Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിക്കും ക്രിക്കറ്റ് പന്ത് കണ്ടത് 20–ാം വയസ്സിൽ; 23ൽ ഇന്ത്യൻ ടീമിൽ

Umesh-Yadav

ഇരുപതാം വയസ്സിലാണു താൻ യഥാർഥ ക്രിക്കറ്റ് പന്തു കാണുന്നതെന്ന ഇന്ത്യൻ പേസ് ബോളർ ഉമേഷ് യാദവിന്റെ വെളിപ്പെടുത്തൽ അദ്ഭുതത്തോടെയും ഒട്ടൊക്കെ കൗതുകത്തോടെയും കേട്ടവരാണ് നമ്മൾ. മാസങ്ങൾക്കു മുൻപു നടന്ന ശ്രീലങ്കൻ പര്യടനത്തിനിടെയാണ്, ഇന്ത്യ കണ്ടിട്ടുള്ള ‘ലക്ഷണമൊത്ത’ അപൂർവം പേസ് ബോളർമാരിൽ ഒരാളായ ഉമേഷ് യാദവ് ഈ വെളിപ്പെടുത്തൽ നടത്തിയത്. അതുവരെ റബർ പന്തില‍ും ടെന്നിസ് ബോളിലും മാത്രം കളിച്ചു ശീലിച്ചിട്ടുള്ള തനിക്ക് പെട്ടെന്നു ലെതർ ബോൾ കയ്യിൽ കിട്ടിയപ്പോൾ എന്താണു ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും ഉമേഷ് യാദവ് തുറന്നുപറഞ്ഞു.

‘എങ്ങനെ എറിഞ്ഞാലാണ് സ്വിങ് കിട്ടുകയെന്നോ, എങ്ങനെയാണ് അതു കയ്യിൽ പിടിക്കേണ്ടതെന്നോ ഒരു ധാരണയുമുണ്ടായിരുന്നില്ല. ഈ സമയത്തു പരിശീലകരാണ് എന്നെ സഹായിച്ചത്. അവർ പറഞ്ഞുതന്നതുപോലെ അനുസരിച്ചു. ബോളിങ് ആക്‌ഷനിൽ, പ്രത്യേകിച്ചും ഇടംകൈയുടെ കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തി. വേഗത്തിൽ പന്തെറിയാൻ സാധിക്കുമെന്ന ആത്മവിശ്വാസം അപ്പോഴുമെനിക്കുണ്ടായിരുന്നു’ – ഉമേഷ് യാദവ് പറഞ്ഞു. 

‘ഞാൻ കളിച്ചുവളർന്ന സ്ഥലത്ത് പേസ് ബോളർമാർ അധികമുണ്ടായിരുന്നില്ല. പക്ഷേ, മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ പന്തെറിയുകയെന്നതു ലക്ഷ്യമായി ഞാൻ മനസ്സിൽ കുറിച്ചു. അതിനായി കഠിനമായി പരിശ്രമിച്ചു. ഇപ്പോൾ ഏതു കളിയിലും എനിക്ക് പരമാവധി വേഗം നേടാൻ സാധിക്കും’ – യാദവിന്റെ വാക്കുകൾ.

നാളെ ഇംഗ്ലണ്ടിനെതിരായ അ‍ഞ്ച് െടസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ മൽസരത്തിന് ഇന്ത്യ എഡ്ജ്ബാസ്റ്റനിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ ബോളിങ്ങിന്റെ പ്രധാന പ്രതീക്ഷ ഈ മുപ്പതുകാരനിലാണ്. സ്ഥിരമായി 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന യാദവ്, കൂടുതൽ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ടീമിന്റെ ബോളിങ് ആക്രമണം നയിക്കുമെന്ന് ആരാധകർ സ്വപ്നം കാണുന്നു. മറ്റു പേസ് ബോളർമാരായ ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി എന്നിവരേക്കാൾ ആരാധകർ പ്രതീക്ഷ വയ്ക്കുന്നത് ഉമേഷിന്റെ വേഗതയാർന്ന പന്തുകളിലാണ്.

തീയിൽ കുരുത്തവൻ, ഉമേഷ്

തീർത്തും പ്രതികൂല സാഹചര്യങ്ങളിൽനിന്ന് പടപൊരുതി വളർന്നുവന്ന കായിക താരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട് നമ്മൾ. അവരിലൊരുവൻ തന്നെ ഉമേഷ് യാദവും. എങ്കിലും, അവരിലൊരുവനായോ ഇത്തരക്കാരായ ആയിരത്തിലൊരുവനായോ തള്ളിക്കളയേണ്ടതല്ല ആ ജീവിതം. കേട്ടു മനസ്സിലാക്കേണ്ടതാണ്. അതിലുപരി, കണ്ടു പഠിക്കേണ്ടതാണ്!

മഹാരാഷ്ട്രയിലെ നാഗ്പുരില്‍നിന്നാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ താരപ്പൊലിമയിലേക്കുള്ള ഉമേഷ് കുമാർ തിലക് യാദവ് എന്ന ഉമേഷ് യാദവിന്റെ വരവ്. കർഷക ആത്മഹത്യകളിലൂടെ കുപ്രസിദ്ധമായ വിദർഭ മേഖലയിലെ തീർത്തും ദരിദ്രപശ്ചാത്തലമുള്ള കുടുംബത്തിൽ 1987 ഒക്ടോബർ 25നായിരുന്നു ഉമേഷിന്റെ ജനനം.

കൽക്കരി ഖനിയിലെ തൊഴിലാളിയായിരുന്നു ഉമേഷ് യാദവിന്റെ പിതാവ്. കൽക്കരി ഖനി തൊഴിലാളികൾ കൂട്ടത്തോടെ അധിവസിച്ചിരുന്ന മേഖലയിലായിരുന്നു ഉമേഷ് യാദവിന്റെ വീടും. സാമ്പത്തിക പ്രയാസത്തെ തുടർന്ന് പന്ത്രണ്ടാം ക്ലാസ് വരെയേ അദ്ദേഹത്തിന് പഠിക്കാനായുള്ളൂ. തീർത്തും ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളായിരുന്നു ചുറ്റിലും.

എങ്കിലും തന്നെപ്പോലെ മകനും കൽക്കരി ഖനിയിൽ പണിയെടുക്കുന്നതിനോട് പിതാവിന് കടുത്ത എതിർപ്പായിരുന്നു. മകൻ സർക്കാർ ജോലി നേടണമെന്നായിരുന്നു അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹം. ഇതനുസരിച്ച് സൈന്യത്തിൽ കയറിപ്പറ്റാനായിരുന്നു ഉമേഷിന്റെ ആദ്യശ്രമം. എന്നാൽ ദയനീയമായി പരാജയപ്പെട്ടു. ഇതോടെ പൊലീസുകാരനാകാനായി ശ്രമം. ഇതിനായി ആത്മാർഥമായി ശ്രമിച്ചെങ്കിലും വിധി എതിരായി. ചെറിയ വ്യത്യാസത്തിൽ പൊലീസ് ടെസ്റ്റിലും പരാജയപ്പെട്ടു.

ക്രിക്കറ്റ് കളത്തിലേക്ക്

ഇതോടെ ഭാവി ജീവിതം തന്നെ ഇരുട്ടിലായതുപോലെ തോന്നി ഉമേഷിന്. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് സമീപത്തെ മൈതാനത്ത് മറ്റു കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു. ടെന്നിസ് ബോൾ പരമാവധി വേഗത്തിൽ എറിയുന്നതായിരുന്നു അന്നത്തെ പ്രധാന വിനോദം. വേഗതകൊണ്ട് ശ്രദ്ധ നേടിയതോടെ പ്രദേശിക ടീമുകളിൽ കളിക്കാൻ അവസരം ലഭിച്ചു. പ്രാദേശിക ടൂർണമെന്റുകളിൽ സ്വന്തം ടീം ജയിക്കുമ്പോഴും കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെടുമ്പോഴും ചെറിയ തുകകൾ സമ്മാനമായി ലഭിച്ചതോടെ അതൊരു വരുമാനമാർഗവുമായി.

ടെന്നിസ് ബോൾ ക്രിക്കറ്റിനേക്കാൾ കൂടുതൽ വരുമാനം കിട്ടുക ലെതർ ബോൾ ടൂർണമെന്റുകളിൽനിന്നാണെന്ന് മനസ്സിലായതോടെ ആ വഴിക്കായി ശ്രദ്ധ. ഇടയ്ക്ക് ഒരു കോളജ് ടീമിൽ കയറിപ്പറ്റാൻ ശ്രമിച്ചെങ്കിലും, പ്രമുഖ ക്ലബ്ബുകൾക്ക് കളിച്ച് പരിചയമില്ലാത്തത് വിനയായി.

അങ്ങനെയാണ് ഉമേഷ് യാദവ് വിദർഭ ജിംഖാന ടീമിന്റെ ഭാഗമാകുന്നത്. അവിടെവച്ച് ചില പ്രമുഖ ടീമുകളുമായി മൽസരിക്കാൻ അവസരം ലഭിച്ചു. സ്പൈക്കുകളൊന്നുമില്ലാത്ത ഷൂവുമായി കളിക്കാനിറങ്ങിയ ഉമേഷ് പലപ്പോഴും ബോളിങ്ങിലെ വേഗതകൊണ്ടും വിക്കറ്റ് നേട്ടങ്ങൾകൊണ്ടും ശ്രദ്ധ നേടിയതോടെ ഈ താരത്തെക്കുറിച്ചുള്ള വാർത്ത നാഗ്പുരിലെ ക്രിക്കറ്റ് വൃത്തങ്ങളിൽ പ്രചരിച്ചു. ഉമേഷ് യാദവ് വിദർഭ ക്രിക്കറ്റ് അസോസിയേഷൻ അധികൃതരുടെ ശ്രദ്ധയിൽ വന്നത് അങ്ങനെ.

വിദർഭ ടീമിൽ

വിദർഭ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചതാണ് ഉമേഷ് യാദവിന്റെ തലവര മാറ്റിയത്. 2007–08 സീസണിൽ പ്രീതം ഗാന്ധെയുടെ നായകത്വത്തിനു കീഴിൽ ഉമേഷ് വിദർഭ ടീമിന്റെ ഭാഗമായി. വേഗതകൊണ്ട് ബാറ്റ്സ്മാൻമാരെ വിറപ്പിക്കുമ്പോഴും കൃത്യതക്കുറവായിരുന്നു യാദവിന്റെ പ്രധാന പോരായ്. ഇതേക്കുറിച്ച് അന്നത്തെ വിദർഭ ടീം നായകനായിരുന്ന പ്രീതം ഗാന്ധെ പറഞ്ഞത്, ‘ഉമേഷ് യാദവ്’ മികച്ചൊരു ‘അസംസ്കൃത വസ്തു’വാണെന്നായിരുന്നു. നല്ല രീതിയിൽ രൂപപ്പെടുത്തിയെടുത്താൽ ബാറ്റ്സ്മാൻമാർക്ക് ഇത്രയേറെ തലവേദന തീർക്കുന്ന മറ്റൊരു ബോളർ ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും പ്രീതം പറയുന്നു.

പ്രമുഖ താരങ്ങൾ ഭാഗഭാക്കായൊരു ട്വന്റി20 ടൂർണമെന്റിൽ എയർ ഇന്ത്യ ടീമിൽ കളിക്കാനും ഗാന്ധെ തന്നെ ഉമേഷ് യാദവിന് അവസരമൊരുക്കി. പിന്നീട് 2008–09 സീസണിൽ മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ വിദർഭയ്ക്കായി കളിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. മധ്യപ്രദേശ് താരം ഹിമാലയ സാഗറിനെ ക്ലീൻ ബോൾഡാക്കിക്കൊണ്ടാണ് യാദവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയത്. ആദ്യ ഇന്നിങ്സിൽ മാത്രം ബോൾ ചെയ്ത യാദവ് 75 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

ആ സീസണിൽ വിദർഭയ്ക്കായി നാലു മൽസരങ്ങളിൽ യാദവ് കളത്തിലിറങ്ങി. 14.60 ശരാശരിയിൽ 20 വിക്കറ്റുകളാണ് അരങ്ങറ്റ സീസണിൽ നേടിയത്. 105 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച പ്രകടനം. ഇതേ സീസണിൽത്തന്നെ ഏകദിനത്തിലും യാദവ് അരങ്ങേറി.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അതേ വർഷത്തെ ദുലീപ് ട്രോഫിക്കുള്ള മധ്യമേഖലാ ടീമിൽ ഇടം നേടി. സാക്ഷാൽ രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ എന്നിവരുടെ വിക്കറ്റ് നേടി ദേശീയ ശ്രദ്ധയിലുമെത്തി. 2008ലെ ഐപിഎല്ലിൽ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസ് ടീമിലെടുത്തു. 2010 സീസണിലാണ് അരങ്ങേറ്റത്തിന്  അവസരം ലഭിച്ചത്. നേടാനായത് ആറു വിക്കറ്റുകൾ.

ഇന്ത്യൻ ടീമിലേക്ക്

2010 മേയിൽ പരുക്കേറ്റ പ്രവീൺ കുമാറിനു പകരം ലോകകപ്പ് ട്വന്റി20ക്കുള്ള ടീമിലേക്ക് വിളിയെത്തി. എന്നാൽ കളിക്കാൻ അവസരം ലഭിച്ചില്ല. ഇതിനു പിന്നാലെ ശ്രീലങ്കയും സിംബാബ്‌വെയും ഉൾപ്പെട്ട ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ഏകദിന ടീമിലേക്ക് വിളിയെത്തി. ടീമിലെ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കഴിവു തെളിയിച്ച താരങ്ങളെയാണ് സെലക്ടർമാർ ടൂർണമെന്റിന് അയച്ചത്.

ആതിഥേയരായ സിംബാബ്‍വെയ്ക്കെതിരെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. 2011 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റിലും 2012 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ട്വന്റി20യിലും അരങ്ങേറി.

ഇതുവരെ 73 ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഉമേഷ് യാദവ് 32.60 ശരാശരിയിൽ 105 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 31 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇക്കോണമി റേറ്റ് 5.97. ഇതുവരെ 37 ടെസ്റ്റുകൾ കളിച്ച് 103 വിക്കറ്റുകളും നേടി. 103 റൺസിന് ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് ട്വന്റി20 മൽസരങ്ങളിൽനിന്ന് എട്ടു വിക്കറ്റും നേടിയിട്ടുണ്ട്, ഉമേഷ്.

അടുത്തിടെ ഉമേഷ് യാദവ് വീണ്ടും വാർത്തകളിൽ ഇടം നേടി. പിതാവിന്റെ ചിലകാല സ്വപ്നമായിരുന്ന തന്റെ സർക്കാർ ജോലി യാഥാർഥ്യമാക്കിയതിലൂടെ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജരായാണ് ഉമേഷിന് ജോലി ലഭിച്ചത്.

related stories