ബർമിങ്ങാം ∙ ആടിയുലഞ്ഞ കപ്പലിൽ ഇളകാതെ ഒരാൾ മാത്രം– വിരാട് കോഹ്‌ലി. സാം കുറാനും ബെൻ സ്റ്റോക്ക്സും നട്ടും ബോൾട്ടുമിളക്കിയ ഇന്ത്യൻ ബാറ്റിങ് നിരയെ ക്യാപ്റ്റൻ ആണിക്കല്ലു പോലെ ഉറച്ചു നിന്നു കാത്തു. ഭാഗ്യം ധീരൻമാരെ തുണയ്ക്കും എന്നതു ശരിവച്ച് രണ്ടു തവണ പുറത്താകലിൽ നിന്ന് രക്ഷപ്പെടുകയും ചെയ്ത കോഹ്‌ലിയുടെ (149) ഉജ്വല സെഞ്ചുറിയുടെ പിൻബലത്തിൽ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 274 റൺസ് നേടി. 13 റൺസ് ലീഡുമായി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് 3.4 ഓവറിൽ ഒന്നിന് ഒൻപത് എന്ന നിലയിലാണ്. അലസ്റ്റയർ കുക്ക് അശ്വിന്റെ പന്തിൽ പൂജ്യനായി പുറത്തായി.
കോഹ്‌ലിയുടെ ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയാണിത്. കരിയറിൽ 22–ാമത്തേതും. 185 പന്തിൽ കോഹ്‌ലി 16 ഫോറുകളടിച്ചു. ഇംഗ്ലണ്ടിന്റെ 287 പിന്തുടർന്ന് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ധവാനും (26) വിജയും (20) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒരു മണിക്കൂറോളം ആൻഡേഴ്സണെയും ബ്രോഡിനെയും അവർ ചെറുത്തു നിന്നു. വിജയ് പന്ത് നന്നായി ലീവ് ചെയ്തു കളിച്ചപ്പോൾ ധവാൻ പന്ത് ഉയർത്തിയടിക്കാതെ കളിച്ചു. നന്നായി സ്ട്രൈക്കും കൈമാറിയ ഇരുവരും 70 പന്തിൽ ടീം സ്കോർ അർധ സെഞ്ചുറി കടത്തി.
എന്നാൽ ആദ്യ ബോളിങ് മാറ്റമായി കുറാൻ എത്തിയതോടെ കളി തിരിഞ്ഞു. 14–ാം ഓവറിൽ വിജയ് എൽബിയിൽ കുരുങ്ങിയത് അംപയർ അലീം ദർ അനുവദിച്ചില്ലെങ്കിലും ഇംഗ്ലണ്ട് ഡിആർഎസിനു പോയി– ഔട്ട്. പന്തിനെ സ്റ്റംപിലേക്കു വലിച്ചടിച്ച് അതേ ഓവറിൽ രാഹുലും (നാല്) മടങ്ങി. അടുത്ത വരവിൽ ധവാനെയും കുറാൻ തന്നെ മടക്കിയതോടെ ഇന്ത്യ മൂന്നിന് 59 എന്ന വിഷമസ്ഥിതിയിൽ.
വന്നയുടെ കോഹ്‌ലി ഗള്ളിയിലേക്കു കളിച്ച പന്തിനായി ജോസ് ബട്‌ലർ ഡൈവ് ചെയ്തെങ്കിലും കയ്യിലൊതുക്കാനായില്ല. മികച്ച ലെങ്തിൽ പന്തെറിഞ്ഞ ആൻഡേഴ്സൺ ആദ്യം വിഷമിപ്പിച്ചെങ്കിലും കോഹ്‌ലി പിടിച്ചു നിന്നു. 28–ാം ഓവറിൽ ഇന്ത്യ നൂറു കടന്നെങ്കിലും ഒട്ടും ആധികാരികമായിരുന്നില്ല കോഹ്‌ലി–രഹാനെ സഖ്യത്തിന്റെ ബാറ്റിങ്. ഒടുവിൽ സ്റ്റോക്ക്സിന്റെ സ്വിങ് മനസ്സിലാക്കാതെ ബാറ്റുവച്ച രഹാനെ (15) മൂന്നാം സ്ലിപ്പിൽ ജെന്നിങ്സിനു ക്യാച്ച് നൽകി. രണ്ട് ഓവറിനു ശേഷം സ്റ്റോക്ക്സിന്റെ മറ്റൊരു ഇൻസ്വിങറിൽ ദിനേശ് കാർത്തികിന്റെ സ്റ്റംപ് തെറിച്ചു.
ഹാർദികും വന്ന പോലെ മടങ്ങേണ്ടതായിരുന്നു. ഇത്തവണയും ഡിആർഎസ് ഇന്ത്യയ്ക്കു തുണയായി.ആറാം വിക്കറ്റിൽ ഹാർദികിനൊപ്പം (22) 48 റൺസ് നേടിയതോടെ കോഹ്‌ലിയുടെ ആത്മവിശ്വാസം കൂടി. അശ്വിൻ (15), ഇഷാന്ത് (അഞ്ച്) എന്നിവരുടെ ചെറിയ കൂട്ടിൽ സ്കോർ ഉയർത്തിയ കോഹ്‌ലി 65–ാം ഓവറിന്റെ നാലാം പന്തിൽ സ്റ്റോക്ക്സിന്റെ പന്ത് പോയിന്റ് ബൗണ്ടറിയിലേക്കു പായിച്ച് വിലപിടിപ്പുള്ള സെഞ്ചുറി തികച്ചു.
മാലയിൽ കൊരുത്തിയിട്ട വിവാഹമോതിരത്തിൽ ചുംബിച്ച് ആഹ്ലാദിച്ച കോഹ്‌ലി അടുത്ത പന്തും ബൗണ്ടറിയിലേക്കു പായിച്ച് ആഘോഷിച്ചു. അവസാന വിക്കറ്റിൽ കോഹ്‌ലിയും ഉമേഷ് യാദവും (ഒന്ന്) 57 റൺസ് നേടി. ഇംഗ്ലണ്ടിനായി കുറാൻ നാലും സ്റ്റോക്ക്സ്, ആൻഡേഴ്സൺ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി. വ്യക്തിഗത സ്കോർ 21ൽ കോഹ്‌ലിയെ ഡേവിഡ് മാലന്റെ പന്തിൽ രണ്ടാം സ്ലിപ്പിൽ ജയിംസ് ആൻഡേഴ്സൺ കൈവിട്ടു. അർധ സെഞ്ചുറി കടന്നയുടൻ അതേ പൊസിഷനിൽ മാലനും കോഹ്‌ലിക്കു ലൈഫ് നൽകി.
സ്കോർബോർഡ്
ഇംഗ്ലണ്ട്– ആദ്യ ഇന്നിങ്ങ്സിൽ 287നു പുറത്ത്
ഇന്ത്യ– വിജയ് എൽബിഡബ്ല്യു ബി കുറാൻ 20, ധവാൻ സി മലാൻ ബി കുറാൻ 26, രാഹുൽ ബി കുറാൻ 4, കോഹ്‌ലി സി ബ്രോഡ് ബി റാഷിദ് 149, രഹാനെ സി ജെന്നിങ്ങ്സ് ബി സ്റ്റോക്സ് 15, കാർത്തിക് ബി സ്റ്റോക്സ് 0, ഹാർദിക് എൽബിഡബ്ല്യു ബി കുറാൻ 22, അശ്വിൻ ബി ആൻഡേർസൻ 10, ഷമി സി മലാൻ ബി ആൻഡേർസൻ 2, ഇഷാന്ത് എൽബിസബ്ല്യു ബി റഷീദ് 5, ഉമേഷ് നോട്ടൗട്ട് 1. എക്സ്ട്രാസ് 20. ആകെ 76 ഓവറിൽ 274നു പുറത്ത്.
ബോളിങ്– ആൻഡേഴ്സൻ 22–7–41–2 ബ്രോഡ് 10–2–40–0, കുറാൻ 17–2–74–4, റഷീദ് 8–0–31–2, സ്റ്റോക്സ് 19–4–73–2.
വിക്കറ്റുവീഴ്ച– 1–50 (വിജയ്), 2–54 (രാഹുൽ), 3–59 (ധവാൻ), 4–100 (രഹാനെ), 5–100 (കാർത്തിക്), 6–148 (ഹാർദിക്), 7–169 (അശ്വിൻ), 8–182 (ഷമി), 9–217 (ഇഷാന്ത്), 10–274