സതാംപ്ടൻ ∙ പിടിച്ചു നിർത്തിയെങ്കിലും ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തുന്നതിൽ ഇന്ത്യൻ ബോളർമാർ പരാജയപ്പെട്ടതോടെ മൂന്നാം ടെസ്റ്റിൽ ആതിഥേയർക്കു മുൻതൂക്കം. ക്യാപ്റ്റൻ ജോറൂട്ടിന്റെയും (48) ബെൻ സ്റ്റോക്സിന്റെയും (30) ജോസ് ബട്‌ലറുടെയും (69) സാം കറന്റെയും (37*) നിശ്ചയദാർഢ്യത്തിൽ പൊരുതിയ ഇംഗ്ലണ്ട് ടെസ്റ്റിന്റെ മൂന്നാം ദിനം എട്ടിന് 260 എന്ന നിലയിൽ. ഇംഗ്ലണ്ടിന് ഇപ്പോൾ ലീഡ് 233 റൺസ്. ഒന്നാം ഇന്നിങ്സിൽ 27 റൺസിന്റെ ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനു മൂന്നാം ദിനം തുടക്കം നന്നായില്ല. അലസ്റ്റയർ കുക്കും (12) മൊയീൻ അലിയും (ഒൻപത്) പെട്ടെന്നു മടങ്ങിയതോടെ രണ്ടിന് 33 എന്ന നിലയിലായി അവർ. എന്നാൽ റൂട്ട് ഒരറ്റത്ത് ഉറച്ചു നിന്നതോടെ ആതിഥേയർക്കു പ്രതീക്ഷയായി. പക്ഷേ റൂട്ടിനു കൂട്ടു നൽകാൻ ആരെയും അനുവദിക്കാതെ ഇന്ത്യൻ ബോളർമാർ തൽക്കാലം കളി കാത്തു.
കീറ്റോൺ ജെന്നിങ്സിനെയും (36) ജോണി ബെയർസ്റ്റോയെയും (പൂജ്യം) ഷമി അടുത്തടുത്ത പന്തുകളിൽ മടക്കിയതോടെ ഇംഗ്ലണ്ട് വീണ്ടും പരുങ്ങലിലായി. സ്റ്റോക്സിനെ കൂട്ടുപിടിച്ച് ടീമിനെ കരകയറ്റുന്നതിനിടെയാണ് റൂട്ട് നിർഭാഗ്യകരമായി റൺഔട്ടായത്. ബെൻ സ്റ്റോക്സിന്റെ വിളി കേട്ട് റണ്ണിനായി ഓടിയ റൂട്ടിനെ മുഹമ്മദ് ഷമി നേരിട്ടുള്ള ത്രോയിൽ റൺഔട്ടാക്കുകയായിരുന്നു. എന്നാൽ പിന്നീട് സ്റ്റോക്സും (30) ബട്‌ലറും തന്നെ ടീമിനെ തകരാതെ കാത്തു. സ്റ്റോക്സ് പുറത്തായതിനു ശേഷം ബട്‌ലറും കറനും ചേർന്ന കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ ഇരുനൂറു കടത്തി. അതിനിടെ ബട്‌ലർ അർധ സെഞ്ചുറിയും പിന്നിട്ടു.
∙ സ്കോർ ബോർഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ്– 246നു പുറത്ത്
ഇന്ത്യ ഒന്നാം ഇന്നിങ്സ്– 273നു പുറത്ത്
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ്–
കുക്ക് സി രാഹുൽ ബി ബുമ്ര–12, ജെന്നിങ്സ് എൽബി ഷമി–36, അലി സി രാഹുൽ ബി ശർമ–ഒൻപത്, റൂട്ട് റൺൗട്ട്–48, ബെയർസ്റ്റോ ബി ഷമി–പൂജ്യം, സ്റ്റോക്സ് സി രഹാനെ ബി അശ്വിൻ–30, ബട്‌ലർ എൽബി ഇഷാന്ത്–69, സാം കറൻ നോട്ടൗട്ട്–37, ആദിൽ റാഷിദ് സി പന്ത് ബി ഷമി–11. എക്സ്ട്രാസ്–8. ആകെ 91.5 ഓവറിൽ എട്ടിന് 260.
വിക്കറ്റ് വീഴ്ച: 1–24, 2–33, 3–92, 4–92, 5–122, 6–178, 7–233, 8–260.
ബോളിങ്: അശ്വിൻ 35–7–78–1, ബുമ്ര 19–3–51–1, ഇഷാന്ത് 15–4–36–2, ഷമി 13.5–0–53–3, ഹാർദിക് 9–0–34–0.