തോൽവിക്ക് ശാസ്ത്രിയും ബംഗാറും ഉത്തരം പറയട്ടെ, ഇല്ലെങ്കിൽ ഇനിയും തോൽക്കും: ഗാംഗുലി

സൗരവ് ഗാംഗുലി, സഞ്ജയ് ബംഗാറും രവി ശാസ്ത്രിയും

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര മൂന്നാം തോൽവി വഴങ്ങി ഇന്ത്യ‍ കൈവിട്ടതിനു പിന്നാലെ പരിശീകർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്ത്. ഇന്ത്യയുടെ തോൽവിക്ക് മറുപടി പറയേണ്ടത് മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും ബാറ്റിങ്ങിലെ പരാജയത്തിന് ഉത്തരവാദി ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാറുമാണെന്ന് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഗാംഗുലി അഭിപ്രായപ്പെട്ടു. ടീമിന്റെ തോൽവിയിൽ ഇവരോടു വിശദീകരണം തേടിയില്ലെങ്കിൽ ഈ ‘തോൽവി പരമ്പര’ തുടരുമെന്നും ഗാംഗുലി മുന്നറിയിപ്പു നൽകി.

ഇന്ത്യയുടെ തോൽവിക്ക് ഉത്തരം പറയേണ്ടത് പരിശീലകൻ രവി ശാസ്ത്രിയാണ്. നാല് ടെസ്റ്റുകൾ പൂർത്തിയാകുമ്പോഴും ഒരു ബാറ്റ്സ്മാനു മാത്രമേ തിളങ്ങാനാകുന്നുള്ളൂ എന്നതിന് ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാറാണ് ഉത്തരവാദി. മറ്റു ബാറ്റ്സ്മാൻമാരെല്ലാം ഇപ്പോഴും പിന്നിൽ നിൽക്കുകയാണ്. ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ ഇവർക്കാകുന്നില്ലെങ്കിൽ വിദേശത്ത് ഇന്ത്യ സമീപകാലത്തൊന്നും പരമ്പര വിജയം നേടാൻ പോകുന്നില്ല – ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകൾ തോറ്റ ഇന്ത്യ, മൂന്നാം മൽസരത്തിൽ വിജയം നേടി തിരിച്ചുവന്നതാണ്. എന്നാൽ, നാലാം ടെസ്റ്റിൽ വീണ്ടും തോൽവി വഴങ്ങിയതോടെ പരമ്പര നഷ്ടമാക്കി. സതാംപ്ടണിൽ നടന്ന മൽസരത്തിൽ 245 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ, 184 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ 60 റൺസിന് തോറ്റ് പരമ്പര 3–1ന് അടിയറവു വയ്ക്കുകയും ചെയ്തു.

ഇപ്പോഴത്തെ ബാറ്റിങ് ലൈനപ്പ് വച്ച് വിദേശത്തു വിജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. നിലവിലെ ബാറ്റ്സ്മാൻമാർ മികച്ച സ്കോർ കണ്ടെത്തിയിട്ട് നാളുകളായി. 2011നു ശേഷമുള്ള വിദേശ പര്യടനങ്ങൾ പരിശോധിച്ചാൽ, പ്രധാനപ്പെട്ട പരമ്പരകളെല്ലാം നാം തോറ്റിട്ടേയുള്ളൂ. ക്യാപ്റ്റൻ വിരാട് കോഹ്‍ലി ക്രീലിലുള്ളപ്പോൾ ഇന്ത്യയ്ക്ക് മേധാവിത്തമുണ്ട്. മറ്റുള്ളവർ ക്രീസിലെത്തുമ്പോൾ വേറെ ഏതോ ടീമിനോടാണ് കളിക്കുന്നതെന്നു തോന്നും – ഗാംഗുലി പറഞ്ഞു.

ഇപ്പോഴത്തെ ടീമിലെ ബാറ്റ്സ്മാൻമാരുടെ നിലവാരം തീരെ മോശമായെന്നാണ് എന്റെ അഭിപ്രായം. ഇതിനു കാരണങ്ങൾ പലതായിരിക്കാം. ആത്മവിശ്വാസക്കുറവാണ് പ്രധാന വില്ലൻ. ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും കാര്യമെടുത്താൽ, നാലു വർഷം മുൻപ് അഡ്‍ലെയ്‍ഡിൽ കോഹ്‍ലിക്കൊപ്പം മികവു പ്രകടിപ്പിച്ചിരുന്നവരാണ് ഇവരെല്ലാം. ഇപ്പോൾ അതെല്ലാം കൈമോശം വന്നിരിക്കുന്നു – ഗാംഗുലി ചൂണ്ടിക്കാട്ടി.

ഓരോ മൽസരം തോൽക്കുമ്പോളും പരിശീലകർ ഒരേ കാരണം പറയുന്നത് ശരിയല്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ഓരോ കളി തോൽക്കുമ്പോഴും കോഹ്‍ലി പറയുന്ന ന്യായങ്ങൾ നമുക്കു മനസ്സിലാക്കാം. ഇത്തരം സന്ദർഭങ്ങളിൽ കോഹ്‍ലിക്ക് ക്രിയാത്മകമായേ സംസാരിക്കാനാകൂ. എന്നാൽ, അവസാനമായി പുറത്തുകളിച്ച ഏഴു ടെസ്റ്റുകളിൽ അഞ്ചെണ്ണമാണ് നമ്മൾ‌ തോറ്റത്. സതാംപ്ടൺ ടെസ്റ്റിൽ അവസാനം വരെ പൊരുതിയെന്നതു സമ്മതിക്കുന്നു. എന്നാൽ, കോഹ്‍ലി പുറത്തായപ്പോൾത്തന്നെ ഇന്ത്യ തോൽക്കുമെന്നായിരുന്നു കമന്റേറ്റർമാരുടെ അഭിപ്രായം. അതുപോലെ തന്നെ സംഭവിച്ചു. അല്ല, അടുത്ത കാലത്തായി ഇതു തന്നെയാണു സംഭവിക്കുന്നത്. 20 വിക്കറ്റ് നേടിയതുകൊണ്ടു മാത്രം മൽസരം ജയിക്കാനാകില്ല. റൺസ് നേടുകയും വേണം – ഗാംഗുലി ചൂണ്ടിക്കാട്ടി.

സതാംപ്ടണിൽ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാനുള്ള കോഹ്‍ലിയുടെ തീരുമാനത്തെ ഗാംഗുലി ന്യായീകരിച്ചു. രണ്ടാം സ്പിന്നറെ കളിപ്പിക്കാൻ മാത്രം പിച്ചിൽനിന്ന് സഹായമൊന്നും കിട്ടിയിരുന്നില്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കു പുറത്ത് ജഡേജയ്ക്ക് അത്ര മികച്ച റെക്കോർഡല്ല ഉള്ളതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

നാലാം ടെസ്റ്റിൽ തിളങ്ങിയ ഇംഗ്ലിഷ് സ്പിന്നർ മോയിൻ അലിയേക്കാൾ രണ്ടു മടങ്ങ് മികച്ച ബോളറാണ് അശ്വിനെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ഒരു ഓവറിലെ ആറു പന്തും വ്യത്യസ്തമായി എറിയാൻ ശ്രമിച്ചതാണ് അശ്വിനു പറ്റിയ പിഴവെന്നും ഗാംഗുലി പറഞ്ഞു. മറുവശത്ത്, പിച്ചിന്റെ ആനൂകൂല്യം മുതലെടുക്കാനായിരുന്നു അലിയുടെ ശ്രമം. മാത്രമല്ല, ഒരു വശത്ത് ആൻഡേഴ്സനും ബ്രോഡും ഉൾപ്പെടെയുള്ള ബോളർമാർ ചെലുത്തുന്ന സമ്മർദ്ദം മോയിൻ അലിയെ നേരിടുമ്പോൾ ഒഴിവാക്കാനുള്ള ബാറ്റ്സ്മാൻമാരുടെ ശ്രമവും കൂടുതൽ വിക്കറ്റു നഷ്ടമാകാൻ കാരണമായി – ഗാംഗുലി പറഞ്ഞു.