വിജയത്തിന് തൊട്ടടുത്ത്, എന്നാൽ വളരെ ദൂരെയും! ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ തോൽവിയേക്കുറിച്ച് മുൻ താരം ബിഷൻസിങ് ബേദി ട്വീറ്റ് ചെയ്ത വാക്കുകളിലുണ്ട്, ഇന്നത്തെ ഇന്ത്യൻ ടീമിന്റെ അവസ്ഥ. ഒന്നര ദിവസത്തിലേറെ കളി ബാക്കിനിൽക്കെ 31 റൺസിന് വഴങ്ങിയ തോൽവി അത്ര വലുതല്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും, പ്രകടനം കൊണ്ട് വിജയത്തിന് കാതങ്ങൾ അകലെയാണ് ടീം ഇന്ത്യ. ഏറെ പ്രതീക്ഷകളോടെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യ തോൽവിയോടെ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമിടുമ്പോൾ, വർഷങ്ങളായുള്ള ‘ചില ശീലങ്ങൾ’ ടീമിനെ വിട്ടുപോകുന്നില്ലല്ലോ എന്ന സങ്കടമാണ് ആരാധകർക്ക്.
മറുവശത്ത്, വിജയമധുരത്തോടെ ടെസ്റ്റിൽ ആയിരം മൽസരങ്ങൾ പൂർത്തിയാക്കിയതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ടുകാർ. ഇരുപതുകാരനായ സാം കറന്റെ അപ്രതീക്ഷിത താരോദയം സമ്മാനിച്ച വിജയത്തുടക്കവും അവരെ ആവേശഭരിതരാക്കുന്നു. കറന്റെ രണ്ടാമത്തെ മാത്രം ടെസ്റ്റ് മൽസരമാണ് ഇതെന്ന് പ്രത്യേകം ഓർക്കുക. ആദ്യ ഇന്നിങ്സിൽ നാലു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ഇന്നിങ്സിനെ നടുവൊടിച്ച കറൻ, രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് പ്രതിരോധം തീർത്തത് ബാറ്റുകൊണ്ടാണ്. ഏതാണ്ട് നൂറിന്റെ ചുറ്റുവട്ടത്തൊതുങ്ങേണ്ടിയിരുന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് സ്കോർ 180ൽ എത്തിച്ചതിന്റെ സമ്പൂർണ ക്രെഡിറ്റ് കറനാണ്. 65 പന്തിൽ 63 റൺസ് നേടിയ കറന്റെ ‘ഏകദിന ഇന്നിങ്സാ’ണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ജീവശ്വാസമായതും മൽസരത്തിൽ അവരുടെ സാധ്യത നിലനിർത്തിയതും.
എന്തായാലും ബർമിങ്ങാമിൽ ഇന്ത്യയ്ക്കെതിരെ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോർഡ് അവർ നിലനിർത്തിയിരിക്കുന്നു. ഇവിടെ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ആറാം ജയമാണിത്. ഇംഗ്ലിഷ് മണ്ണിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത് 31–ാം തവണയും. ലോക ക്രിക്കറ്റിലെ മിന്നും താരങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യ ജയിച്ചത് ആറു വട്ടം മാത്രമാണ്!
തോറ്റത് കോഹ്‍ലി!
എജ്ബാസ്റ്റൻ ടെസ്റ്റിൽ തോറ്റത് സത്യത്തിൽ വിരാട് കോഹ്‌ലിയാണ്. അതുപക്ഷേ, ഇംഗ്ലണ്ടിനു മുന്നിലല്ല, ഇന്ത്യൻ ബാറ്റ്സ്മാൻമാരെക്കൊണ്ട്! കോഹ്‌ലി കരയ്ക്കടുപ്പിച്ച ജയത്തെ അവർ കയർ അറുത്തു വിട്ടതോടെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യ തോൽവിയേറ്റു വാങ്ങിയത്. ക്യാപ്റ്റന്റെ വീരോചിതമായ ഇന്നിങ്സുകളെ വെറുതെയാക്കി ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഇംഗ്ലണ്ടിനു മുന്നിൽ ബാറ്റു വച്ചു വണങ്ങിയതോടെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ 31 റൺസിനാണ് തോറ്റത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിൽ കയറുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരായ ടീം ഇന്ത്യയുടെ പ്രകടനത്തെ ദയനീയം എന്നല്ലാതെ വിശേഷിപ്പിക്കാനാകുമോ? ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഇന്നിങ്സുകൾ മാറ്റിനിർത്തി ബാക്കിയുള്ളവരുടെ പ്രകടനത്തെ വിശകലനം ചെയ്താൽ മാത്രം മതി, ഇതു മനസ്സിലാക്കാൻ. ഈ മൽസരത്തിൽ രണ്ട് ഇന്നിങ്സിലുമായി ഇന്ത്യ ആകെ നേടിയത് 436 റൺസാണ്. ഇതിൽ കോഹ്‍ലി ഒറ്റയ്ക്ക് നേടിയത് 200 (149+51) റൺസ്. ബാക്കി 10 താരങ്ങൾ ചേർന്ന് രണ്ട് ഇന്നിങ്സിലുമായി നേടിയത് 236 റൺസും! കോഹ്‍ലിയേക്കാൾ വെറും 36 റൺസ് മാത്രം കൂടുതൽ!
പോരാട്ടം ആ ‘പഴയ കോഹ്‍ലി’യോടും
2014ലെ പരമ്പരയിൽ 10 ഇന്നിങ്സുകളിൽനിന്ന് 134 റൺസ് മാത്രം നേടിയ ‘ചരിത്ര’മാണ് ഇംഗ്ലണ്ട് മണ്ണിൽ കോഹ്‍ലിയെന്ന താരത്തെ ‘അടയാളപ്പെടുത്താൻ’ വിമർശകർ ബിംബമായി ഉപയോഗിച്ചിരുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് എജ്ബാസ്റ്റനിൽ തുടക്കമാകുമ്പോൾ കോഹ്‌ലിയുടെ പോരാട്ടം ആ ‘പഴയ കോഹ്‍ലി’യോടു കൂടിയായിരുന്നു. ഒന്നാം ടെസ്റ്റിൽ സഹതാരങ്ങൾ നിർദാക്ഷിണ്യം കൈവിട്ടിട്ടും പൊരുതി നേടിയ സെഞ്ചുറിയിലൂടെ ആ ക്ഷീണം കോഹ്‍ലി മറന്നു. 149 റൺസുമായി ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി, കോഹ്‍ലി.
തുണ നിൽക്കാൻ ആരുമില്ലാതിരുന്നിട്ടും സാം കുറാനും ബെൻ സ്റ്റോക്ക്സും നട്ടും ബോൾട്ടുമിളക്കിയ ഇന്ത്യൻ ബാറ്റിങ് നിരയെ ഒന്നാം ഇന്നിങ്സിൽ ക്യാപ്റ്റൻ ആണിക്കല്ലു പോലെ ഉറച്ചു നിന്നു കാക്കുന്ന കാഴ്ച, സമീപകാലത്തെ ഏറ്റവും സുന്ദരമായ ക്രിക്കറ്റ് ദൃശ്യങ്ങളിലൊന്നായിരുന്നു. 172 പന്തിൽ 14 ബൗണ്ടറികളോടെയാണ് കോഹ്‍ലി സെഞ്ചുറി പൂർത്തിയാക്കിയത്. ഇന്നിങ്സിലാകെ 225 പന്തുകൾ നേരിട്ട കോഹ്‍ലി, 22 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ നേടിയത് 149 റൺസ്. ഒന്നാം ഇന്നിങ്സിൽ മറ്റു താരങ്ങൾ ചേർന്ന് നേടിയത് വെറും 125 റൺസ് മാത്രം. ടെസ്റ്റ് കരിയറിൽ കോഹ്‍ലിയുടെ 22–ാം സെഞ്ചുറിയാണിത്. അതേസമയം, ഇംഗ്ലണ്ട് മണ്ണിൽ നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയും!
രണ്ടാം ഇന്നിങ്സിലും കാര്യങ്ങൾ അതേപടി തുടർന്നു. ഇക്കുറിയും ടോപ് സ്കോററായത് കോഹ്‍ലി തന്നെ. 194 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിര താരങ്ങളെ ഒന്നൊന്നായി നഷ്ടപ്പെട്ടപ്പോഴും ബാക്കിയായത് കോഹ്‍ലി മാത്രം. ആരാധകർ പ്രതീക്ഷ വച്ചതും കോഹ്‍ലിയിൽ മാത്രം. അർധസെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയ കോഹ്‍ലിയോടുള്ള ബഹുമാനം ആരാധകർ പ്രകടിപ്പിച്ചത് എഴുന്നേറ്റുനിന്ന് യാത്രയാക്കിയാണ്.
കോഹ്‍ലിയും ബാക്കി പത്തുപേരും!
ഇന്ത്യയ്ക്കായി കോഹ്‍ലി 200 റൺസ് നേടിയപ്പോൾ മറ്റുള്ള താരങ്ങൾ തീർത്തും നിരാശപ്പെടുത്തി. ഒന്നാം ഇന്നിങ്സിലെ കോഹ്‌ലിയുടെ സെഞ്ചുറി പ്രകടനം ടീമിനെ ഒന്നാകെ പ്രചോദിപ്പിക്കുമെന്ന് സാക്ഷാൽ ക്രിസ് ഗെയ്ൽ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ബാറ്റിങ് നിരയിൽ പ്രത്യേകിച്ച് മാറ്റമൊന്നും കണ്ടില്ലെന്നതാണ് വസ്തുത.
കോഹ്‍ലിക്കു പുറമെ രണ്ട് ഇന്നിങ്സിലുമായി 50 റൺസ് കണ്ടെത്തിയ ഏകതാരം ഹാർദിക് പാണ്ഡ്യയാണ്. ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിക്കേണ്ട മുരളി വിജയ് രണ്ടിന്നിങ്സിലുമായി നേടിയത് ആകെ 26 റൺസ്. സഹ ഓപ്പണർ ശിഖർ ധവാന്റെ സമ്പാദ്യം 39, വിദേശ പിച്ചുകളിൽ ഇന്ത്യ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന രഹാനെയ്ക്ക് നേടാനായത് വെറും 17 റൺസ്. ചേതേശ്വർ പൂജാരയെന്ന വിലയേറിയ ‘വിക്കറ്റി’ന്റെ സ്ഥാനത്തെത്തിയ ലോകേഷ് രാഹുൽ നേടിയതും ആകെ 17 റൺസ്!
ഇന്ത്യൻ താരങ്ങൾ രണ്ട് ഇന്നിങ്സിലുമായി നേടിയ സ്കോറുകൾ നോക്കുക.
മുരളി വിജയ് – 20 + 6 = 26
ശിഖർ ധവാൻ – 26 + 13 = 39
കെ.എൽ. രാഹുൽ - 4 + 13 = 17
അജിങ്ക്യ രഹാനെ - 15 + 2 = 17
ദിനേഷ് കാർത്തിക് - 0 + 20 = 20
ഹാർദിക് പാണ്ഡ്യ - 22 + 31= 53
ആർ.അശ്വിൻ - 10 + 13= 23
മുഹമ്മദ് ഷാമി - 2 + 0= 2
ഇഷാന്ത് ശർമ - 5 + 11= 16
ഉമേഷ് യാദവ് - 1 + 0= 1
ഈ കണക്കുകളിലുണ്ട് ഇന്ത്യയുടെ തോൽവിയുടെ കാരണങ്ങൾ. ചെറിയ വ്യത്യാസത്തിനാണ് ടീം മൽസരം കൈവിട്ടതെന്ന് പറയുമ്പോഴും ഈ ടീം വിജയത്തിൽനിന്ന് കാതങ്ങൾ അകലെയാണെന്ന് ബിഷൻസിങ് ബേദിയെക്കൊണ്ട് പറയിച്ചത് ഈ കണക്കുകള്‍ തന്നെയാണെന്ന് നൂറുവട്ടം.
പൂജാരയും കുൽദീപും വന്നാൽ തീരുമോ പ്രശ്നം?
ആദ്യ ടെസ്റ്റ് ഒന്നര ദിവസം മുൻപേ അവസാനിച്ചതോടെ ഇനി ‘പോസ്റ്റ് മോർട്ട’ത്തിന്റെ സമയമാണ്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിന്റെ ഒരുക്കം മുതൽ ആദ്യ ടെസ്റ്റിലെ ടീം തിരഞ്ഞെടുപ്പും താരങ്ങളുടെ കളത്തിലെ പ്രകടനവുമെല്ലാം ഇനി ഇഴകീറി പരിശോധിക്കപ്പെടും. അതിൽ ഏറ്റവും കൂടുതൽ കേൾക്കാൻ പോകുന്ന വിമർശനങ്ങളിലൊന്ന് ചേതേശ്വർ പൂജാരയെ പുറത്തിരുത്താനുള്ള തീരുമാനം തന്നെയാകും. ഒപ്പം കുൽദീപിന് അവസരം നൽകാതെ പോയതും ചർച്ചയായേക്കും. പ്രത്യേകിച്ചും ഇന്ത്യൻ ബോളർമാരിൽ ഏറ്റവും തിളങ്ങിയത് സ്പിന്നർ രവിചന്ദ്രൻ അശ്വിനാണെന്നതുകൂടി കണക്കിലെടുക്കുമ്പോൾ.
പൂജാരയെ പുറത്തിരുത്താനുള്ള ഒരേയൊരു കാരണം താരത്തിന്റെ ഫോമില്ലായ്മയായിരുന്നു. എങ്കിലും ടെസ്റ്റ് മൽസരങ്ങളിൽ പൂജാരയെപ്പോലുള്ളൊരു താരത്തെ പുറത്തിരുത്താനുള്ള തീരുമാനം എപ്പോഴും ‘ഹൈലി റിസ്കി’ തന്നെ. പകരക്കാരനായെത്തിയ രാഹുൽ തീർത്തും നിരാശപ്പെടുത്തുക കൂടി ചെയ്തതോടെ പൂജാരയെ പുറത്തിരുത്താനുള്ള തീരുമാനം ‘പാളി’ എന്നുതന്നെ പറയേണ്ടിവരും.
സാങ്കേതികത്തികവിന്റെ കാര്യത്തിൽ സാക്ഷാൽ കോഹ്‍ലിയെപ്പോലും വെല്ലുന്ന പൂജാരയ്ക്ക് ഇംഗ്ലണ്ട് പേസർമാരുടെ മിന്നലാക്രമണങ്ങളെ കൂടുതൽ സമയം പ്രതിരോധിക്കാനെങ്കിലുമായേനെ. ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ പൂജാരയുടെ സാന്നിധ്യം സഹായകമാകുമായിരുന്നു എന്നും ഉറപ്പ്. 194 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്തപ്പോഴും ഇന്ത്യയ്ക്ക് പൂജാരയുടെ സേവനം ഉപകാരപ്പെടുമായിരുന്നു.
അശ്വിനു പകരം സ്പിന്നർ സ്ഥാനത്തേക്ക് പറഞ്ഞുകേട്ട കുൽദീപ് യാദവിന്റെ പേരും ഇനി ടീം തിരഞ്ഞെടുപ്പ് ചർച്ചകളിൽ വരും. അശ്വിൻ മികച്ച പ്രകടനം കാഴ്ചവച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് പകരക്കാരനായല്ലെങ്കിലും മൂന്നു പേസ് ബോളർമാരിൽ ആർക്കെങ്കിലും പകരം കുൽദീപിന്റെ പേര് ഉയർന്നു വന്നുകൂടായ്കയില്ല. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഈ മാസം ഒൻപതിന് ലോർഡ്സിൽ തുടക്കമാകുമ്പോഴേക്കും, പരിഹരിക്കാൻ പ്രശ്നങ്ങളേറെയുണ്ടെന്ന് ചുരുക്കം.