Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ കിതയ്ക്കുമ്പോഴും കോഹ്‍ലി ‘വളരുന്നു’; 937 പോയിന്റുമായി റാങ്കിങ്ങിൽ ഒന്നാമത്

kohli-number-one-icc വിരാട് കോഹ്‍ലിയുടെ ഒന്നാം സ്ഥാനം പ്രഖ്യാപിച്ച് ഐസിസി ട്വീറ്റ് ചെയ്ത ചിത്രം.

ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തോറ്റ് പരമ്പര കൈവിട്ട ഇന്ത്യൻ ടീമിന് ഇത് കഷ്ടകാലമാണെങ്കിലും, മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇത് നല്ല സമയമാണ്. ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റിൽ 4,000 റൺസും കരിയറിലാകെ 6,000 റൺസും പൂർത്തിയാക്കിയ കോഹ്‍ലി, ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങിലും നേട്ടമുണ്ടാക്കി. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 46 റൺസും രണ്ടാം ഇന്നിങ്സിൽ 58 റൺസും നേടിയ കോഹ്‍ലി, 937 പോയിന്റോടെയാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്.

റേറ്റിങ് പോയിന്റിൽ എക്കാലത്തെയും മികച്ച 11–ാം സ്ഥാനമാണിതിന്. ഡോൺ ബ്രാഡ്മാൻ (961), സ്റ്റീവ് സ്മിത്ത് (947), ലെൻ ഹട്ടൻ (945), ജാക്ക് ഹോബ്സ് (942), റിക്കി പോണ്ടിങ് (942), പീറ്റർ മേ (941), ഗാരി സോബേഴ്സ്, ക്ലൈഡ് വാൽക്കോട്ട്, വിവിയൻ റിച്ചാർഡ്സ്, സംഗക്കാര (എല്ലാവർക്കും 938 പോയിന്റ്) എന്നിവരാണ് ഏറ്റവും കൂടുതൽ റാങ്കിങ് പോയിന്റ് നേടിയ ആദ്യ പത്തുപേർ.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം കുറിക്കുമ്പോൾ, സസ്പെൻഷനിലുള്ള ഓസീസ് മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനു പിന്നിൽ രണ്ടാമതായിരുന്നു കോഹ്‍ലി. ആദ്യ ടെസ്റ്റിൽ 149, 51 എന്നിങ്ങനെ രണ്ടിന്നിങ്സിലും തിളങ്ങിയപ്പോൾ ചരിത്രത്തിലാദ്യമായി ഏകദിനത്തിനു പിന്നാലെ ടെസ്റ്റിലും കോഹ്‌ലി ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതെത്തി. എന്നാൽ ലോർഡ്സിൽ ഇന്ത്യ വീണ്ടും തോറ്റപ്പോൾ കോഹ്‌ലി ബാറ്റിങ്ങിലും പരാജയപ്പെട്ടതോടെ ഒന്നാം സ്ഥാനം നഷ്ടമായി.

പിന്നീട്, ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും കാഴ്ചവച്ച തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ കോഹ്‌ലി റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. നോട്ടിങ്ങാമിൽ ഇന്ത്യ 203 റൺസിനു ജയിച്ച ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ കോഹ്‌ലി 97 റൺസും രണ്ടാം ഇന്നിങ്സിൽ 103 റൺസുമാണ് നേടിയത്. ഇതിനു പിന്നാലെയാണ് തകർപ്പൻ പ്രകടനവുമായി വീണ്ടും ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്.

പരമ്പരയിലാകെ ഇതുവരെ എട്ട് ഇന്നിങ്സുകൾ പൂർത്തിയാക്കിയ കോഹ്‍ലി, രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും ഉൾപ്പെടെ 544 റൺസ് നേടിയിട്ടുണ്ട്. പരമ്പരയിൽ റൺനേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറാണ്. 260 റൺസ്. ബട്‌ലറിനേക്കാൾ 284 റൺസ് കൂടുതലാണ് കോഹ്‍ലി ഇതുവരെ നേടിയത്!

റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ബട്‍ലർ, കറൻ

നാലാം ടെസ്റ്റിൽ ബാറ്റിങ്ങിൽ തിളങ്ങിയ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‍ലർ, സാം കറൻ എന്നിവരാണ് ഏറ്റവും പുതിയ റാങ്കിങ്ങിൽ കൂടുതൽ നേട്ടമുണ്ടാക്കിയ താരങ്ങൾ. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 78 റൺസും രണ്ടാം ഇന്നിങ്സിൽ 46 റൺസും നേടിയ കറൻ, 29 സ്ഥാനങ്ങൾ മുന്നേറി ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ 43–ാം സ്ഥാനത്തെത്തി. ബോളർമാരുടെ പട്ടികയിൽ 11 സ്ഥാനങ്ങൾ കയറി 55–ാം സ്ഥാനത്തെത്തിയ കറൻ, ഓൾറൗണ്ടർമാരി‍ൽ 27 സ്ഥാനങ്ങൾ കയറി പതിനഞ്ചിലെത്തി. ഇതുവരെ നാലു ടെസ്റ്റ് മാത്രം കളിച്ചാണ് ഇരുപതുകാരനായ കറന്റെ നേട്ടം.

ഒൻപതു വിക്കറ്റുമായി കളിയിലെ കേമൻ പട്ടം സ്വന്തമാക്കിയ മോയിൻ അലി മൂന്നു സ്ഥാനങ്ങൾ കയറി 33–ാം സ്ഥാനത്തെത്തി. രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ ജോസ് ബട്‍ലർ 15 സ്ഥാനങ്ങൾ കയറി 32–ാം സ്ഥാനത്തെത്തി. ബട്‍ലറിന്റെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഇന്ത്യൻ താരങ്ങളിൽ ചേതേശ്വർ‌ പൂജാര ടെസ്റ്റ് റാങ്കിങ്ങിലെ ആറാം സ്ഥാനം നിലനിർത്തി.

related stories