Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലേഡി സൂപ്പർസ്റ്റാർ’ മന്ഥനയ്ക്ക് അതിവേഗ അർധസെഞ്ചുറി, റെക്കോർഡ് – വിഡിയോ

smrithi-mandhana സ്മൃതി മന്ഥന അർധസെഞ്ചുറിയിലേക്ക്.

ടോണ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റിന് മികവിന്റെ പുതിയ ഉയരങ്ങൾ സമ്മാനിച്ച് ‘ലേഡി സൂപ്പർസ്റ്റാർ’ സ്മൃതി മന്ഥന. രാജ്യന്തര വനിതാ ക്രിക്കറ്റിലെ അതിവേഗ അർധസെഞ്ചുറി സ്വന്തമാക്കിയാണ് മന്ഥന പുതുചരിത്രമെഴുതിയത്. ഞായറാഴ്ച നടന്ന കെഐഎ സൂപ്പർ ലീഗ് (കെഎസ്എൽ) മൽസരത്തിലാണ് മന്ഥന 18 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഇംഗ്ലണ്ടിലെ പ്രീമിയർ വനിതാ ആഭ്യന്തര ട്വന്റി20 ടൂർണമെന്റിൽ ലഫ്ബറോ ലൈറ്റ്‍നിങ്ങിനെതിരെ വെസ്റ്റേൺ സ്റ്റോമിനുവേണ്ടിയായിരുന്നു മന്ഥനയുടെ മിന്നൽ ബാറ്റിങ്.

മഴമൂലം ആറ് ഓവറാക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റേൺ സ്റ്റോം നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 85 റൺസ്. 19 പന്തുകൾ നേരിട്ട സ്മൃതി അഞ്ച് ബൗണ്ടറിയും നാലു സിക്സും സഹിതം 52 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലഫ്ബറോ ലൈറ്റ്‍നിങ്ങിന്റെ പോരാട്ടം 18 റൺസ് അകലെ അവസാനിച്ചു.

ഇതോടെ വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയെന്ന ന്യൂസീലൻഡ് താരം സോഫി ഡിവൈന്റെ റെക്കോർഡിനൊപ്പമെത്തി മന്ഥന. 2015ൽ ഇന്ത്യയ്ക്കെതിരെയാണ് സോഫി റെക്കോർഡിട്ടത്. ഇന്നലെ സ്മൃതി റെക്കോർഡിനൊപ്പമെത്തുമ്പോൾ എതിർ ടീമിൽ സോഫിയുമുണ്ടായിരുന്നു. 21 പന്തിൽ പുറത്താകാതെ 46 റൺസെടുത്ത് പൊരുതിയെങ്കിലും സോഫിക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ഇംഗ്ലണ്ടിലെ പ്രീമിയർ വനിതാ ആഭ്യന്തര ട്വന്റി20 ടൂർണമെന്റായ കെഐഎ സൂപ്പർ ലീഗിൽ (കെഎസ്എൽ) കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് മന്ഥന. അതിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മറ്റൊരു ടീമായ ലങ്കാഷയർ തണ്ടറുമായി കരാറിലെത്തിയിരുന്നു.

അഞ്ചു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെയാണ് മന്ഥന അർധസെഞ്ചുറിയിലേക്കെത്തിയത്. കെഎസ്എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായും സ്മൃതി മാറി. ഒൻപതു വീതം സിക്സ് നേടിയ സ്റ്റെഫാനി, റേച്ചൽ പ്രീസ്റ്റ് എന്നിവരുടെ റെക്കോർഡാണ് സ്മൃതി വെറും മൂന്ന് ഇന്നിങ്സുകളിൽ തകർത്തെറിഞ്ഞത്.

2017ലെ ഐസിസി വനിതാ ലോകകപ്പിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ താരമായി മാറിയ സ്മൃതി മന്ഥന ഈ വർഷം കുറിക്കുന്ന മൂന്നാമത്ത അതിവേഗ അർധസെഞ്ചുറി കൂടിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ 30 പന്തിൽ അർധസെഞ്ചുറി നേടി ത്രസിപ്പിച്ച മന്ഥന, ഇംഗ്ലണ്ടിനെതിരെ 25 പന്തിലാണ് അർധസെഞ്ചുറി നേടിയത്. അതിനു പിന്നാലെയാണ് ഇംഗ്ലണ്ടിനെ ആഭ്യന്തര ലീഗിൽ റെക്കോർഡ് പ്രകടനം കാഴ്ചവച്ചത്.

കെഎസ്എല്ലിലെ അരങ്ങേറ്റ മൽ‌സരത്തിൽ 20 പന്തിൽ 48 റൺസെടുത്താണ് സ്മൃതി വരവറിയിച്ചത്. ഇതുവരെ 42 രാജ്യാന്തര ട്വന്റി20 മൽസരങ്ങൾ കളിച്ചിട്ടുള്ള മന്ഥന 857 റൺസ് നേടിയിട്ടുണ്ട്. 76 റൺസാണ് ഉയർന്ന സ്കോർ. 41 ഏകദിനങ്ങളിൽനിന്നായി 37.53 റൺസ് ശരാശരിയിൽ 1464 റൺസും നേടിയിട്ടുണ്ട്. പുരുഷവിഭാഗത്തിലും അതിവേഗ അർധസെഞ്ചുറിയിൽ ലോക റെക്കോർഡ് ഇന്ത്യൻ താരം യുവ്‌രാജ് സിങ്ങിനാണ്. വെസ്റ്റ് ഇൻഡീസിന്റെ ക്രി ഗെയ്‍ലിനൊപ്പം റെക്കോർഡ് പങ്കിടുന്ന യുവി 12 പന്തിലാണ് അർധസെഞ്ചുറി പൂർത്തിയാക്കിയത്.

related stories