രണ്ടാം ഇന്നിങ്സിൽ കൂട്ടത്തകർച്ച; സീനിയർ ടീമിനു പിന്നാലെ ഇന്ത്യ എയ്ക്കും തോൽവി

ഓസ്ട്രേലിയയ്ക്കായി രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ ജോൺ ഹോളണ്ട്.

ബെംഗളൂരു ∙ ഓസ്ട്രേലിയ എയ്ക്കെതിരെയുള്ള രണ്ടു മൽസര ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യ എയ്ക്ക് തോൽവി. 98 റൺസിനാണ് ഓസ്ട്രേലിയ എയുടെ വിജയം. 262 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ, 163 റൺസിന് പുറത്തായി. 24.3 ഓവറിൽ 81 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇടംകയ്യൻ ബോളർ ജോൺ ഹോളണ്ടാണ് ഇന്ത്യയെ തകർത്തത്. അർധസെഞ്ചുറി (88) നേടിയ ഓപ്പണർ മായങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൽസരത്തിലാകെ 11 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ പ്രകടനം ശ്രദ്ധേയമായി.

സ്കോർ: ഓസ്ട്രേലിയ എ 243, 292; ഇന്ത്യ എ 274, 163

രണ്ടു വിക്കറ്റിന് 63 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് 100 റൺസ് കൂടി ചേർക്കുമ്പോഴേക്കും ശേഷിച്ച എട്ടു വിക്കറ്റുകളും നഷ്ടമായി. മായങ്ക് അഗർവാളിനു പുറമെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (28), അങ്കിത് ബാവ്‌നെ (25) എന്നിവർക്കു മാത്രമേ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. അഭിമന്യൂ ഈശ്വരൻ (0), രവികുമാർ സമർഥ് (എട്ട്), ശ്രീകർ ഭരത് (പൂജ്യം), കൃഷ്ണപ്പ ഗൗതം (പൂജ്യം), കുൽദീപ് യാദവ് (രണ്ട്), മുഹമ്മദ് സിറാജ് (എട്ട്), നവ്‌ദീപ് സെയ്നി (പൂജ്യം), അങ്കിത് രജ്പുട്ട് (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയ ശേഷമാണ് ഓസ്ട്രേലിയ എയ്ക്കെതിരെ ഇന്ത്യ എ കൂട്ടത്തകർച്ച നേരിട്ടതും മൽസരം കൈവിട്ടതും. ഇംഗ്ലണ്ട് പര്യടനത്തിൽ സീനിയർ ടീം ദയനീയ പ്രകടനം തുടരുന്ന സാഹചര്യത്തിൽ സെലക്ടർമാരുടെ ശ്രദ്ധ കവരാനുള്ള സുവര്‍ണാവസരമാണ് എ ടീം അംഗങ്ങൾക്കിത്.