ബർമിങ്ങം∙ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്ക് തുടക്കമാകുമ്പോൾ ഇന്ത്യയുടെ ആധിയത്രയും ബോളിങ് നിരയെ ചുറ്റിപ്പറ്റിയായിരുന്നു. ബാറ്റിങ് നിരയിലും പ്രശ്നങ്ങൾ ചില്ലറയല്ലെങ്കിലും സമകാലീന ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ബോളർമാരായ ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ എന്നിവരുടെ അഭാവത്തിൽ ബോളിങ് ഡിപ്പാർട്മെന്റ് തന്നെയായിരുന്നു കോഹ്‍ലിക്ക് തലവേദന. എന്നാൽ, ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ കോഹ്‍ലിക്ക് ആശ്വാസം പകർന്നിരിക്കുന്നു ബോളർമാർ. ആദ്യദിനം അവർ എറിഞ്ഞിട്ടത് ഒൻപത് ഇംഗ്ലിഷ് വിക്കറ്റുകൾ. അതു പത്തിലെത്തിക്കാനാകാതെ പോയത് നിർഭാഗ്യം കൊണ്ടും പിന്നെ, ഇന്ത്യൻ ഫീൽഡർമാരുടെ പിടിപ്പുകേടുകൊണ്ടും മാത്രം.
പേസ് ബോളിങ്ങിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഭുവിയും ബുംമ്രയും ടീമിലില്ലെങ്കിലും ഇത്ര നല്ലൊരു ബോളിങ് നിര ഇതിനു മുൻപ് ഇന്ത്യയ്ക്കു കിട്ടിയിട്ടില്ല എന്നതും ഓർക്കണം. ഷമിയും ഇഷാന്തും ഉമേഷും ഒന്നിനൊന്നു മികച്ചവർ. പരുക്കുമൂലം ബുമ്രയും ഭുവനേശ്വർ കുമാർ ഇല്ല എന്നതു മാത്രമാണ് ഇന്ത്യയ്ക്കുള്ള കുറവ്. സ്പിന്നർമാരായി ആരെ ടീമിലെടുക്കും എന്നതായിരുന്നു കോഹ്‌ലിയുടെ മറ്റൊരു ധർമസങ്കടം. പരിചയസമ്പന്നരായ അശ്വിനും രവീന്ദ്ര ജഡേജയും പുത്തൻ സെൻസേഷനായി കുൽദീപ് യാദവും മുന്നിൽ നിൽക്കുമ്പോൾ ആരെ തിരഞ്ഞെടുക്കും. എന്തായാലും കോഹ്‍ലി പരിചയസമ്പന്നനായ അശ്വിനൊപ്പം നിന്നു. ബാറ്റിങ്ങിലെ മികവും അശ്വിനു തുണയായിട്ടുണ്ടാകണം.
എന്തായാലും കളത്തിലിറങ്ങിയതോടെ ബോളിങ്ങിലെ ആധി ഒരു പരിധിവരെ മാറിക്കിട്ടി. എജ്ബാസ്റ്റനിലെ പേസ് വിക്കറ്റിൽ ഇന്ത്യൻ ബോളർമാർ ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ട് ബാറ്റിങ്ങ് നിരയ്ക്ക് അടിപതറി. ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും പേസ് മികവിനൊപ്പം രവിചന്ദ്രൻ അശ്വിന്റെ സ്പിൻ മികവും കൂടിയായപ്പോൾ, ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിന്റെ ആദ്യദിനം ആതിഥേയർ 88 ഓവറിൽ ഒൻപതിന് 285 എന്ന നിലയിലായി. ഇന്ത്യയ്ക്കായി അശ്വിൻ നാലും ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും ഒരോ വിക്കറ്റ് വീതമെടുത്തു.
തുടക്കത്തിൽ നന്നായി ബാറ്റു ചെയ്ത ഇംഗ്ലണ്ട് അവസാന സെഷനിൽ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു. നായകൻ ജോ റൂട്ട് (80), ജോണി ബെയർസ്റ്റോ (70) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറർമാർ. വാലറ്റത്ത് സാം കുറന്റെ ചെറുത്തു നിൽപ്പില്ലായിരുന്നെങ്കിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്ങ്സ് രണ്ടാം ദിവസത്തേക്കു നീളുമായിരുന്നില്ല. മാത്രമല്ല, ആദ്യദിനത്തിലെ അവസാന ഓവറിൽ കുറൻ നൽകിയ അവസരം ദിനേഷ് കാർത്തിക്കിനു മുതലെടുക്കാനുമായില്ല.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഉമേഷ് യാദവിന്റെയും ഇഷാന്ത് ശർമയുടെയും പന്തുകളെ ഇംഗ്ലിഷ് ഓപ്പണർമാർ ഫലപ്രദമായി പ്രതിരോധിച്ചതോടെ ഏഴാം ഓവറിൽത്തന്നെ അശ്വിനെ കൊണ്ടുവന്ന കോഹ്‍ലിയുടെ തീരുമാനമാണ് കളിയിൽ നിർണായകമായത്. കോഹ്‌ലിയുടെ തീരുമാനം നൂറു ശതമാനം ശരിവയ്ക്കും വിധം തന്റെ രണ്ടാം ഓവറിൽ ഉജ്ജ്വലമായ ഒരു പന്തിലൂടെ കുക്കിനെ മടക്കി അശ്വിൻ ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചു. മിഡിൽ സ്റ്റംപ് ലൈനിൽ കുത്തിത്തിരിഞ്ഞ ആശ്വിന്റെ പന്ത് ഇംഗ്ലണ്ടിന്റെ വിശ്വസ്ത ഓപ്പണറുടെ ഓഫ്സ്റ്റംപ് വീഴ്ത്തി.
പിന്നീട് ഇന്ത്യയ്ക്ക് തലവേദനയായത് പ്രധാനമായും ജെന്നിങ്സും റൂട്ടും ബെയർസ്റ്റോയും. നന്നായി ബാറ്റ് ചെയ്തിരുന്ന ജെന്നിങ്ങ്സിനെ മുഹമ്മദ് ഷമിയാണു മടക്കിയത്. ജെന്നിങ്ങ്സ് പ്രതിരോധിച്ച പന്ത് താരത്തിന്റെ ദേഹത്തിടിച്ച ശേഷം ബെയ്ൽസിൽ പതിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി റൂട്ട്–ബെയർസ്റ്റോ സഖ്യം വെല്ലുവിളിച്ചതോടെ ഇന്ത്യ പതറിയതാണ്. ഇവരെ വീഴ്ത്താൻ വഴികാണാതെ ബോളർമാർ വലഞ്ഞപ്പോൾ രക്ഷകനായി എത്തിയത് ക്യാപ്റ്റൻ കോഹ്‍ലിതന്നെ. റൂട്ടിനെ അസാധ്യമെന്നു തോന്നാവുന്ന ആംഗിളിൽനിന്ന് കോഹ്‍ലി നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങി. വിക്കറ്റ് നഷ്ടത്തിൽ ക്ഷുഭിതനായ റൂട്ട് ബാറ്റ് വലിച്ചെറിഞ്ഞാണു മടങ്ങിയത്.
ക്യാപ്റ്റൻ കാട്ടിക്കൊടുത്ത വിടവിലൂടെ ഇടിച്ചുകയറിയ ബോളർമാർ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പിടിച്ചുകെട്ടി. അവസാന അഞ്ചു വിക്കറ്റുകൾ 67 റൺസിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഒരേയൊരു വിക്കറ്റ് മാത്രം അവശേഷിക്കുന്ന ഇംഗ്ലണ്ട് ഇന്നിങ്സിന് രണ്ടാം ദിനം പരമാവധി വേഗത്തിൽ തിരശീലയിടാനാകും ഇന്ത്യൻ ശ്രമം.
ബോളർമാർ പ്രതീക്ഷ കാത്ത ആദ്യ ടെസ്റ്റിൽ ഇനി ബാറ്റ്സ്മാൻമാരുടെ ഊഴമാണ്. ഇംഗ്ലണ്ട് ബാറ്റിങ് നിര ചിതറിവീണ പിച്ചിൽ കോഹ്‍ലിയും സംഘവും പുറത്തെടുക്കുന്ന കളി പോലിരിക്കും ഈ മൽസരത്തിലും പരമ്പരയിലും ഇന്ത്യയുടെ സാധ്യത. പരിചയസമ്പന്നനായ ചേതേശ്വർ പൂജാരയെ ഫോമില്ലായ്മയുടെ പേരിൽ പുറത്തിരുത്താനുള്ള ‘റിസ്ക്’ കോഹ്‍ലി എടുത്തതിനെ സംശയത്തോടെ വീക്ഷിക്കുന്നവരുണ്ട്. പരിശീലന മൽസരത്തിലെ രണ്ട് ഇന്നിങ്സിലും പൂജ്യത്തിനു പുറത്തായിട്ടും തന്നിൽ വിശ്വാസമർപ്പിച്ച ക്യാപ്റ്റനെ ചീത്തവിളി കേൾപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ശിഖർ ധവാനുണ്ട്.
പൂജാരയ്ക്കു പകരം മൂന്നാം നമ്പറിൽ കളിക്കാൻ അവസരം ലഭിച്ച ലോകേഷ് രാഹുലിനും ഇന്നു സമ്മർദ്ദമേറും. ഇന്ത്യയുടെ സമീപകാല ടെസ്റ്റ് വിജയങ്ങളിൽ പലതിലും നെടുനായകത്വം വഹിച്ചിട്ടുള്ള പൂജാരയ്ക്കു പകരക്കാരനാകാൻ രാഹുലിനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. മുരളി വിജയ്, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ എന്നിവർ മാത്രമാണു വിദേശ സാഹചര്യങ്ങളിൽ സ്ഥിരമായി മികവു തെളിയിച്ചത്.
അതിൽത്തന്നെ, കോഹ്‍ലിക്ക് അഗ്നിപരീക്ഷയാണ് ഈ പരമ്പര. നാലു വർഷം മുൻപ് ഇംഗ്ലണ്ടിൽ പര്യടനത്തിനെത്തിയ അവസരത്തിൽ ഭുവനേശ്വർ കുമാറിനൊപ്പം പോലുമെത്താനാകാതെ ഉഴറുന്ന കോഹ്‍ലിയെ ക്രിക്കറ്റ് ലോകം കണ്ടതാണ്. കോഹ്‍ലിയുടെ കരിയറിൽ ഇത്രത്തോളം പേരുദോഷം കേൾപ്പിച്ച വേറൊരു പരമ്പരയുണ്ടാകില്ല. ഇംഗ്ലണ്ടു പോലെ കോഹ്‍ലിയെ ഇത്രത്തോളം വലച്ച മറ്റൊരു ദേശവും. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന ലേബൽ ഊട്ടിയുറപ്പിക്കാൻ കോഹ്‍ലിയും ഇന്നു കച്ചകെട്ടുമെന്ന് ഉറപ്പ്. ബോളർമാർ അവരുടെ റോൾ ഭംഗിയാക്കിയ ആദ്യ ടെസ്റ്റിൽ ബാറ്റൺ ഇനി ബാറ്റ്സ്മാൻമാർക്ക്. എന്താകുമെന്ന് കണ്ടറിയാം.