Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടു റൺസിനിടെ എട്ടു വിക്കറ്റ് കളഞ്ഞ് ‘ഇംഗ്ലീഷ് ചീട്ടുകൊട്ടാരം’; ഇന്ത്യയ്ക്ക് ജയം, പരമ്പര

CRICKET-INDIA/ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് നേടിയ ചാഹലിന്റെ ആഹ്ലാദം

ബെംഗളൂരു∙ നാഗ്പൂരിലെ ബുമ്രയുടെ ഇരട്ടി പ്രഹരശേഷിയുണ്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ യുസ്‌വേന്ദ്ര ചാഹലിന്. ആറു വിക്കറ്റ് വീഴ്ത്തി ഇംഗ്ലിഷ് ബാറ്റിങ് നിരയെ ചീട്ടുകൊട്ടാരം പോലെ നിരപ്പാക്കിയ ചാഹലിന്റെ ബോളിങിൽ മൂന്നാം ട്വന്റിയിൽ ഇന്ത്യയ്ക്ക് 75 റൺസ് ജയം. സ്കോർ: ഇന്ത്യ–20 ഓവറിൽ ആറു വിക്കറ്റിന് 206, ഇംഗ്ലണ്ട്–16.3 ഓവറിൽ 127നു പുറത്ത്. രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബോളിങ് പ്രകടനമാണ് ഹരിയാനക്കാരനായ ചാഹലിന്റേത് (6–25). എട്ടു റൺസിനിടെയാണ് ഇംഗ്ലണ്ടിന്റെ അവസാന എട്ടു വിക്കറ്റുകൾ വീണത്. ടെസ്റ്റ്, ഏകദിന പരമ്പരകൾക്കു പിന്നാലെ ട്വന്റി20 പരമ്പരയും വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ സ്വന്തമാക്കി.

സുരേഷ് റെയ്നയുടെയും (63) എം.എസ് ധോണിയുടെയും മികവിൽ ഇരുനൂറു കടന്ന ഇന്ത്യയുടെ സ്കോറിനെ പിന്തുടർന്ന ഇംഗ്ലണ്ടിന്റേത് അത്ര മോശം തുടക്കമായിരുന്നില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ സാം ബില്ലിങ്സ് (പൂജ്യം) മടങ്ങിയെങ്കിലും ജേസൺ റോയിയും(32) ജോ റൂട്ടും(42) മികച്ച അടിത്തറയിട്ടു. റോയ് മടങ്ങിയതിനു ശേഷം വന്ന ക്യാപ്റ്റൻ മോർഗൻ (21 പന്തിൽ 40) ഇംഗ്ലണ്ട് നൂറു കടന്നു. എന്നാൽ മോർഗനെയും റൂട്ടിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ചാഹൽ കളി മാറ്റി. പിന്നീടു വന്ന ഇംഗ്ലിഷ് ബാറ്റ്സ്മാൻമാർ ആരും രണ്ടക്കം കടന്നില്ല എന്നതിലുണ്ട് ചാഹലിന്റെ ബോളിങ് ശൗര്യം. ഇംഗ്ലിഷ് ബാറ്റിങ് നിരയിലെ അഞ്ചു പേരാണ് പൂജ്യത്തിനു പുറത്തായത്. ജസ്പ്രീത് ബുമ്ര മൂന്നും അമിത് മിശ്ര ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, രാഹുലുമായുള്ള ധാരണപ്പിശകിൽ  ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി (രണ്ട്) പുറത്താകുമ്പോൾ സ്കോർബോർഡിൽ നാലു റൺസ് മാത്രം. എങ്കിലും പിന്നീട് റെയ്ന– രാഹുൽ സഖ്യം സ്കോർ 65 വരെ എത്തിച്ചു. റെയ്ന ഫോമിലായതോടെ സിക്സറും ഫോറും ഒഴുകിത്തുടങ്ങി. 45 പന്തുകൾ നേരിട്ട റെയ്ന നാലു ബൗണ്ടറിയും അഞ്ചുസിക്സറും നേടി. റെയ്നയുടെ തകർപ്പനടികളുടെ ആവേശം ധോണിയിലേക്കും പടർന്നു.

36 പന്തുകളിൽ നിന്നു 56 റൺസ് ധോണി നേടി. അഞ്ചു ബൗണ്ടറിയും രണ്ടു സിക്സറും പറത്തി. മൂന്നാം വിക്കറ്റിൽ റെയ്നയും ധോണിയും ചേർന്ന് മൂന്നാം വിക്കറ്റിൽ 55 റൺസ് നേടി. നാലാം വിക്കറ്റിൽ ധോണി– യുവരാജ് സഖ്യം കുറിച്ചത് 57 റൺസ്. വെറും 10 പന്തുകളിൽ നിന്നു 27 റൺസുമായി യുവരാജ് തിളങ്ങി. ഹാർദിക് പാണ്ഡ്യ 11 റൺസോടെയും അരങ്ങേറ്റ താരം ഋഷഭ് പന്ത് ആറു റൺസോടെയും പുറത്താകാതെ നിന്നു.

CRICKET-IND-ENG-T20

സ്കോർബോർഡ്

ഇന്ത്യ: കോഹ്‌ലി റണ്ണൗട്ട്– രണ്ട്, രാഹുൽ ബി സ്റ്റോക്സ്– 22, റെയ്ന സി മോർഗൻ ബി പ്ലങ്കറ്റ്– 63, ധോണി സി റഷീദ് ബി ജോർദൻ – 56, യുവരാജ് സി ബട്‌ലർ ബി മിൽസ്– 27, പന്ത് നോട്ടൗട്ട്– ആറ്, പാണ്ഡ്യ റണ്ണൗട്ട്– 11

എക്സ്ട്രാസ്– 15

ആകെ 20 ഓവറിൽ ആറു വിക്കറ്റിന് 202

വിക്കറ്റുവീഴ്ച: 1–4, 2–65, 3–120, 4–177, 5–191, 6–202

ബോളിങ്: ടൈമൽ മിൽസ് 4–0–32–1, ക്രിസ് ജോർദൻ 4–0–56–1, പ്ലങ്കറ്റ് 2–0–22–1, ബെൻ സ്റ്റോക്സ് 4–0–32–1, മോയിൻ അലി 4–0–30–0, ആദിൽ റഷീദ് 2–0–23–0

ഇംഗ്ലണ്ട്: ജേസൺ റോയ് സി ധോണി ബി മിശ്ര–32, സാം ബില്ലിങ്സ് സി റെയ്ന ബി ചാഹൽ–പൂജ്യം, ജോ റൂട്ട് എൽബി ബി ചാഹൽ–42, ഒയിൻ മോർഗൻ സി പന്ത് ബി ചാഹൽ–40, ജോസ് ബട്‌ലർ സി കോഹ്‌ലി ബി ബുമ്ര–പൂജ്യം, ബെൻ സ്റ്റോക്ക്സ് സി റെയ്ന ബി ചാഹൽ–ആറ്, മോയിൻ അലി സി കോഹ്‌ലി ബി ചാഹൽ–രണ്ട്, ലയാം പ്ലങ്കറ്റ് ബി ബുമ്ര–പൂജ്യം, ക്രിസ് ജോർദൻ സ്റ്റംപ്ഡ് ധോണി ബി ചാഹൽ–പൂജ്യം, ആദിൽ റാഷിദ് നോട്ടൗട്ട്–പൂജ്യം, ടൈമൽ മിൽസ് സി കോഹ്‌ലി ബി ബുമ്ര–പൂജ്യം, എക്സ്ട്രാസ്– അഞ്ച്. ആകെ 16.3 ഓവറിൽ 127നു പുറത്ത്. 

വിക്കറ്റ് വീഴ്ച: 1–8, 2–55, 3–119, 4–119, 5–119, 6–123, 7–127, 8–127, 9–127, 10–127. 

ബോളിങ്: നെഹ്‌റ 3–1–24–0, ചാഹൽ 4–0–25–6, ബുമ്ര 2.3–0–14–3, മിശ്ര 4–0–23–1, പാണ്ഡ്യ 2–0–17–0, റെയ്ന 1–0–22–0.

related stories