് ഇന്ത്യയ്ക്കു കിട്ടിയിട്ടില്ല എന്നതുതന്നെ കാരണം. ഷമിയും ഇഷാന്തും ഉമേഷും ഒന്നിനൊന്നു മികച്ചവർ. പരുക്കുമൂലം ബുമ്രയും ഭുവനേശ്വർ കുമാർ ഇല്ല എന്നതു മാത്രമാണ് ഇന്ത്യയ്ക്കുള്ള കുറവ്. ബുമ്ര രണ്ടാം ടെസ്റ്റിന് തിരിച്ചെത്തിയേക്കും.

സ്പിന്നർമാരായി ആരെ ടീമിലെടുക്കും എന്നതാണു കോഹ്‌ലിയുടെ ധർമസങ്കടം. പരിചയസമ്പന്നരായ അശ്വിനും രവീന്ദ്ര ജഡേജയും പുത്തൻ സെൻസേഷനായി കുൽദീപ് യാദവും കോഹ്‌ലിക്കു മുന്നിൽ നിൽക്കുന്നു. ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ 117 ടെസ്റ്റുകൾ കളിച്ചതിൽ 43 തവണ ഇംഗ്ലണ്ടാണ് ജയിച്ചത്. ഇന്ത്യ 25 മൽസരങ്ങൾ ജയിച്ചു. 49 കളികൾ സമനിലയായി.

ഒന്നാം നമ്പറിൽ കണ്ണുവച്ച് കോഹ്‍ലി

ബോളർമാരുടെ പോരാട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്ന ടെസ്റ്റ് പരമ്പരയിൽ ശ്രദ്ധാകേന്ദ്രം നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കയ്യാളുന്ന ജയിംസ് ആന്‍ഡേഴ്സൻ ആയിരിക്കുമെന്ന് ഉറപ്പ്. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം വെറുതെ ലഭിച്ചതല്ലെന്ന് തെളിയിക്കാനുള്ള വേദി കൂടിയാണ് ആൻഡേഴ്സന് ഈ പരമ്പര. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള വിരാട് കോഹ്‍ലിയും ആൻഡേഴ്സനും തമ്മിലുള്ള പോരാട്ടമായി ഈ പരമ്പരയെ വിശേഷിപ്പിക്കുന്നവരും കുറവല്ല.

ഒന്നാം നമ്പർ ബോളർ ഇംഗ്ലണ്ടിനൊപ്പമാണെങ്കിലും ആദ്യ മുപ്പത് റാങ്കിനുള്ളിൽ കൂടുതൽ ബോളർമാരുള്ളത് ഇന്ത്യയ്ക്കാണെന്ന കൗതുകം കൂടിയുണ്ട്. ജയിംസ് ആൻഡേഴ്സന്റെ ഒന്നാം സ്ഥാനം കഴിഞ്ഞാൽ റാങ്കിങ്ങിലെ ആദ്യ 30 സ്ഥാനങ്ങൾക്കുള്ളിലുള്ള ഏക ഇംഗ്ലിഷ് ബോളർ സ്റ്റ്യുവാർട്ട് ബ്രോഡാണ്. റാങ്കിങ്ങിൽ നിലവിൽ 12–ാം സ്ഥാനത്താണ് ബ്രോഡ്.

അതേസമയം, മൂന്നാം റാങ്കിലുള്ള രവീന്ദ്ര ജഡേജയാണ് റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ താരം. ജഡേജയ്ക്കൊപ്പം ഇന്ത്യയുടെ സ്പിൻ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന രവിചന്ദ്രൻ അശ്വിൻ അഞ്ചാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയത്തിൽ നിർണായക പങ്കു വഹിക്കേണ്ട പേസ് ബോളിങ് വിഭാഗത്തിലെ നാലു പേരാണ് ആദ്യ 30 റാങ്കിനുള്ളിലുള്ളത്.

17–ാം റാങ്കിലുള്ള മുഹമ്മദ് ഷാമിയാണ് കൂട്ടത്തിൽ മുൻപൻ. പരുക്കുമൂലം ആദ്യ ടെസ്റ്റുകളിൽനിന്ന് വിട്ടുനിൽക്കുന്ന ഭുവനേശ്വർ കുമാർ 25–ാം സ്ഥാനത്തും ഇഷാന്ത് ശർമ ഒരു സ്ഥാനം മാത്രം പിന്നിൽ 26–ാം സ്ഥാനത്തുമുണ്ട്. ഉമേഷ് യാദവ് 28–ാം സ്ഥാനത്തുണ്ട്. അതേസമയം, അശ്വിന്റെയും ജഡേജയുടെയും ടീമിലെ സ്ഥാനത്തിന് ഭീഷണി തീർക്കുന്ന കൈക്കുഴ സ്പിന്നർ കുൽദീപ് യാദവ് ആദ്യ അൻപതിൽ പോലുമില്ല. ഇപ്പോഴത്തെ റാങ്കിങ് അനുസരിച്ച് 56–ാം സ്ഥാനത്താണ് കുൽദീപ്. 

ബാറ്റ്സ്മാൻമാരിൽ ഇരു ടീമുകളുടെയും ആറു താരങ്ങൾ വീതം ആദ്യ 50ലുണ്ട്. പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട് സസ്പെൻഷനിലുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ, തൊട്ടുപിന്നിലാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുടെ സ്ഥാനം. പരമ്പരയിൽ മികച്ച പ്രകടനം നടത്തിയാൽ തന്നേക്കാൾ 26 പോയിന്റ് മാത്രം മുന്നിലുള്ള സ്മിത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും കോഹ്‍ലിക്ക് അവസരമുണ്ട്.

കോഹ്‍ലിക്കു ശേഷം റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരം ചേതേശ്വർ പൂജാരയാണ്. നിലവിൽ ഫോമിലല്ലാത്ത പൂജാര റാങ്കിങ്ങിൽ ആറാമനാണ്. ലോകേഷ് രാഹുൽ (18), അജിങ്ക്യ രഹാനെ (19), മുരളി വിജയ് (23), ശിഖർ ധവാൻ (24) എന്നിവരാണ് ആദ്യ അൻപതിലുള്ള മറ്റു താരങ്ങൾ. അതേസമയം ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരിൽ മുന്നിലുള്ള താരം ജോ റൂട്ടാണ്. കോഹ്‍ലിക്ക് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് റൂട്ടിന്റെ സ്ഥാനം കോഹ്‍ലിയേക്കാൾ 48 പോയിന്റുകൾക്ക് പിന്നിലാണ് റൂട്ട്. അലിസ്റ്റയർ കുക്ക് (13), ജോണി ബെയർസ്റ്റോ (16), ബെൻ സ്റ്റോക്സ് (28), മൊയീൻ അലി (43) എന്നിവരാണ് ആദ്യ അൻപതിലുള്ള മറ്റ് ഇംഗ്ലിഷ് താരങ്ങൾ.

ടീമെന്ന നിലയിലും ഇരു ടീമുകൾക്കും നേട്ടമുണ്ടാക്കാനുള്ള അവസരമാണ് ഈ പരമ്പര. നിലവിൽ ലോക ഒന്നാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് പോയിന്റ് വർധിപ്പിച്ച് രണ്ടാം സ്ഥാനക്കാരുമായുള്ള അകലം വർധിപ്പിക്കാനുള്ള അവസരമാണിത്. ലോക അഞ്ചാം റാങ്കുകാരായ ഇംഗ്ലണ്ടിനാകട്ടെ, മുന്നേറാൻ ഏറെ ദൂരമുണ്ട്.

പരമ്പരയിൽ ഇന്ത്യയെ 5–0ന് തോൽപ്പിച്ചാൽ 10 പോയിന്റു കൂടി കൂട്ടി 107 പോയിന്റോടെ റാങ്കിങ്ങിൽ രണ്ടാമതെത്താൻ ഇംഗ്ലണ്ടിന് അവസരമുണ്ട്. അങ്ങനെ വന്നാൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുമായുള്ള പോയിന്റ് വ്യത്യാസം 28ൽനിന്ന് അഞ്ചാക്കി കുറയ്ക്കുകയും ചെയ്യാം. അതേസമയം, ഇന്ത്യ 5–0ന് പരമ്പര ജയിച്ചാൽ 129 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിർത്താൻ വഴിയൊരുങ്ങും. ഇംഗ്ലണ്ടാകട്ടെ 94 പോയിന്റോടെ ആറാം റാങ്കിലേക്ക് വീഴുകയും ചെയ്യും.

ഇംഗ്ലിഷ് ഫാസ്റ്റ് ബോളർമാർക്ക് റൊട്ടേഷൻ?

ഇന്ത്യക്കെതിരായ അഞ്ചു മത്സര ടെസ്റ്റ് പരമ്പരയിൽ എല്ലാ കളിയിലും താനും സഹ ഫാസ്റ്റ് ബോളർ ജയിംസ് ആൻഡേഴ്സനും കളിക്കാനിടയില്ലെന്ന് സൂചിപ്പിച്ച് സ്റ്റുവർട്ട് ബ്രോഡ്. കരിയറിന്റെ ആവസാന പാദത്തിലെത്തിയ മുപ്പത്താറുകാരൻ ആൻഡേഴ്സൻ പരുക്കിനെ തുടർന്ന് ആറാഴ്ച വിശ്രമത്തിനുശേഷം തിരിച്ചെത്തുകയാണ്. മുപ്പത്തിരണ്ടുകാരൻ ബ്രോഡും ഈ കൗണ്ടി സീസന്റെ തുടക്കത്തിൽ പരുക്കേറ്റിരുന്നു. ഓരോ കളിയിലെയും 

ജോലിഭാരത്തിന് അനുസരിച്ചായിരിക്കും എല്ലാ മത്സരത്തിലും പങ്കെടുക്കാനാവുമോയെന്നു തീരുമാനിക്കുക. ഫാസ്റ്റ് ബോളർമാരുടെ ജോലിഭാരം കുറയ്ക്കാനായി ഓരോ മത്സരത്തിലും വ്യത്യസ്ത കളിക്കാരെ പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നും ബ്രോഡ് പറഞ്ഞു.