Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ബെയർസ്റ്റോയെക്കൊണ്ടു കോഹ്‍ലി ‘തോറ്റു’

kohli-bairstow വിരാട് കോഹ്‍ലി, ജോണി‍ ബെയർസ്റ്റോ

ലണ്ടൻ∙ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിലും തോറ്റതോടെ വിരാട് കോഹ്‌ലിയെന്ന ക്യാപ്റ്റനു കീഴിൽ സമാനതകളധികമില്ലാത്ത തോൽവി പരമ്പരയുടെ ആഘാതത്തിലാണ് ടീം ഇന്ത്യ. ബാറ്റിങ്ങിലെ തകർച്ചയും ബോളിങ്ങിലെ മൂർച്ചക്കുറവും തുടർച്ചയായ രണ്ടാം മൽസരത്തിലും ടീമിനെ തോൽവിയിലേക്ക് ആനയിക്കുമ്പോൾ, ഇംഗ്ലണ്ട് ടീം ആവേശത്തിലാണ്. ഒന്നാം ഇന്നിങ്സിൽ കൂട്ടച്ചതകർച്ച നേരിട്ടിട്ടും തിരിച്ചടിച്ചു നേടിയ ഈ വിജയം അവർക്കു മധുരതരമാകാതെ പോകുന്നതെങ്ങനെ?

ഒന്നാം ഇന്നിങ്സിൽ വെറും 107 റൺസിന് പുറത്തായെങ്കിലും ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകൾ 131 റൺസിനിടെ പിഴുത് പ്രതീക്ഷ കാത്തതാണ് ഇന്ത്യ. അപ്പോഴാണ് പ്രതിരോധക്കോട്ട കെട്ടി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയുടെ വരവ്. കൂട്ടിന് ക്രിസ് വോക്സ് കൂടിയെത്തിയതോടെ മൽസരത്തിൽ ഇംഗ്ലണ്ട് പൂർണമായും പിടിമുറുക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ തിരിച്ചടിക്കു നേതൃത്വം നൽകി ഇന്ത്യയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ ജോണി ബെയർസ്റ്റോ അതിനിടെ മറ്റൊരു നാഴികക്കല്ലും പിന്നിട്ടു. ഈ കലണ്ടർ വർഷത്തിൽ ഇതുവരെ മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മാറിയിരിക്കുകയാണ് ബെയർസ്റ്റോ. അതിന് അദ്ദേഹം പിന്നിലാക്കിയത് സാക്ഷാൽ വിരാട് കോഹ്‍ലിയെയും!

bairstow-tops

2018ൽ ഇതുവരെ ബെയർസ്റ്റോയുടെ സമ്പാദ്യം 1482 റൺസാണ്. ലോർഡ്സ് ടെസ്റ്റ് ആരംഭിക്കുന്നതിനു മുൻപ് ഈ പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍‍ലിയുടെ പേരിലുള്ളത് 1434 റൺസാണ്. ഒന്നാം ഇന്നിങ്സു കഴിഞ്ഞപ്പോൾ ഇന്ത്യൻ ക്യാപ്റ്റനെ പിന്നിലാക്കാൻ വെറും 15 റൺസ് മാത്രം മതിയായിരുന്ന ബെയർസ്റ്റോ, 93 റൺസെടുത്താണ് പുറത്തായത്. ഇതോടെ കോഹ്‍ലിയേക്കാൾ 78 റൺസ് മുന്നിലെത്തി ബെയർസ്റ്റോ. കോഹ്‍ലി രണ്ടാം ഇന്നിങ്സിൽ 29 റൺസെടുത്തതോടെ ഈ വ്യത്യാസം 49 റൺസായി കുറയുകയും ചെയ്തു.

144 പന്തിൽ 12 ബൗണ്ടറികളോടെ 93 റൺസെടുത്ത ബെയർസ്റ്റോയെ ഹാർദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. അർഹമായ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ബെയർസ്റ്റോ പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിനു ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി 149, 51 എന്നിങ്ങനെ സ്കോർ ചെയ്ത കോഹ്‍ലി, ലോർഡ്സിലെ ഒന്നാം ഇന്നിങ്സിൽ 23 റൺസിന് പുറത്തായിരുന്നു.

2018ൽ മൂന്നു ഫോർമാറ്റിലുമായി രാജ്യാന്തര തലത്തിൽ കോഹ്‍ലി ഇതുവരെ കളിച്ചത് 21 മൽസരങ്ങളാണ്. ഇത്രയും മൽസരങ്ങളിൽനിന്ന് 66.85 റൺസ് ശരാശരിയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ 1404 റൺസ് നേടിയത്. അതേസമയം, ബെയർസറ്റോ ഈ വർഷം ഇതുവരെ കളിച്ചത് 30 മൽസരങ്ങളാണ്. 43.58 റൺസ് ശരാശരിയിൽ നേടിയത് 1482 റൺസും.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടാണ് ഈ പട്ടികയിൽ മൂന്നാമതുള്ളത്. 50.25 റൺസ് ശരാശരിയിൽ 1357 റൺസാണ് റൂട്ടിന്റെ സമ്പാദ്യം. ഇതിൽ മൂന്നു സെഞ്ചുറികളും 10 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. പാക്കിസ്ഥാന്റെ ഫഖർ സമാൻ 65.61 റൺസ് ശരാശരിയിൽ 1118 റൺസുമായി നാലാമതുണ്ട്. രണ്ടു സെഞ്ചുറിയും എട്ട് അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. 24 മൽസരങ്ങളിൽനിന്ന് രണ്ടു സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഉൾപ്പെടെ 42.20 റൺസ് ശരാശരിയിൽ 1055 റൺസെടുത്ത ശിഖർ ധവാനാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യക്കാരൻ. ആറാം സ്ഥാനത്താണ് ധവാൻ. ആദ്യ പത്തിൽ മറ്റ് ഇന്ത്യക്കാർ ആരുമില്ല.

ടെസ്റ്റ്

ബെയർസ്റ്റോ: ഏഴു മൽസരങ്ങളിൽനിന്ന് 445 റൺസ്

കോഹ്‍ലി: അഞ്ചു മൽസരങ്ങളിൽനിന്ന് 538 റൺസ്

ഏകദിനം

ബെയർസ്റ്റോ: 19 മൽസരങ്ങളിൽനിന്ന് 970 റൺസ്

കോഹ്‍ലി: ഒൻപത് മൽസരങ്ങളിൽനിന്ന് 749 റൺസ്

ട്വന്റി20

ബെയർസ്റ്റോ: നാലു മൽസരങ്ങളിൽനിന്ന് 67 റൺസ്

കോഹ്‍ലി: ഏഴു മൽസരങ്ങളിൽനിന്ന് 146 റൺസ്

related stories