Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോൽവിക്ക് ഉത്തരവാദി പരിശീലകൻ: ശാസ്ത്രിയുടെ ‘തള്ളുകളെ’ പരിഹസിച്ച് ഹർഭജൻ

shastri-harbhajan രവി ശാസ്ത്രി, ഹർഭജൻ സിങ്

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും ഇന്ത്യ തോൽവി വഴങ്ങിയതിനു പിന്നാലെ, പരിശീലകൻ രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. ലോർഡ്സ് ടെസ്റ്റിലെ തോൽവിക്ക് സമ്പൂർണ ഉത്തരവാദിത്തം രവി ശാസ്ത്രിക്കാണെന്ന് പറഞ്ഞ ഹർഭജൻ, തോൽവിയെക്കുറിച്ച് പ്രതികരിക്കാൻ ശാസ്ത്രി തയാറാകണമെന്നും ആവശ്യപ്പെട്ടു.

‘ഉടന്‍തന്നെ എല്ലാവർക്കും മുന്നിൽവന്ന് ഇന്ത്യയുടെ പ്രകടനം മോശമായതിന്റെ കാരണം വിശദീകരിക്കാൻ പരിശീലകനെന്ന നിലയിൽ ശാസ്ത്രി തയാറാകണം. ഈ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ശാസ്ത്രിക്കാണ്. ഇംഗ്ലണ്ടിൽ ഇന്ത്യ പരമ്പര തോൽക്കുന്നപക്ഷം, ഇവിടേക്കു വരും മുൻപ് പറഞ്ഞ വാക്കുകളെല്ലാം വിഴുങ്ങി സാഹചര്യങ്ങൾ കളിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് തുറന്നു സമ്മതിക്കാനും ശാസ്ത്രി തയാറാകണം – ഹർഭജൻ ആവശ്യപ്പെട്ടു.

തന്റെ ടീമിന് ആരെയും ഭയമില്ലെന്ന് ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പടും മുൻപ് ശാസ്ത്രി അവകാശപ്പെട്ടിരുന്നു. വിദേശ പര്യടനങ്ങളിൽ ഏറ്റവും മികവു കാട്ടുന്ന ടീമാകാനുള്ള എല്ലാ യോഗ്യതയും ഇന്ത്യയ്ക്കുണ്ടെന്നും ശാസ്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹർഭജന്റെ പരിഹാസം. പര്യടനത്തിനു മുൻപ് ശാസ്ത്രി നടത്തിയ പ്രസ്താവനകളിലൂടെ:

∙ നമ്മെ സംബന്ധിച്ച് എവേ മൽസരങ്ങളില്ല. എല്ലാം ഹോം മൽസരങ്ങളാണ്. കാരണം, നമ്മൾ നേരിടുന്നത് എതിരാളികളെയല്ല, പിച്ചിനെയാണ്. എവിടെപ്പോയാലും കളിക്കുന്ന പിച്ചിനെ കീഴടക്കാനാണ് ശ്രമിക്കേണ്ടത്.

∙ ഒരു ടെസ്റ്റിൽ 20 വിക്കറ്റുകളും നേടാൻ സാധിക്കുന്ന ബോളിങ് സംഘമാണ് നമ്മുടേത്. കളിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് ആശങ്കയില്ല. നമ്മുടെ ടീമിൽ വൈവിധ്യമുണ്ട്. എങ്കിലും ഏറ്റവും ഉചിതമായ രീതിയിൽ നമ്മുടെ പദ്ധതികൾ നടപ്പിലാക്കുകയാണ് പ്രധാനം. മാത്രമല്ല, മികച്ച രീതിയിൽ ബാറ്റു ചെയ്യുകയും വേണം. ബാറ്റിങ്ങിലെ പിഴവുകളാണ് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ തോൽവിക്ക് കാരണമായത്.

∙ മൽസരങ്ങൾ സമനിലയിലാക്കാനോ കളികളുടെ എണ്ണം കൂട്ടാനോ അല്ല നാം വന്നിരിക്കുന്നത്. ജയിക്കാൻ തന്നെയാണ് ലക്ഷ്യമിടുന്നത്. ജയിക്കാനായി കളിക്കുമ്പോൾ ഒരു മൽസരം തോറ്റാലും, അത് നിർഭാഗ്യമായി കണ്ടാൽ മതി. തോൽക്കുന്നതിലുമധികം മൽസരം ജയിക്കുന്നിടത്തോളം കാലം നമ്മൾ പൂർണ തൃപ്തരാണ്.

വലിയ പ്രസ്താവനകൾ നടത്തിയാണ് ഇംഗ്ലണ്ടിൽ എത്തിയതെങ്കിലും കളിച്ച രണ്ടു ടെസ്റ്റുകളും തോറ്റ ഇന്ത്യ പരമ്പര നഷ്ടത്തിന്റെ വക്കിലാണ്. എജ്ബാസ്റ്റനിൽ നടന്ന ഒന്നാം ടെസ്റ്റിൽ 31 റൺസിന് തോറ്റ ഇന്ത്യ, ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 159 റൺസിനുമാണ് തോറ്റത്. തുടർതോൽവികളുടെ പശ്ചാത്തലത്തിൽ ബിസിസിഐ രവി ശാസ്ത്രിയോടും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയോടും വിശദീകരണം തേടുമെന്ന അഭ്യൂഹവും ശക്തമാണ്.

related stories