Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോസും കാലാവസ്ഥയുമല്ല, കളി തന്നെയാണ് പ്രശ്നം: കോഹ്‍ലി

kohli-lords ലോർഡ്സിലെ പവലിയനിൽ പരിശീലകൻ രവി ശസ്ത്രിക്കും മറ്റ് കോച്ചിങ് സ്റ്റാഫിനുമൊപ്പം കോഹ്‍ലി.

ലണ്ടൻ∙ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ തുടർച്ചയായി പരാജയപ്പെടുന്നതിനു കാരണം സാങ്കേതിക പിഴവുകളല്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. മാനസികമായി കരുത്തില്ലാതെ പോകുന്നതാണ് ബാറ്റ്സ്മാൻമാരുടെ തുടർപിഴവുകൾക്ക് കാരണമെന്ന് കോഹ്‌ലി അഭിപ്രായപ്പെട്ടു. തലയിൽ അധികം ഭാരം കയറ്റിവയ്ക്കാതെ കാര്യങ്ങളെ ലളിതമായി കാണാനും സമീപിക്കാനുമായാൽ ഇന്ത്യയ്ക്ക് പരമ്പരയിൽ തിരിച്ചുവരാനാകുമെന്നും കോഹ്‍ലി വിശ്വാസം പ്രകടിപ്പിച്ചു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 159 റൺസിനും തോറ്റ ഇന്ത്യ പരമ്പരയിൽ 2–0ന് പിന്നിലാണ്. അ‍ഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മൽസരം ഈ മാസം 18ന് ആരംഭിക്കാനിരിക്കെയാണ്, മാനസികമായി കരുത്തു കാട്ടാനായില്ലെങ്കിൽ തിരിച്ചുവരവ് സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന ക്യാപ്റ്റന്റെ മുന്നറിയിപ്പ്.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കോഹ്‍ലിയുടെ ഒറ്റയാൾ പോരാട്ടം ഇന്ത്യയ്ക്ക് കരുത്തായെങ്കിലും മറ്റു ബാറ്റ്സ്മാൻ തീർത്തും നിരാശപ്പെടുത്തിയതോടെ ഇന്ത്യ മൽസരം കൈവിട്ടിരുന്നു. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ കോഹ്‍ലിക്കും തിളങ്ങാനാകാതെ പോയതോടെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഒന്നാം ഇന്നിങ്സിൽ 107 റൺസിനും രണ്ടാം ഇന്നിങ്സിൽ 130 റൺസിനും പുറത്തായ ഇന്ത്യ, ഇന്നിങ്സിനും 159 റൺസിനുമാണ് തോറ്റത്. മൽസരത്തിനുശേഷം സംസാരിക്കുമ്പോഴാണ് ഇന്ത്യൻ താരങ്ങളുടെ പ്രശ്നം സാങ്കേതികമല്ലെന്ന ക്യാപ്റ്റന്റെ പരാമർശം.

∙ പ്രശ്നം സാങ്കേതികമല്ല

സാങ്കേതികമായ പ്രശ്നങ്ങളൊന്നും ‍ഞാൻ കാണുന്നില്ല. തലയിൽ അധികം ഭാരമൊന്നും കയറ്റിവയ്ക്കാതെ, സ്വന്തം പദ്ധതികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുമായി കളിക്കാനായാൽ നമ്മുടെ പ്രശ്നങ്ങൾ തീരുമെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ വരുമ്പോൾ പന്തുകൾ വ്യക്തമായി കാണാനും വേണ്ടരീതിയിൽ പ്രതിരോധിക്കാനും സാധിക്കും.

തലയിൽ ആവശ്യത്തിലധികം കാര്യങ്ങൾ കയറിക്കഴിഞ്ഞാൽ നമുക്കു പിന്നെ ഒന്നും വ്യക്തമാകില്ല. അടുത്ത പന്ത് ഇങ്ങനെ വരും, അങ്ങനെ വരും എന്നെല്ലാം തോന്നും. ഇങ്ങനെ അമിത ഭാരം കയറ്റിവച്ചിട്ട് കാര്യമില്ല. പറയുന്നത് ക്ലീഷേയാണെങ്കിലും, കളിയെ ഏറ്റവും ലളിതമായി കാണുകയാണ് വേണ്ടത്. ഇവിടെ വന്നിട്ട് സാഹചര്യങ്ങൾ അനുകൂലമല്ലെന്ന് പരാതിപ്പെട്ടിട്ട് കാര്യമില്ല. നമ്മുടെ തയാറെടുപ്പുകൾ മോശമെങ്കിൽ എല്ലാം മോശമായിരിക്കും – കോഹ്‌ലി പറഞ്ഞു.

∙ സാഹചര്യം നല്ലതും മോശവുമാക്കുന്നത് നമ്മൾ

ലോകത്ത് ഏതു സാഹചര്യത്തിൽ കളിച്ചാലും നമുക്കത് മോശമോ നല്ലതോ ആക്കിയെടുക്കാം. മാനസികമായി നാം വേണ്ടത്ര സജ്ജരല്ലെങ്കിൽ അപകടകാരിയല്ലാത്ത പന്തിനുപോലും വലിയ നാശം വിതയ്ക്കാൻ സാധിക്കും. നാം ബാറ്റു ചെയ്ത സാഹചര്യങ്ങളെ കുറ്റപ്പെടുത്തുന്ന ചിലരുണ്ട്. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യം വന്നപ്പോൾ നാം ബോൾ ചെയ്യുകയായിരുന്നുവെന്നും വീണ്ടും അന്തരീക്ഷം മേഘാവൃതമായപ്പോൾ നമ്മൾ ബാറ്റുചെയ്യേണ്ടി വന്നുവെന്നുമൊക്കെ പറയുന്നവർ. ഇങ്ങനെയൊക്കെ ആലോചിച്ചിരുന്നാൽ ഭാവിയിലേക്ക് പദ്ധതികൾ തയാറാക്കി മുന്നേറാൻ ടീമിന് സാധിക്കില്ല.

സംഭവിച്ചുകഴി‍ഞ്ഞ കാര്യങ്ങളെക്കുറിച്ചും, അത് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്നും ആലോചിച്ചിട്ട് ഒന്നും നേടാനില്ല. കഴിഞ്ഞ മൽസരങ്ങളിൽ വരുത്തിയ പിഴവുകൾ കണ്ടെത്തി അതു പരിഹരിച്ചു മുന്നോട്ടുപോകാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. നല്ലൊരു കായികതാരത്തിനു മുന്നിലുള്ള ഏറ്റവും മികച്ച വഴിയും അതുതന്നെ.

∙ കുറ്റം ടോസിന്റേതല്ല, കാലാവസ്ഥയുടേതും

കാലവസ്ഥയെയോ ടോസിനെയോ നിയന്ത്രിക്കാൻ നമുക്കു കഴിയില്ല. ഈ മൽസരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ നമുക്കു സാധിച്ചില്ലെന്നതാണ് സത്യം. തുടക്കത്തിൽ നാം മികച്ച രീതിയിൽ ബോൾ ചെയ്തെങ്കിലും പിന്നീട് പിന്നോക്കം പോയി. ഫീൽഡർമാർക്ക് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും നാം കാര്യമായി മെച്ചപ്പെട്ടേ പറ്റൂ.

ബാറ്റിങ് മോശമായതിന് ഓപ്പണർമാരെയോ മധ്യനിരയെയോ തിരഞ്ഞുപിടിച്ചു കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരു ബാറ്റിങ് യൂണിറ്റെന്ന നിലയിൽ നമുക്കു വേണ്ടത്ര മികവു കാട്ടാനായില്ല. പരാജയത്തിന് ഒരാളെ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുക വളരെ ബുദ്ധിമുട്ടാണ്. അടുത്ത കളിയിൽ ടീമിന് എന്തെങ്കിലും സാധ്യത വേണമെങ്കിൽ നാമെല്ലാവരും പ്രകടനം മെച്ചപ്പെടുത്തിയേ തീരൂ. ടീമിന്റെ പ്രകടനം മെച്ചപ്പെട്ടാൽ വിജയം താനേ വരും.

∙ ഒരാളിൽ കേന്ദ്രീകൃതമല്ല, ടീം

ഇന്ത്യൻ ടീം ഒരാളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതായി കരുതാനാവില്ല. ഇതൊരു ടീം ഗെയിമാണ്. കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിലൂടെ ആരും മറ്റൊരാളെ സഹായിക്കുകയല്ല. ഏൽപ്പിക്കുന്ന ജോലി നന്നായി ചെയ്യുക എന്നതു മാത്രമാണ് പ്രധാനം.

അടുത്ത മൽസരത്തിന് ഇറങ്ങുമ്പോൾ ഈ കളിയിൽ പുറത്തെടുത്തതിനേക്കാൾ മികച്ച പ്രകടനം നടത്താൻ നമുക്കാകണം. ഇക്കാര്യം ഞാൻ തന്നെ തുറന്നുസമ്മതിക്കുന്നു. കാരണം, തെറ്റ് അംഗീകരിച്ചാൽ മാത്രമേ ആവർത്തിക്കാതെ നോക്കാനാകൂ. കഴിഞ്ഞ അഞ്ചു ടെസ്റ്റുകൾ പരിശോധിച്ചാൽ നമ്മൾ ഇത്രയും നിരാശപ്പെടുത്തിയ മറ്റൊരു മൽസരമില്ല.

∙ ബാറ്റിങ്ങും ബോളിങ്ങും ഒരുമിച്ചു മെച്ചപ്പെടണം

ബോളർമാർ രണ്ട് ഇന്നിങ്സിലുമായി 20 വിക്കറ്റ് നേടുന്നതിനെക്കുറിച്ച് ചിന്തിച്ചേ മതിയാകൂ. ബാറ്റ്സ്മാൻമാർ മികച്ച ടോട്ടൽ പടുത്തുയർത്തുന്നതിനെക്കുറിച്ചും. ഈ രണ്ടു ഗുണങ്ങളും നമ്മുടെ പ്രകടനങ്ങളിൽ ഒരുമിച്ചു വരുന്നില്ല എന്നതാണ് തോൽവിക്കു കാരണം. ഭാഗ്യത്തിൽ മാത്രം പ്രതീക്ഷയർപ്പിച്ച് നമുക്കു കാത്തിരിക്കാനാവില്ല. പ്രകടനം മെച്ചപ്പെടുത്തിയേ തീരൂ. ടീമെന്ന നിലയിൽ ഒരുമിച്ചു പോരാടാൻ നമുക്കാകണം.

related stories