ലണ്ടൻ∙ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗം ബെൻ സ്റ്റോക്സ് തന്നെ വധിക്കാൻ ശ്രമിച്ചെന്ന് കോടതിയിൽ എതിർകക്ഷിയുടെ മൊഴി. റയാൻ അലി, റയാൻ ഹെയ്‌ൽ എന്നിവരെ കഴിഞ്ഞ സെപ്റ്റംബർ 25ന് ബ്രിസ്റ്റോൾ സിറ്റിയിൽവച്ച് സ്റ്റോക്സ് മർദിച്ച് അവശനാക്കി എന്ന പരാതിയിലെ വാദത്തിനിടെയാണ് സ്റ്റോക്സിനെതിരെ എതിർകക്ഷി റയാൻ ഹെയ്‌ൽ മൊഴി നൽകിയത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകേണ്ടിവന്നതിനെ തുടർന്ന് സ്റ്റോക്സിന് ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മൽസരവും നഷ്ടമായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കോടതി 28 കാരനായ ഹെയ്‌ൽസ് കുറ്റക്കാരനല്ലെന്നു വിധിച്ചു. ‘ഞാൻ ഒരു അച്ഛനാണ്, സ്റ്റോക്സ് എന്നെ കൊല്ലും എന്നാണു ഞാൻ കരുതിയത്. ഞാൻ അവശനായിട്ടും സ്റ്റോക്സ് മർദനം നിർത്താൻ കൂട്ടാക്കിയില്ല’, മുൻ പട്ടാളക്കാരൻ കൂടിയായ ഹെയ്‌ൽസിന്റെ വാക്കുകൾ. എന്നാൽ എതിർകക്ഷികൾ അനാവശ്യമായി രണ്ടു യുവാക്കളെ കളിയാക്കിയതു ചോദ്യം ചെയ്യുക മാതമാണു താൻ ചെയ്തതെന്നു കോടതിയിൽ മൊഴി നൽകിയ സ്റ്റോക്സ്, താൻ അലിയെ കയ്യേറ്റം ചെയ്തതായി സമ്മതിച്ചു. അലിക്കും സ്റ്റോക്സിനും എതിരായ കേസ് തുടരും.