ദ്രാവിഡ് ബാറ്റിങ് കൺസൾട്ടന്റ് എന്നു പ്രഖ്യാപിച്ചിട്ട് ബംഗാർ വന്നതെങ്ങനെ; അറിയില്ലെന്നു ഗാംഗുലി

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവിയോടെ ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടെയും ബാറ്റിങ്, ബോളിങ് പരിശീലകരായ സഞ്ജയ് ബംഗാർ, ഭരത് അരുൺ എന്നിവരുടെയും പദവികൾ ചോദ്യചിഹ്നമാകുന്നു. പരിശീലക സ്ഥാനത്ത് മൂവർക്കുമെതിരെ പതിവിലുമേറെ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യൻ ടീമിന്റെ യഥാർഥ ‘ടെസ്റ്റ്’ ആകുമെന്ന് കരുതപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ 2–1 തോൽവിയും ഇംഗ്ലണ്ട് പര്യടനത്തിലെ 3–1 തോൽവിയുമാണ് ഇവർക്കെതിരായ വിമർശനത്തിനു പിന്നിൽ.

അതേസമയം, രവി ശാസ്ത്രിയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച അവസരത്തിൽ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവർ ഉൾപ്പെട്ട ബിസിസിഐയുടെ ഉപദേശക സമിതി നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയാകുന്നത്. രവി ശാസ്ത്രി ടീമിന്റെ മുഖ്യ പരിശീലകനായിരിക്കുമെന്ന് വ്യക്തമാക്കിയ ഇവർ, ടീമിന്റെ വിദേശ പര്യടനങ്ങളിൽ രാഹുൽ ദ്രാവിഡ് ബാറ്റിങ്ങിലും സഹീർ ഖാൻ ബോളിങ്ങിലും ടീമിനെ പ്രത്യേകം സഹായിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ, പിന്നീട് കാര്യങ്ങൾ തകിടം മറിഞ്ഞു. ടീമിന്റെ സ്ഥിരം ബാറ്റിങ് പരിശീലകനായി സഞ്ജയ് ബംഗാറും ബോളിങ് പരിശീലകനായി ഭരത് അരുണുമെത്തി. താനുള്‍പ്പെടുന്ന ബിസിസിഐ ഉപദേശക സമിതി സഹായം തേടിയപ്പോൾ ടീമിന്റെ ബാറ്റിങ് കൺസൾട്ടന്റാകാമെന്നു സമ്മതിച്ച ദ്രാവിഡ്, പിന്നീടെങ്ങനെയാണ് ഈ സ്ഥാനത്തുനിന്ന് പിന്തള്ളപ്പെട്ടതെന്ന് അറിയില്ലെന്ന് സൗരവ് ഗാംഗുലി ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

‘‘രാഹുൽ ദ്രാവിഡ് ടീമിന്റെ ബാറ്റിങ് കൺസൾട്ടന്റാകാമെന്ന് സമ്മതിച്ചിരുന്നതാണ്. പിന്നീട് ദ്രാവിഡ് രവി ശാസ്ത്രിയോടു സംസാരിക്കുകയും ചെയ്തു. അതിനുശേഷം എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല. സുപ്രീംകോടതി നിയോഗിച്ച താൽക്കാലിക ഭരണസമിതി പരിശീലക നിയമനവുമായി ബന്ധപ്പെട്ടു സ്വീകരിച്ച ചില നിലപാടുകൾ ഇതുമായി ബന്ധപ്പെട്ട അവ്യക്തത വർധിപ്പിച്ചതോടെ ഉപദേശക സമിതി അതിൽ ഇടപെടേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ദ്രാവിഡ് എന്തുകൊണ്ട് വിദേശ പര്യടനങ്ങളിൽ ടീമിന്റെ ബാറ്റിങ് കൺസൾട്ടാന്റായില്ല എന്ന് എനിക്കുമറിയില്ല. പരിശീലകനെന്ന നിലയിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടിയിരുന്നത് രവി ശാസ്ത്രിയാണ് ’’ – ഗാംഗുലി പറഞ്ഞു.

അതേസമയം, ദ്രാവിഡിനെ ബാറ്റിങ് കൺസൾട്ടന്റായും സഹീർ ഖാനെ ബോളിങ് കൺസൾട്ടന്റായും നിയമിച്ചതിനെക്കുറിച്ച് തങ്ങൾ അറിഞ്ഞിട്ടില്ലെന്നാണ് താൽക്കാലിക ഭരണസമിതി അധ്യക്ഷൻ വിനോദ് റായി പ്രതികരിച്ചത്. പതിവനുസരിച്ച് ഉപദേശക സമിതിയോട് ടീമിന്റെ മുഖ്യ പരിശീലകനെ കണ്ടെത്താൻ മാത്രമാണ് നിർദ്ദേശിച്ചിരുന്നതെന്നും റായി പറഞ്ഞു.

അനിൽ കുംബ്ലെയുമായി ഒരു വർഷത്തെ മാത്രം കരാറാണ് ബിസിസിഐയ്ക്ക് ഉണ്ടായിരുന്നത്. ഈ കരാർ പുതുക്കാനോ നീട്ടാനോ ഉള്ള വകുപ്പൊന്നും ഉണ്ടായിരുന്നില്ല. താൽക്കാലിക ഭരണസമിതി ഉത്തരവാദിത്തമേൽക്കുമ്പോൾ, കുംബ്ലെയുടെ കരാർ കഴിയാറായിരുന്നു. ഇതോടെ പരിശീലകനെ തിരഞ്ഞെടുക്കുന്ന പതിവുരീതി ഞങ്ങൾ അവലംബിച്ചു. അങ്ങനെയാണ് ഉപദേശക സമിതിയോട് പരിശീലകനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത് – വിനോദ് റായി പിന്നീടു പറഞ്ഞു.