സതാംപ്ടൺ∙ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ നേരിട്ട രണ്ടാം പന്തുതന്നെ സിക്സ് പായിച്ച് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച യുവതാരം റിഷഭ് പന്തിന് ഇക്കുറി മറ്റൊരു ‘റെക്കോർഡ്’. ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ പന്തു നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാകാതെ പോയ ഇന്ത്യൻ താരങ്ങളുടെ കൂട്ടത്തിലാണ് ഇനി പന്തിന്റെയും സ്ഥാനം. സതാംപ്ടണിൽ നടക്കുന്ന നാലാം ക്രിക്കറ്റ് െടസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലാണ് പന്ത് 29 പന്തുകൾ നീണ്ട ഇന്നിങ്സിനൊടുവിൽ ‘സംപൂജ്യ’നായി പുറത്തായത്. മോയിൻ അലിയാണ് പന്തിനെ പുറത്താക്കിയത്.
ഇത്രതന്നെ പന്തുകൾ നേരിട്ടിട്ടും റണ്ണെടുക്കാനാകാതെ പോയ ഇർഫാൻ പഠാൻ, സുരേഷ് റെയ്ന എന്നിവരുടെ പേരിലായിരുന്നു ഇതുവരെ ഈ ‘റെക്കോർഡ്’. ഇവർക്കൊപ്പമാണ് ഇനി പന്തിന്റെയും സ്ഥാനം. പാക്കിസ്ഥാനെതിരെയായിരുന്നു പഠാന്റെ പ്രകടനമെങ്കിൽ, ഇംഗ്ലണ്ടിനെതിരെയാണ് റെയ്നയും പന്തും സമാന പ്രകടനം കാഴ്ചവച്ചത്.
നാണക്കേടിന്റെ ഈ റെക്കോർഡ് പേറുന്ന മൂന്നു പേരും ഇടംകയ്യൻ ബാറ്റ്സ്മാൻമാരാണെന്ന പ്രത്യേകതയുമുണ്ട്. ഇവരെ മൂന്നു പേരെയും പുറത്താക്കിയതാകട്ടെ ഓഫ് സ്പിന്നർമാരും. പാക്കിസ്ഥാൻ താരം അർഷാദ് ഖാനാണ് പഠാനെ പൂജ്യത്തിന് മടക്കിയത്. റെയ്നയെ മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാനും പുറത്താക്കി. ഇപ്പോൾ പന്തിനെ മോയിൻ അലിയും.
അതേസമയം, ഓരോ ബാറ്റു ചെയ്യുന്ന സാഹചര്യമാണ് ഓരോ താരത്തിന്റെ പേരിലും ഇത്തരം ചീത്തപ്പേരുകൾ ചാർത്തുന്നതെന്ന് ഇർഫാൻ പഠാൻ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനെതിരെ കൂടുതൽ സമയം പിടിച്ചുനിന്ന് തോൽവി ഒഴിവാക്കേണ്ട സമയത്താണ് ഞാൻ 29 പന്തുകൾ സ്കോർ ചെയ്യാതെ നേരിട്ടത്. ഇംഗ്ലണ്ട് ബോളർമാർക്കു മുന്നിൽ താളം കണ്ടെത്താനാകാതെ പോയതുകൊണ്ടാകും പന്തിന് കൂടുതൽ പന്തുകൾ നേരിടേണ്ടിവന്നതെന്നും പഠാൻ ചൂണ്ടിക്കാട്ടി. തനിക്കൊപ്പം ഈ നാണക്കേടിലേക്ക് കൂടുതൽ പേർ എത്തുന്നതിൽ സന്തോഷമൊന്നുമില്ലെന്നും പഠാൻ വ്യക്തമാക്കി.