ക്യാപ്റ്റനെ മാറ്റാനുള്ള ‘കളി’ പൊളിഞ്ഞു; സച്ചിൻ ബേബി തന്നെ കേരളത്തെ നയിക്കും

കൊച്ചി ∙ പുതിയ സീസണിലും കേരള ക്രിക്കറ്റ് ടീമിനെ സച്ചിൻ ബേബി തന്നെ നയിക്കും. നായകനെതിരെ ടീമിലെ മറ്റു കളിക്കാർ കൂട്ടായി ആഭ്യന്തര കലഹം ഉയർത്തിയെങ്കിലും അത് അംഗീകരിക്കേണ്ടെന്നാണു ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നിലപാട്. കേരളം കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലെത്തിയതും അതിനു മുൻപ് ദേശീയ ട്വന്റി20യിൽ സെമിയിലും ഏകദിനത്തിൽ ക്വാർട്ടറിലും ഇടം നേടിയതും സച്ചിന്റെ നായകത്വത്തിലാണ്. മാത്രവുമല്ല, ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കാവുന്ന മറ്റുള്ളവരെല്ലാം കത്ത് വിവാദത്തിൽ വിലക്കും പിഴയും നേരിടുകയാണ്.

സീസണു തുടക്കം കുറിച്ച് 19ന് ആരംഭിക്കുന്ന വിജയ് ഹസാരെ ഏകദിന ടൂർണമെന്റിനുള്ള ടീമിനെ ഇന്നു പ്രഖ്യാപിക്കും. മൂന്ന് മൽസരങ്ങളിൽ വിലക്കേർപ്പെടുത്തിയ രണ്ട് മുൻ നായകൻമാർ ഉൾപ്പെടെ പ്രമുഖരായ അഞ്ച് കളിക്കാർക്കും ടീമിലിടമുണ്ടാവില്ല. ശ്രീലങ്കയിൽ പരിശീലന പര്യടനത്തിൽ തിളങ്ങിയ പി.രാഹുൽ ഉൾപ്പെടെയുള്ള പുതിയ കളിക്കാർക്ക് അവസരം ലഭിച്ചേക്കും. കഴിഞ്ഞ തവണ ടീമിന്റെ ഭാഗമായിരുന്ന ഇതര സംസ്ഥാന താരങ്ങളായ ജലജ് സക്സേന, അരുൺ കാർത്തിക് എന്നിവർ ഇത്തവണയും കേരളത്തിനുവേണ്ടി കളിക്കും.