Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീനിയർ ടീമിലെടുക്കാത്തത് എന്റെ പ്രകടനത്തെ ബാധിക്കുന്നു: അയ്യർ

shreyas iyer

ബെംഗളൂരു∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടും സീനിയർ ടീമിൽ ഇടം കിട്ടാത്തത് തന്റെ പ്രകടനത്തെ ബാധിക്കുന്നതായി ഇന്ത്യ എ ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ടീമിലേക്കുള്ള വിളിക്കായി ക്ഷമയോടെ കാത്തിരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അയ്യർ ബെംഗളൂരുവിൽ പറഞ്ഞു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിനെ നയിച്ചത് ഇരുപത്തിമൂന്നുകാരനായ അയ്യരാണ്. ഇന്ത്യ എ 1–0ന് പരമ്പര നേടുകയും ചെയ്തു.

‘ക്ഷമയോടെ കാത്തിരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ലഭിക്കുന്ന അവസരങ്ങളിൽ സ്ഥിരതയോടെ കളിക്കുകയും മികച്ച സ്കോറുകൾ കണ്ടെത്തുകയും ചെയ്തിട്ടും സീനിയർ ടീമിലേക്ക് വിളി വരാത്തത് മനസ്സു മടുപ്പിക്കും. ഉന്നതതലത്തിൽ മികച്ച ബോളർമാരെ നേരിടുമ്പോഴാണ് നമ്മുടെ കളി കൂടുതൽ മെച്ചപ്പെടുക. അതുകൊണ്ടുതന്നെ പൂർണശ്രദ്ധ നിലനിർത്തുക എന്നതാണ് പ്രധാനം. അതുപക്ഷേ മുൻപു പറഞ്ഞതുപോലെ സാധിക്കാതെ പോകുന്നു’ – അയ്യർ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളുമായി കളം നിറഞ്ഞ അയ്യർക്ക്, ഇതുവരെ ഏകദിന, ട്വന്റി20 ടീമുകളിൽ മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. ഇതുവരെ ആറു വീതം ഏകദിന, ട്വന്റി20 മൽസരങ്ങളിലാണ് അയ്യർ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത്.ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയപ്പോഴാണ് ഏറ്റവും ഒടുവിലായി ശ്രേയസ് ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമുകളിൽ അയ്യർക്ക് അവസരം ലഭിച്ചിരുന്നില്ല.

കഴിഞ്ഞ വർഷം ന്യൂസീലൻഡിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി അയ്യർ 317 റൺസ് നേടിയിരുന്നു. 108 റൺസായിരുന്നു ആ പര്യടനത്തിൽ അയ്യരുടെ ഉയർന്ന സ്കോർ. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നു വർഷം മുൻപു തന്നെ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനായി കളിക്കാൻ അവസരം ലഭിച്ച താരമാണ് അയ്യർ. രണ്ടു സീസണിനുശേഷം ഗൗതം ഗംഭീറിനു പകരം ഡൽഹിയെ നയിക്കുകയും ചെയ്തു. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ സീനിയർ ടീമിലെ താരങ്ങൾ ഫോം കണ്ടത്താനാകാതെ ഉഴറുമ്പോഴാണ് അയ്യരുടെ വാക്കുകളെന്നതും ശ്രദ്ധേയം.

related stories