ലണ്ടൻ∙ ഇംഗ്ലണ്ടിലെ ആഭ്യന്തര വനിതാ ക്രിക്കറ്റ് ടൂർണമെന്റായ കെഐഎ സൂപ്പർ ലീഗിൽ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യൻ ടീം നായിക ഹർമൻപ്രീത് കൗർ. സറെ സ്റ്റാർസിനെതിരായ മൽസരത്തിലൂടെ ലങ്കാഷയർ തണ്ടറിനായി അരങ്ങേറിയ ഹർമൻപ്രീത്, അവസാന ഓവറിൽ തുടർച്ചയായി ബൗണ്ടറിയും സിക്സും നേടിയാണ് ടീമിന് വിജയം സമ്മാനിച്ചത്. ഇതേ ലീഗിൽ 18 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി റെക്കോർഡിട്ട സ്മൃതി മന്ഥാനയ്ക്കു പിന്നാലെയാണ് ഹർമൻപ്രീതും വരവറിയിച്ചിരിക്കുന്നത്.
ആദ്യം ബാറ്റു ചെയ്ത സറെ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റിൽ നേടിയത് 148 റൺസ്. വെറും 17 റൺസിനിടെ ലിസെല്ലെ ലീ, ബ്രിയോനി സ്മിത്ത്, സാറാ ടെയ്‍ലർ എന്നിവരെ നഷ്ടമായതോടെ പതറിയ സറെയ്ക്ക്, 57 പന്തിൽ 95 റൺസോടെ പുറത്താകാതെ നിന്ന നതാലി സ്കിവറിന്റെ ഇന്നിങ്സാണ് തുണയായത്. ലങ്കാഷയറിനായി എമ്മ ലാംബ് 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കാഷയറിനായി ഓപ്പണർ നിക്കോൾ ബോൾട്ടൻ പുറത്തെടുത്തത് മിന്നും പ്രകടനം. 61 പന്തിൽ 87 റൺസുമായി ബോൾട്ടൻ കൂടാരം കയറിയെങ്കിലും കൗർ ചെറുത്തുനിന്നു. അവസാന ഓവറിൽ ലങ്കാഷയറിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 11 റൺസ്.
ആദ്യ പന്തിൽ കൗർ സിംഗൾ എടുത്തെങ്കിലും രണ്ടാം പന്തിൽ എലീനർ ത്രെൽകെൽഡ് റണ്ണൗട്ടായി. ഇതോടെ ജയിക്കാൻ വേണ്ടത് നാലു പന്തിൽ 10 റൺസ്. മൂന്നാം പന്തിൽ സിംഗിൾ നേടിയതോടെ കൗർ ക്രീസിൽ. നാലാം പന്ത് ബൗണ്ടറി കടത്തിയ കൗർ, അവസാന പന്തിൽ സിക്സ് കൂടി നേടിയതോടെ ഒരു പന്ത് ബാക്കിനിൽക്കെ ലങ്കാഷയർ വിജയത്തിലെത്തി.