നാലാം ഇന്നിങ്സിൽ വിജയലക്ഷ്യം പിന്തുടരാൻ അറിയാതെ ‘ചേസർ കിങ്’ കോഹ്‍ലിയുടെ ടീം

ഏത് മൽസരവും പിന്തുടർന്ന് ജയിക്കാൻ പോന്ന ‘ചേസർ കിങ്’ വിരാട് കോഹ്‍ലിയുടെ ഇന്ത്യൻ ടീമിനു ടെസ്റ്റിൽ അത്ര രാശിപോര. 2016ന് ശേഷം നാട്ടിലും വിദേശത്തുമായി 10 ടെസ്റ്റ് പരമ്പരകളാണ് ടീം ഇന്ത്യ കളിച്ചത്. പരമ്പര വിജയങ്ങളുടെ എണ്ണമെടുത്താൽ ടെസ്റ്റിലെ ഒന്നാം സ്ഥാനത്തിന് അർഹർ.

പക്ഷേ ടെസ്റ്റിൽ നാലാം ഇന്നിങ്സിൽ പിന്തുടർന്ന് ജയിക്കാൻ കോഹ്‍ലിയുടെ ടീമിന് ആയിട്ടില്ല ! 200 റൺസ് എന്ന ടോട്ടൽ പോലും എത്തിപ്പിടിക്കാൻ ലോകത്തെ ഒന്നാം നമ്പർ ടീമിന് കഴിയുന്നില്ല. 

നാല് വിദേശ പരമ്പരകളിൽനിന്നു സ്വന്തമാക്കാനായത് രണ്ട് പരമ്പരകൾ, ദുർബലരായ ശ്രീലങ്കയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ. രണ്ടിടങ്ങളിലും സ്കോർ പിന്തുടർന്ന് ജയിക്കേണ്ട സാഹചര്യമുണ്ടായില്ല. 

∙ ദക്ഷിണാഫ്രിക്കൻ പര്യടനം

2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് കോഹ്‍ലിയുടെ ടീം ബലഹീനത വെളിപ്പെടുന്നത്. 

മൂന്ന് മൽസരങ്ങളുടെ പരമ്പര. ആദ്യ മൽസരത്തിൽ നാലാം ഇന്നിങ്സിൽ 208 എന്ന സ്കോർ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യ 135 റൺസിന് മൂക്കുംകുത്തി വീണു. 

രണ്ടാം മൽസരത്തിലും അതേ തിരക്കഥ, 287 റൺസ് ലക്ഷ്യംവച്ചിറങ്ങിയെങ്കിലും നേടാനായത് 151 റൺസ് മാത്രം. പരമ്പരയിലെ മൂന്നാം മൽസരം ജയിച്ച് ആശ്വസിക്കാനായി. പക്ഷേ ആ മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു.

∙ ഇംഗ്ലണ്ട് പര്യടനം

ദക്ഷിണാഫ്രിക്കയിൽ നിർത്തിയിടത്തുനിന്നു തന്നെ ടീം ഇന്ത്യ തുടങ്ങി. ബർമിങ്ങാമിലെ ആദ്യ ടെസ്റ്റിൽ 194 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങി, പക്ഷേ 31 റൺസ് അകലെ വീണു. 

മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കി. 

പക്ഷേ സതാംപ്ടനിലെ നാലാം ടെസ്റ്റിൽ 245 റൺസ്   വിജയലക്ഷ്യം   എത്തിപ്പിടിക്കാനാകതെ         60 റൺസിന്റെ തോൽവി, പരമ്പര നഷ്ടം. 

∙ ചികിൽസ വേണം

തൊലിപ്പുറത്തെ ചികിൽസ കൊണ്ടുമാത്രം കാര്യമില്ലെന്നതാണ് ഇംഗ്ലണ്ട് പരമ്പര നൽകുന്ന പാഠം. അടിക്കടി ബാറ്റ്സ്മാൻമാരെ മാറി പരീക്ഷിച്ചതുകൊണ്ടോ, ചില താരങ്ങളിൽ മാത്രം അമിത വിശ്വാസം പുലർത്തുന്നതുകൊണ്ടോ വിജയം കൈപ്പിടിയിലെത്തുകയില്ലെന്നത് തെളിഞ്ഞുകഴിഞ്ഞു. സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയുന്നൊരു നിരയായി ടീം ഇന്ത്യ മാറിയിട്ടില്ല. 

പേസ് പിച്ചുകളിൽ പന്തിന്റെ ഗതി അറിയാതെ വിക്കറ്റുകൾ ദാനം ചെയ്യുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ മനസ്സിന് ഇംഗ്ലണ്ട് പര്യടനത്തിലും മാറ്റമുണ്ടായിട്ടില്ല. മൂന്നാം മൽസരത്തിൽ തിളങ്ങിയ ‘ഓൾറൗണ്ടർ’ ഹാർദിക് പാണ്ഡ്യ നാലാം മൽസരത്തിൽ തികഞ്ഞ പരാജയമായി. സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാൻ ക്യാപ്റ്റൻ കോഹ്‍ലി ഒഴിച്ചു മറ്റൊരു താരവും ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഇല്ലാത്ത അവസ്ഥ !

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാ‍ൻ എന്ന റോളിലേക്ക് നടത്തിയ രണ്ട് പരീക്ഷണങ്ങളും കാര്യമായ ഫലം തന്നില്ല. ബാറ്റിങ്ങിൽ ദിനേഷ് കാർത്തിക്കും ഋഷഭ് പന്തും നിരാശപ്പെടുത്തി. ടീം സിലക്‌ഷനിലും വീഴ്ചകൾ ഉണ്ടായ പരമ്പരയാണ് കഴിഞ്ഞത്. മികച്ച ട്രാക്ക് റെക്കോർഡുള്ള ചേതേശ്വർ പൂജാരയ്ക്ക് ആദ്യ ടെസ്റ്റിൽ അവസരം പോലും നൽകിയില്ല. കോച്ച് രവി ശാസ്ത്രിക്കും ക്യാപ്റ്റൻ കോഹ്‌ലിക്കു നേരെയും വിമർശനങ്ങൾ ഉയരുന്നു.