Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔട്ടായി മടങ്ങിയ സേവാഗിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് റൈറ്റ്!

sachin-kapil-sehwag-afridi

കൗതുക വാർത്തകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത മേഖലയാണ് ക്രിക്കറ്റ്. താരങ്ങളുടെ രസകരമായ വിശ്വാസങ്ങൾ മുതൽ കളത്തിലെ പെരുമാറ്റങ്ങൾ വരെ രസകരമായ നിമിഷങ്ങൾ ഒരുപാടുണ്ട്. ട്രിപ്പിൾ സെഞ്ചുറിയിലേക്കു കുതിക്കുമ്പോൾ ചുണ്ടിലുണ്ടായിരുന്ന പാട്ട് മറന്നതിന് മൽസരം തന്നെ നിർത്തിച്ച സേവാഗിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? സച്ചിന്റെ ബാറ്റ് ഉപയോഗിച്ച് അതിവേഗ സെഞ്ചുറിയിൽ റെക്കോർഡിട്ട അഫ്രീദിയെ അറിയാമോ? ലോകകപ്പ് മൽസരത്തിനിടെ വയറിളക്കം ബാധിച്ച് അടിവസ്ത്രത്തിനുള്ളിൽ ടിഷ്യൂപേപ്പർ വച്ച് 97 റൺസ് നേടിയ സച്ചിനെ അറിയാമോ? അത്തരം ചില കൗതുകക്കാഴ്ചകളിലൂടെ...

∙ ‘അന്നു ഞാൻ സേവാഗിന്റെ കോളറിനു പിടിച്ചു’

ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച പരിശീലകരിൽ ഏറ്റവും ശാന്തസ്വഭാവക്കാരിൽ ഒരാളായി അറിയപ്പെടുന്ന വ്യക്തിയാണ് ന്യൂസീലൻഡുകാരനായ ജോൺ റൈറ്റ്. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നും ഇതേ ജോൺ റൈറ്റുമായി ബന്ധപ്പെട്ടാണെന്ന് എത്ര പേർക്കറിയാം? മൽസരത്തിനിടെ പുറത്തായി മടങ്ങിയെത്തിയ സാക്ഷാൽ വീരേന്ദർ സേവാഗിന്റെ കഴുത്തിന് കുത്തിപ്പിടിച്ചാണ് റൈറ്റ് വിവാദപുരുഷനായത്. ഇംഗ്ലണ്ടിൽ നടന്ന 2002ലെ നാറ്റ്‌വെസ്റ്റ് പരമ്പരയിലെ ശ്രീലങ്കയ്ക്കെതിരായ മൽസരത്തിനിടെയാണ് വിവാദം ഉടലെടുത്തത്. ജോൺ റൈറ്റിന്റെ പെരുമാറ്റത്തിൽ സ്തബ്ധനായിപ്പോയ സേവാഗ് കരഞ്ഞുപോയി. ഇതോടെ, ക്രുദ്ധനായ ക്യാപ്റ്റൻ സൗരവ് ഗാംഗുലി റൈറ്റ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ടീം മാനേജർ രാജീവ് ശുക്ലയെ സമീപിച്ചതായി അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഇതേക്കുറിച്ച് റൈറ്റ് പിന്നീട് എഴുതിയതിങ്ങനെ:

സേവാഗിന് പറ്റിയ ഒരു അബദ്ധം ചൂണ്ടിക്കാട്ടാനായിരുന്നു സത്യത്തിൽ എന്റെ ശ്രമം. അന്ന് ശ്രീലങ്കയ്ക്കെതിരായ മൽസരത്തിനിടെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പുറത്തായതിനു പിന്നാലെ വിക്കറ്റ് വലിച്ചെറിഞ്ഞ് സേവാഗും പവലിയനിൽ മടങ്ങിയെത്തി. ഇതോടെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 26 റൺസെന്ന നിലയിലായി ടീം.

തന്റെ സ്വാഭാവികമായ കളി പുറത്തെടുക്കാൻ ശ്രമിച്ചാണ് സേവാഗ് പുറത്തായതെന്നായിരുന്നു ന്യായീകരണം. ഇത്തരത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കാതെ നിരുത്തരവാദിത്തപരമായ ഷോട്ടുകൾക്ക് ശ്രമിച്ച് പുറത്താകുമ്പോൾ ‘സ്വാഭാവിക കളി’ കളിച്ചെന്ന് ന്യായീകരിക്കുന്ന മറ്റു താരങ്ങളും അന്ന് ടീമിലുണ്ടായിരുന്നു. നിർണായക ഘട്ടത്തിൽ പുറത്തായി മടങ്ങിയെത്തിയ സേവാഗ് ഒന്നും സംഭവിക്കാത്തതുപോലെ കയറിവരുന്നതു കണ്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. സേവാഗിന്റെ അടുത്തേക്ക് ചെന്ന് കോളറിനു പിടിച്ച്, ‘എന്തു നാശമാണ് ഈ ചെയ്തത്’ എന്നു ചോദിച്ചു.

ഇത്തരമൊരു മോശം ഷോട്ട് കളിച്ച് പുറത്തായിട്ടും ഒന്നും സംഭവിക്കാത്തതു പോലെ ഇവിടെ വന്നിരുന്ന് പാഡ് അഴിക്കാൻ നിനക്കെങ്ങനെ സാധിക്കുന്നു – ഞാൻ അലറി. എന്റെ പെരുമാറ്റം കണ്ട് എല്ലാവരും സ്തബ്ധരായി. ഒരാൾ തോക്കു പുറത്തെടുത്തപോലെയായിരുന്നു അത്. പതുക്കെ ഞാൻ എന്നെത്തന്നെ നിയന്ത്രിക്കുകയും െചയ്തു.

∙ പാട്ട് മറന്നു, മൽസരം നിർത്തിച്ച് സേവാഗ്

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വിസ്ഫോടന ശേഷിയുള്ള ബാറ്റ്സ്മാൻ ആരാണ്? ഉത്തരങ്ങൾ ഏതുമാകട്ടെ, പട്ടികയിൽ ഉറപ്പായും ഇടമുള്ള താരമാണ് വീരേന്ദർ സേവാഗ്. കൂസലില്ലായ്മയുടെ പര്യായമായി മൈതാനങ്ങളെ അടക്കി ഭരിച്ചിട്ടുള്ള സേവാഗ് ഒരിക്കൽ, ഒരു പാട്ടിന്റെ വരികൾ ഓർത്തെടുക്കാൻ മൽസരം നിർത്തിച്ചിട്ടുണ്ട്. 2008ൽ ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റിലെ തന്റെ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ചുറിയിലേക്ക് കുതിക്കുമ്പോഴാണ് പ്രിയപ്പെട്ട പാട്ടിന്റെ വരികൾ സേവാഗ് മറന്നുപോയത്.

ഈ സംഭവം സേവാഗ് തന്നെ ഓർത്തെടുക്കുന്നത് ഇങ്ങനെ:

‘ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 300 റൺസ് നേടിയ ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. പാട്ടിന്റെ വരികൾ ഞാൻ പൂർണമായും മറന്നുപോയി. ടീമിലെ പന്ത്രണ്ടാമനായിരുന്ന ഇഷാന്ത് ശർമയെ മൽസരത്തിനിടെ ഞാൻ വിളിച്ചു. വെള്ളവുമായി മൈതാനത്തെത്തിയ ഇഷാന്തിനോട് എന്റെ ഐപോഡ് ഉപയോഗിച്ച് ആ പാട്ടിന്റെ വരികൾ നോക്കി വരാൻ പറഞ്ഞയച്ചു. എല്ലാവരും വിചാരിച്ചത് ഞാൻ വെള്ളത്തിനായാണ് ഇഷാന്തിനെ വിളിച്ചതെന്നാണ്. എന്നാൽ സംഭവം ഇതായിരുന്നു. ഇടയ്ക്ക് ടീമിലെ പന്ത്രണ്ടാമനെ ഇങ്ങനെയും ഉപയോഗിക്കാം. ‘തൂ ജാനെ നാ’ എന്ന വിഖ്യാതമായ പാട്ടായിരുന്നു അത്.’

∙ അഭിമുഖത്തിനിടെ കണ്ണീരണിഞ്ഞ് കപിൽദേവ്

പ്രശസ്ത മാധ്യമപ്രവർത്തൻ കരൺ ഥാപ്പർ അവതാരകനായ ‘ഹാർഡ്ടോക് ഇന്ത്യ’ എന്ന ടോക് ഷോയ്ക്കിടയിലാണ് ഒരു ചോദ്യത്തോട് പ്രതികരിക്കവെ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച നായകൻ വിങ്ങിപ്പൊട്ടിയത്. മൽസരം ഒത്തുകളിക്കാനായി കപിൽ പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇത്.

ചോദ്യത്തോട് കപിൽ പ്രതികരിച്ചത് ഇങ്ങനെ:

മൽസരം ഒത്തുകളിക്കാൻ ആരിൽനിന്നെങ്കിലും പണം വാങ്ങുന്നതിനേക്കാൾ ഭേദം ആത്മഹത്യയാണെന്ന് കരുതുന്നയാളാണ് ‍ഞാൻ. എന്റെ എല്ലാ സമ്പത്തും എടുത്തോളൂ. അതൊന്നും എനിക്ക് ആവശ്യമില്ല. അഭിമാനമാണ് പ്രധാനപ്പെട്ടതെന്ന് പഠിപ്പിച്ച ഒരു കുടുംബമാണ് എന്റേത്.

∙ അഫ്രീദിയുടെ ആ സെഞ്ചുറി സച്ചിന്റെ ബാറ്റിൽ!

രാജ്യാന്തര ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോർഡ് 18 വർഷത്തോളം സ്വന്തമായി വച്ച വ്യക്തിയാണ് പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. 1996 ഒക്ടോബർ നാലിനാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ശ്രീലങ്കയ്ക്കെതിരെ 37 പന്തിൽ അഫ്രീദി സെഞ്ചുറി പൂർത്തിയാക്കിയത്. അന്ന് വെറും 16 വയസ്സായിരുന്നു അഫ്രീദിയുടെ പ്രായം. പിന്നീട് 2014ൽ ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സനാണ് ഈ റെക്കോർഡ് തകർത്തത്. വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു ഇത്.

എന്നാൽ, സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ ബാറ്റ് ഉപയോഗിച്ചാണ് ഷാഹിദ് അഫ്രീദി ഈ സെഞ്ചുറി നേടിയതെന്ന് എത്ര പേർക്കറിയാം. പാക്ക് ടീമിൽ ഇടം നേടിയ കാലത്ത് പാക്ക് താരം വഖാർ യൂനിസാണ് തന്റെ പക്കലിരുന്ന സച്ചിന്റെ ബാറ്റ് അഫ്രീദിക്ക് നൽകിയത്.

‘ഇത് സച്ചിന്റെ ബാറ്റാണ്. നാളെ ഇതുപയോഗിച്ചു കളിച്ചുനോക്കൂ’ എന്നു പറഞ്ഞാണ് യൂനിസ് ബാറ്റ് തന്നതെന്ന് അഫ്രീദി പിന്നീട് വെളിപ്പെടുത്തിയിരുന്നു. സിയാൽകോട്ടിൽനിന്ന് സമാനമായ ബാറ്റ് വാങ്ങാൻ നിർദ്ദേശിച്ചാണ് അന്ന് സച്ചിൻ തന്റെ ബാറ്റ് വഖാർ യൂനിസിന് നൽകിയതത്രേ.

∙ ബാറ്റുചെയ്യാൻ ടിഷ്യൂ പേപ്പർ!

പ്രധാനപ്പെട്ടൊരു ക്രിക്കറ്റ് മൽസരം നടക്കുന്ന സമയത്ത് കളിക്കാരന് വയറിളക്കം വന്നാൽ എന്തു ചെയ്യും? അടിവസ്ത്രത്തിനുള്ളിൽ ടിഷ്യൂ പേപ്പർ വച്ച് കളിക്കുക തന്നെ. വെറും തോന്നൽ മാത്രമെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. അങ്ങനെ സംഭവിച്ചിട്ടുണ്ട് മുൻപ്. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനാണ് 2003ലെ ലോകകപ്പിനിടെ വയറിളക്കം ബാധിച്ചത്. സച്ചിൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യ ഫൈനൽ കളിച്ച ഈ ലോകകപ്പിന്റെ സൂപ്പർ സിക്സ് ഘട്ടം പുരോഗമിക്കുമ്പോഴായിരുന്നു സംഭവം. തന്റെ ആത്മകഥയിൽ ഇതേക്കുറിച്ച് സച്ചിൻ പറയുന്നതിങ്ങനെ:

‘തീർത്തും വ്യക്തിപരമായൊരു സ്വകാര്യത്തെക്കുറിച്ച് വെളിപ്പെടുത്താൻ എനിക്ക് വല്ലാത്ത ചമ്മലുണ്ട്. ശ്രീലങ്കയ്ക്കെതിരായ മൽസരത്തിനിടെയാണ് സംഭവം. മൽസരത്തിന്റെ തലേന്ന് എനിക്ക് ശക്തമായ വയറുവേദന പിടിപെട്ടു. പിന്നാലെ വയറിളക്കവും. പാക്കിസ്ഥാനെതിരായ പരമ്പരയ്ക്കിടെ പിടിപെട്ട പരുക്കിനെ തുടർന്ന് ഉപയോഗിച്ച ഔഷധങ്ങളുടെ ഇഫക്ടായിരിക്കണം.

ഉപയോഗിച്ചിരുന്ന എനർജി ഡ്രിങ്കിൽ ഒരു സ്പൂൺ ഉപ്പുകൂടി ഇട്ടിരുന്നു. അതും കാരണമായിരിക്കാം. എന്തായാലും എന്റെ കാര്യം വലിയ കഷ്ടമായിരുന്നു. ഇതോടെ ബാറ്റിങ്ങിന് ഇറങ്ങിയ അവസരത്തിൽ അടിവസ്ത്രത്തിനുള്ളിൽ ടിഷ്യൂ പേപ്പർ ഉപയോഗിക്കേണ്ടിവന്നു. മൽസരത്തിന്റെ ഇടവേളയിൽ ഡ്രസിങ് റൂമിലേക്ക് പോകേണ്ട അവസ്ഥ പോലുമുണ്ടായി. എന്തായാലും ആ മൽസരത്തിൽ 120 പന്തു നേരിട്ട സച്ചിൻ നേടിയത് 97 റൺസ്.

related stories