മോഹിപ്പിക്കുന്ന തുടക്കമിട്ട് ‘ദ്രാവിഡ് സ്കൂളി’ൽനിന്ന് വിഹാരി

രാഹുൽ ദ്രാവിഡ്, ഹനുമ വിഹാരി

ലണ്ടൻ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറിയ 292–ാമത്തെ താരമാണ് ആന്ധ്രാപ്രദേശുകാരനായ ഹനുമ വിഹാരി. ഇംഗ്ലണ്ട് പര്യടനത്തിൽ മികച്ച ബാറ്റിങ് പ്രകടനങ്ങളിൽ കടുത്ത വരൾച്ച നേരിട്ടിരുന്ന ഇന്ത്യയ്ക്ക്, പ്രതീക്ഷയുടെ നനവ് സമ്മാനിച്ച് ഓവലിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച താരം. അരങ്ങേറ്റ ടെസ്റ്റിൽ അർധസെഞ്ചുറി നേടി, ഈ നേട്ടം കൈവരിക്കുന്ന 26–ാമത്തെ ഇന്ത്യൻ‌ താരമായും മാറി വിഹാരി.

അതേസമയം, തന്റെ നേട്ടങ്ങൾക്ക് വിഹാരി നന്ദി പറയുന്നത് പ്രധാനമായും ഒരേയൊരാളോടാണ്. ജൂനിയർ ക്രിക്കറ്റിൽ തന്റെ പരിശീലകനായിരുന്ന മുൻ ഇന്ത്യൻ താരം കൂടിയായ രാഹുൽ ദ്രാവിഡിനോട്. ഓവലിൽ കളിക്കാനിറങ്ങും മുൻപ് രാഹുൽ ദ്രാവിഡിനെ ഫോണിൽ വിളിച്ച് സംസാരിക്കാൻ സാധിച്ചതാണ് അർധസഞ്ചുറി പ്രകടനം പുറത്തെടുക്കാൻ തന്നെ സഹായിച്ചതെന്നും വിഹാരി വെളിപ്പെടുത്തുന്നു.

∙ ടീമില്‍ ഇടമുണ്ടെന്ന് നേരത്തേ അറിഞ്ഞു

അഞ്ചാം െടസ്റ്റിന് ഒരു ദിവസം മുൻപുതന്നെ ടീമിൽ എനിക്കിടമുണ്ടെന്ന് അറിഞ്ഞിരുന്നു. തീർച്ചയായും ഈ വാർത്ത എന്നെ ആവേശത്തിലാഴ്ത്തി. ക്രിക്കറ്ററെന്ന നിലയിൽ വളർച്ചയിൽ എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് പൂവണിയുന്നത്. ആദ്യം തന്നെ വീട്ടിൽ വിളിച്ച് ഞാൻ ഇക്കാര്യം അറിയിച്ചു. അവർക്കും ഇത് വളരെ സന്തോഷകരമായ വാർത്തയായിരുന്നു.

പിന്നാലെ ഞാൻ ദ്രാവിഡ് സാറിനെ വിളിച്ചു. ടെസ്റ്റ് ടീമിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ച വിവരം അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം ഏതാനും മിനിറ്റ് എന്നോടു സംസാരിച്ചു. അതോടെ എന്റെ എല്ലാ ആശങ്കകളും മാറി. അദ്ദേഹം എന്നോടു പറഞ്ഞത് ഇങ്ങനെയാണ്. നിനക്ക് കഴിവുണ്ട്. മനസാന്നിധ്യമണ്ട്. ക്ഷമയുമുണ്ട്. കളത്തിലിറങ്ങുക, കളി ആസ്വദിക്കുക – അരങ്ങേറ്റ ഇന്നിങ്സിലെ അർധസെഞ്ചുറി പ്രകടനത്തിനുശേഷം വിഹാരി പറഞ്ഞു.

∙ കോഹ‍്‌ലിയുടെ സാന്നിധ്യവും സഹായിച്ചു

കളത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കൊപ്പമുള്ള നിമിഷങ്ങളാണ് ഉറച്ചുനിൽക്കാൻ തന്നെ സഹായിച്ചതെന്നും വിഹാരി വെളിപ്പെടുത്തി. തുടക്കത്തിൽ തീർച്ചയായും എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു. മേഘാവൃതമായ അന്തരീക്ഷത്തിൽ ആൻഡേഴ്സനും ബ്രോഡും ബോൾ ചെയ്യുമ്പോൾ അതു സ്വാഭാവികമാണല്ലോ – വിഹാരി പറഞ്ഞു.

ആശങ്ക കാരണം തുടക്കത്തിൽ ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിൽ ചില പാളിച്ചകൾ സംഭവിച്ചു. എങ്കിലും മറുവശത്ത് ക്യാപ്റ്റൻ കോഹ്‍‍ലിയായതിനാൽ പതുക്കെ ആശങ്ക മാറി. കോഹ്‍ലിയുെട വാക്കുകളും എനിക്ക് ആത്മവിശ്വാസം പകർന്നു. ഈ ടൂർണമെന്റിന്റെ ആരംഭം മുതൽ ഉറച്ചുനിന്ന് കളിക്കുന്ന ഒരാളെന്ന നിലയിൽ കോഹ്‍ലിയുടെ സാന്നിധ്യം തീർച്ചയായും ഊർജം പകർന്നു. നിലയുറപ്പിച്ചതോടെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായി. ഇതു മുതലെടുക്കാനുള്ള ശ്രമം വിജയിച്ചതോടെയാണ് അർധസെഞ്ചുറി നേടാനായത് – വിഹാരി പറഞ്ഞു.

∙ കോഹ്‌ലിക്കും സ്മിത്തിനും മേലെ, വിഹാരി

ടെസ്റ്റ് അരങ്ങേറ്റത്തിനു മുൻപുതന്നെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ കവർന്ന താരമാണ് വിഹാരി. 63 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിലെ 97 ഇന്നിങ്‌സുകളിൽനിന്നി 5142 റൺസാണ് വിഹാരി ഇതുവരെ അടിച്ചുകൂട്ടിയത്. ബാറ്റിങ് ശരാശരി 59.79. ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും ഉയർന്ന ശരാശരിയാണിത്. സ്റ്റീവ് സ്മിത്ത് - 57.27, വിരാട് കോഹ്‌ലി- 54.28, രോഹിത് ശർമ- 54.71 എന്നിവരെല്ലാം പിന്നിൽ. നിലവിലെ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദിനുശേഷം ഇന്ത്യൻ ടീമിലേക്കു വിളിവരുന്ന ആദ്യ ആന്ധ്രപ്രദേശുകാരനാണ് ഇരുപത്തിനാലുകാരനായ ഹനുമ വിഹാരി. 18 വർഷത്തെ ഇടവേള.

സുദീർഘമായ ഇന്നിങ്‌സുകൾ കളിക്കാനുള്ള പാകതയാണ് വിഹാരിയെ ശക്തനായ ടെസ്റ്റ് താരമാക്കി മാറ്റുന്നത്. ഏറെ നേരം പിടിച്ചുനിന്ന് ബോളർമാർക്കുമേൽ ആധിപത്യം പുലർത്തുന്നു. 626, 688, 752 അവസാന മൂന്നു രഞ്ജി സീസണുകളിൽ വിഹാരി നേടിയ റൺസിന്റെ കണക്കാണിത്. പക്ഷേ വിഹാരിയുടെ സ്‌ട്രോക് പ്ലേക്കു മുതിരാതെ ക്രീസിൽ ഉറച്ചു നിന്നുള്ള കളിക്കു വിമർശകരേറെയായിരുന്നു

എന്നാൽ വിമർശനമുൾക്കൊണ്ടു വരുത്തിയ മാറ്റം അതിശയിപ്പിക്കുന്നതാണ്. 2015-16 സീസണിൽ 48.15 ആയിരുന്നു ബാറ്റിങ് ശരാശരി. അതാണിപ്പോൾ കുതിച്ചു ചാടി നിൽക്കുന്നത്. 752 റൺസ് അടിച്ച ഇക്കഴിഞ്ഞ സീസണിൽ ശരാശരി 94. ഒഡീഷയ്‌ക്കെതിരായി നേടിയ ട്രിപ്പിൾ സെഞ്ചുറിയും ഇതിൽഉൾപ്പെടും. ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് എതിരായി നേടിയ 183 റൺസും ശ്രദ്ധിക്കപ്പെട്ടു.

ഹൈദരാബാദിനുവേണ്ടി രഞ്ജി കളിച്ചിരുന്ന വിഹാരി രണ്ടു സീസൺ മുൻപേ ആന്ധ്രയ്ക്കായി പാഡണിയാൻ തീരുമാനിച്ചതാണ് കരിയറിലെ വഴിത്തിരിവ്. നല്ല രഞ്ജി കളിക്കാരനായി അറിയപ്പെടാനല്ല, ഇന്ത്യൻ കളിക്കാരാനായി മാറാനാണ് ആഗ്രഹമെന്നായിരുന്നു ടീം മാറ്റത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനം. ആന്ധ്ര ക്യാപ്റ്റൻസി ഏറ്റെടുത്തതോടെ കൂടുതൽ ഉത്തരവാദിത്തവുമായി. അതിനുശേഷം വച്ചടി കയറ്റമാണ്.

ദക്ഷിണാഫ്രിക്ക എ, ഇംഗ്ലണ്ട് എ ടീമുകൾക്കെതിരായ ടീമിൽ ഇടം ലഭിച്ചപ്പോഴേ ഇന്ത്യൻ ടീമിലേക്കുള്ള ദൂരം കുറഞ്ഞെന്ന് വിഹാരി ഉറപ്പിച്ചതാണ്. കിട്ടിയ അവസരം മുതലാക്കിയതാണ് തുണയായത്. രാഹുൽ ദ്രാവിഡിന്റെ പരിശീലനം തന്നെ ഏറെ സഹായിച്ചതായി വിഹാരി പറയുന്നു. ബെംഗളൂരുവിൽ ദക്ഷിണാഫ്രിക്ക എക്കെതിരെ നേടിയ 148 ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള എൻട്രി പാസായി.

∙ ഹൈദരാബാദിനായി ഐപിഎൽ

വിഹാരിയുടെ ബാറ്റിങ് ക്ലാസ് തിരിച്ചറിഞ്ഞ സൺറൈസേഴ്സ് ഹൈദരാബാദ് 2015ൽ ടീമിലെത്തിച്ചു. ഒരു മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയെങ്കിലും 22 മൽസരങ്ങളിൽനിന്ന് കാര്യമായൊന്നും സംഭാവന ചെയ്യാനായില്ല. പിന്നീട് ടീമുകളൊന്നും പരിഗണിച്ചുമില്ല. താൻ ശ്രദ്ധിക്കപ്പെടാൻ ഐപിഎൽ താരമല്ലെന്ന തിരിച്ചറിവും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താൻ ഹനുമ വിഹാരിയെ പ്രചോദിപ്പിച്ചു.

അമ്മയുടെ പിന്തുണ

വിഹാരിക്ക് ഒൻപത് വയസ്സുള്ളപ്പോഴാണ് അച്ഛൻ സത്യനാരായണ, അമ്പാട്ടി റായുഡുവിന്റെ കളി കാണാൻ ജിംഖാന സ്റ്റേഡിയത്തിലേക്കു കൂട്ടിയത്. റായുഡുവിന്റെ ഓൺ ഡ്രൈവ് കാണിച്ചു കൊടുത്ത് അതുപോലെ ചെയ്യാനാകുമോയെന്നായിരുന്നു ചാലഞ്ച്. രണ്ടു ദിവസം വിഹാരി അതിനു പിറകെയായിരുന്നു. മനോഹരമായി ഓൺഡ്രൈവ് കാണിച്ച് അച്ഛനെ തൃപ്തിപ്പെടുത്തിയേ പയ്യൻ അടങ്ങിയുള്ളൂ. പിന്നീട് ജിംഖാന യാത്ര പതിവായി.

വിഹാരിക്കു 12 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. ദിവസങ്ങൾക്കകം ബാറ്റെടുത്ത് തന്റെ ടീമിനെ വിജയിപ്പിച്ച മകന്റെ നിശ്ചയദാർഢ്യം, അമ്മ വിജയലക്ഷ്മിയെ സ്വാധീനിച്ചു. ഇവൻ ക്രിക്കറ്റിൽ ശോഭിക്കുമെന്നു തിരിച്ചറിഞ്ഞ അവർ, ജോലിക്കു പോലും ശ്രമിക്കാതെ മകന്റെ ക്രിക്കറ്റിനൊപ്പം നിലകൊണ്ടു.അച്ഛന്റെ പെൻഷൻമാത്രമായിരുന്നു വരുമാനം. പഠിത്തത്തെക്കാൾ കളിക്കു പ്രാധാന്യം നൽകാൻ പറഞ്ഞ അമ്മയാണ് ഈ കളിക്കാരനിലെ ഊർജം.