ഇന്ത്യക്കാരെ പൂർണമായും അവഗണിച്ച് കുക്കിന്റെ ‘ഓൾ ടൈം ഇലവൻ’; സ്മിത്തും റൂട്ടുമില്ല

സച്ചിൻ തെൻഡുൽക്കർ, അലസ്റ്റയർ കുക്ക്, രാഹുൽ ദ്രാവിഡ്

ലണ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലിഷ് താരം അലസ്റ്റയർ കുക്ക് തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച താരങ്ങളുടെ ടീമിൽ ഇന്ത്യയിൽനിന്ന് ആർക്കും ഇടമില്ല. തനിക്കൊപ്പമോ എതിരെയോ കളിച്ച താരങ്ങളുടെ പട്ടികയിൽനിന്നാണ് കുക്ക് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഗ്രഹാം ഗൂച്ചു മാത്രമാണ് ഇതിന് അപവാദം.

അതേസമയം, ഇന്ത്യൻ താരങ്ങൾക്കു പുറമെ ഇംഗ്ലിഷ് താരം കെവിൻ പീറ്റേഴ്സനും കുക്കിന്റെ ടീമിൽ ഇടം പിടിച്ചില്ല. ഗ്രഹാം ഗൂച്ചു തന്നെയാണ് കുക്ക് തിരഞ്ഞെടുത്ത ടീമിന്റെ നായകനും ഓപ്പണിങ് ബാറ്റ്സ്മാനും. ഗൂച്ചിനൊപ്പം ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡനും ഇന്നിങ്സ് ഓപ്പൺ ചെയ്യും.

ബ്രയാൻ ലാറ, റിക്കി പോണ്ടിങ്, എ.ബി. ഡിവില്ലിയേഴ്സ്, കുമാർ സംഗക്കാര‍, ജാക്വസ് കാലിസ് എന്നിവർ ഉൾപ്പെടുന്നതാണ് ടീമിന്റെ മധ്യനിര. ബാറ്റിങ്ങിൽ ഇവർക്ക് കൃത്യമായ സ്ഥാനം നിർദ്ദേശിച്ചിട്ടില്ല. വിക്കറ്റ് കീപ്പറുടെ റോളിൽ സംഗക്കാരയ്ക്കോ ഡിവില്ലിയേഴ്സിനോ ഇറങ്ങാമെന്നും കുക്ക് വ്യക്തമാക്കുന്നു.

ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ, ഓസീസ് താരം ഷെയ്ൻ വോൺ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. ഇംഗ്ലണ്ട് താരം ജയിംസ് ആൻഡേഴ്സൻ, ഓസീസിന്റെ തന്നെ ഗ്ലെൻ മഗ്രാത്ത് എന്നിവർ പേസ് ബോളർമാരായെത്തും.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മൽസരത്തിനു പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ് സ്കോററായ കുക്ക് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരെ വെള്ളിയാഴ്ച ഓവലിൽ ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് തന്റെ വിടവാങ്ങൽ മൽസരമായിരിക്കുമെന്നാണ് കുക്കിന്റെ പ്രഖ്യാപനം. ഇംഗ്ലണ്ടിനായി തുടർച്ചയായി 158 ടെസ്റ്റുകൾ കളിച്ചതിന്റെ റെക്കോർഡുള്ള കുക്കിന്റെ, 161–ാം ടെസ്റ്റ് മൽസരം കൂടിയാകും ഇത്.

സച്ചിൻ തെൻഡുൽക്കർ, റിക്കി പോണ്ടിങ്, ജാക്വസ് കാലിസ്, രാഹുൽ ദ്രാവിഡ്, കുമാർ സംഗക്കാര എന്നിവർ കഴിഞ്ഞാൽ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് സ്കോർ ചെയ്ത താരം കൂടിയാണ് കുക്ക്.