ബർമിങ്ങാം ∙ ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഒന്നാം മൽസരത്തിൽ എന്തും സംഭവിക്കാം. 194 റൺസ് വിജലക്ഷ്യവുമായിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 110 റൺസ് നേടിയതോടെ മൽസരം ഏതു ഭാഗത്തേക്കും തിരിയാമെന്ന അവസ്ഥയായി. രണ്ടു ദിവസത്തെ കളി ബാക്കിനിൽക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടത് 84 റൺസ് കൂടി. കൈവശമുള്ളത് അഞ്ച് വിക്കറ്റ്. അതിലേറെയും ബോളർമാർ. മറുവശത്ത് ഇംഗ്ലണ്ടിന് ജയം പിടിച്ചെടുക്കാൻ വേണ്ടത് അഞ്ചു വിക്കറ്റുകളും.
സ്കോർ: ഇംഗ്ലണ്ട് – 287 & 180, ഇന്ത്യ – 274, 5/110
കൂട്ടാളികൾ കാര്യമായ പോരാട്ടത്തിന് മുതിരാതെ മടങ്ങിയപ്പോഴും ഒരറ്റത്ത് ഉറച്ചുനിൽക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇതുവരെ 76 പന്തുകൾ നേരിട്ട കോഹ്‍ലി മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 43 റൺസെടുത്താണ് ക്രീസിൽ തുടരുന്നത്. 44 പന്തിൽ 18 റൺസ് നേടിയ ദിനേഷ് കാർത്തിക്കാണ് കോഹ്‍ലിക്ക് കൂട്ട്. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ഇതുവരെ 32 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്ത്യൻ ഇന്നിങ്സിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.
മുരളി വിജയ് (17 പന്തിൽ ആറ്), ശിഖർ ധവാൻ (24 പന്തിൽ 13) എന്നിവരെ പുറത്താക്കിയ സ്റ്റ്യുവാർട്ട് ബ്രോഡാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ തകർച്ചയ്ക്കു തുടക്കമിട്ടത്. പിന്നാലെ ലോകേഷ് രാഹുലിനെ (24 പന്തിൽ രണ്ടു ബൗണ്ടറികളോടെ 13) ബെൻ സ്റ്റോക്സും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ (16 പന്തിൽ രണ്ട്) സാം കുറാനും പുറത്താക്കി. സ്ഥാനക്കയറ്റം കിട്ടി ആറാമനായി ക്രീസിലെത്തിയ രവിചന്ദ്രൻ അശ്വിനാണ് അഞ്ചാമനായി പുറത്തായത്. 15 പന്തിൽ മൂന്നു ബൗണ്ടറിയുൾപ്പെടെ 13 റൺസെടുത്ത അശ്വിനെ ആൻഡേഴ്സനാണ് പുറത്താക്കിയത്. തുടർന്ന് ദിനേഷ് കാർത്തിക്കിനെ കൂട്ടുപിടിച്ച് കോഹ്‍ലി മൂന്നാം ദിനം കൂടുതൽ പരുക്കില്ലാതെ പൂര്‍ത്തിയാക്കി.
അഞ്ചു വിക്കറ്റുമായി ഇഷാന്ത്, അർധസെഞ്ചുറിയുമായി കുറാൻ
നേരത്തെ, ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ നടത്തിയ അഞ്ചു വിക്കറ്റ് പ്രകടനവും ഇംഗ്ലണ്ടിനായി ഇരുപതുകാരൻ താരം സാം കുറാൻ നേടിയ അർധ സെഞ്ചുറി പ്രകടനവും നിറം ചാർത്തിയ ഇന്നിങ്സിനൊടുവിലാണ് ഇന്ത്യയുടെ വിജയലക്ഷ്യം 194 ആയി നിശ്ചയിക്കപ്പെട്ടത്. 13 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുൾപ്പെടെ 22 റൺസ് ലീഡുമായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റൺസിന് പുറത്തായി. 21 ഓവറിൽ 51 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമയാണ് ഇന്ത്യൻ ബോളർമാരിൽ മികച്ചുനിന്നത്. ഇഷാന്തിന്റെ എട്ടാം അഞ്ചു വിക്കറ്റ് നേട്ടമാണിത്. രവിചന്ദ്രൻ അശ്വിൻ 21 ഓവറിൽ 59 റൺസ് വഴങ്ങി മൂന്നും ഉമേഷ് യാദവ് ഏഴ് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.
രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന സാം കുറാൻ ആദ്യ ടെസ്റ്റ് അർധസെഞ്ചുറിയുമായി ഇംഗ്ലണ്ട് നിരയിലും മാറ്റ് തെളിയിച്ചു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ കുറാൻ 65 പന്തിൽ ഒൻപതു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 63 റൺസെടുത്തു. ഈ ടെസ്റ്റിനു മുൻപ് 20 റൺസായിരുന്നു കുറാന്റെ ഉയർന്ന സ്കോർ. എജ്ബാസ്റ്റനിൽ ഒന്നാം ഇന്നിങ്സിൽ 24 റണ്‍സെടുത്ത കുറാൻ പത്താമനായാണ് പുറത്തായത്.
മികവുകാട്ടി ഇഷാന്ത്, അശ്വിൻ, യാദവ്; പിന്നെ കുറാനും
ഓപ്പണർമാരുൾപ്പെടെ മുൻനിരയിലെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി രവിചന്ദ്രൻ അശ്വിൻ തുടക്കമിട്ട വിക്കറ്റ് വേട്ട, ഇഷാന്ത് ശർമയിലൂടെ കടന്ന് ഉമേഷ് യാദവിൽ അവസാനിക്കുന്നതായിരുന്നു കളത്തിലെ കാഴ്ച. ആദ്യ മൂന്നു വിക്കറ്റുകൾ വീഴ്ത്തി അശ്വിൻ ഇംഗ്ലണ്ടിന്റെ മുൻനിര തകർത്തപ്പോൾ, അഞ്ചു വിക്കറ്റ് വീഴ്ത്തി ഇഷാന്ത് ശർമ ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. ഒടുവിൽ രണ്ടു വിക്കറ്റുമായി ഇന്നിങ്സ് ചുരുട്ടിക്കെട്ടാനുള്ള ഉത്തരവാദിത്തം ഉമേഷ് യാദവും ഏറ്റെടുത്തു.
എത്രയും വേഗം ഇംഗ്ലിഷ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനിറങ്ങിയ ഇന്ത്യയ്ക്ക് ജെന്നിങ്സിനെ മടക്കിയാണ് അശ്വിൻ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 18 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ എട്ടു റൺസെടുത്ത ജെന്നിങ്സിനെ അശ്വിൻ രാഹുലിന്റെ കൈകളിലെത്തിച്ചു. അതോടെ രണ്ടിന് 18 റൺസ് എന്ന നിലയിലായി ഇംഗ്ലണ്ട്. സ്കോർ 39ൽ എത്തിയപ്പോൾ ക്യാപ്റ്റൻ റൂട്ടിന്റെ അടിവേരിളക്കി അശ്വിൻ. 35 പന്തിൽ ഒരു ബൗണ്ടറി സഹിതം 14 റൺസെടുത്ത റൂട്ടിനെ ഇക്കുറിയും രാഹുലിന്റെ കൈകളിലെത്തിച്ചാണ് അശ്വിൻ ഇന്ത്യയ്ക്ക് ആശ്വാസം സമ്മാനിച്ചത്.
നാലാം വിക്കറ്റിൽ 31 റൺസ് കൂട്ടിച്ചേർത്ത ബെയർസ്റ്റോ–മാലൻ സഖ്യം പോരാട്ടം ഇന്ത്യൻ ക്യാംപിലേക്ക് നയിക്കുന്നതിനിടെ ഇഷാന്ത് ശർമ ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേൽപ്പിച്ചു. 64 പന്തിൽ രണ്ടു ബൗണ്ടറികളോടെ 20 റൺസെടുത്ത മാലൻ, ഇഷാന്തിന്റെ പന്തിൽ രഹാനെയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
തന്റെ അടുത്ത ഓവറിൽ ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് എന്നിവരെക്കൂടി മടക്കിയ ഇഷാന്ത് ശർമ, ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. 40 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 29 റൺസെടുത്ത ബെയർസ്റ്റോയെ ധവാന്റെ കൈകളിലെത്തിച്ച ശർമ, ഒരു പന്തിന്റെ ഇടവേളയ്ക്കുശേഷം ബെൻ സ്റ്റോക്സിനെ കോഹ്‍ലിയുടെ കൈകളിലെത്തിച്ചു. 13 പന്തിൽ ആറു റൺസായിരുന്നു സ്റ്റോക്സിന്റെ സമ്പാദ്യം. സ്റ്റോക്സ് പുറത്തായതിനു പിന്നാലെ ടീമുകൾ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു.
ആറു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇംഗ്ലണ്ടിന് മൽസരം പുനഃരാരംഭിച്ച് രണ്ടാം പന്തിൽത്തന്നെ ജോസ് ബട്‍ലറെയും നഷ്ടമായി. രണ്ടു പന്തിൽ ഒരു റണ്ണെടുത്ത ബട്‍ലറെ ഇഷാന്ത് വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചു. എട്ടാം വിക്കറ്റിൽ ഉറച്ചുനിന്ന സാം കുറാൻ–റാഷിദ് സഖ്യം ഇന്ത്യയെ ഇടയ്ക്ക് വെള്ളം കുടിപ്പിച്ചു. കൂട്ടുകെട്ട് പൊളിക്കാനാകാതെ ഉഴറിയ ഇന്ത്യയ്ക്ക് ഒടുവിൽ തുണയായത് ഉമേഷ് യാദവ്. 40 പന്തുകൾ നീണ്ട ആദിൽ റഷീദിന്റെ പ്രതിരോധം തകർത്ത് യാദവ് കുറ്റി തെറിപ്പിക്കുമ്പോൾ 16 റൺസായിരുന്നു സമ്പാദ്യം.
പിന്നാലെ സ്റ്റ്യുവാർട്ട് ബ്രോഡ് കളത്തിലെത്തിയതോടെ കുറാൻ ഗിയർ മാറ്റി. അശ്വിനെയും ഇഷാന്ത് ശർമയെയും സിക്സിന് പറത്തിയ കുറാൻ അർധസെഞ്ചുറി പിന്നിട്ടു. ഒൻപതാം വിക്കറ്റിൽ ബ്രോഡിനൊപ്പം കുറാൻ കൂട്ടിച്ചേർത്തത് 41 റൺസ്. 28 പന്തിൽ 11 റൺസെടുത്ത ബ്രോഡിനെ ഇഷാന്ത് ശർമ പുറത്താക്കിയതിനു പിന്നാലെ കുറാന്റെ പ്രതിരോധം ഉമേഷ് യാദവും അവസാനിപ്പിച്ചു. 65 പന്തിൽ ഒൻപതു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 63 റൺസെടുത്താണ് കുറാൻ പുറത്തായത്.