ലണ്ടൻ∙ മികച്ച താരമായിരുന്നിട്ടു കൂടി ഇന്ത്യൻ ടീം മാനേജ്മെന്റ് രവീന്ദ്ര ജഡേജയെ അവസാന ടെസ്റ്റ് മൽസരത്തിൽ മാത്രം ഉൾപ്പെടുത്തിയതിൽ സന്തോഷം രേഖപ്പെടുത്തി ഇംഗ്ലണ്ട് സഹപരിശീലകൻ പോൾ ഫാർബ്രെയ്സ് രംഗത്ത്. സമകാലീന ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാണ് ജഡേജയെന്നു ചൂണ്ടിക്കാട്ടിയാണ് ഫാർബ്രെയ്സിന്റെ വാക്കുകൾ. ഓവലിൽ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ, പുറത്താകാതെ 86 റൺസെടുത്ത ജഡേജയാണ് കരകയറ്റിയത്.
അവസാന വിക്കറ്റിൽ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ചേർന്ന് ജഡേജ 32 റൺസ് കൂട്ടിച്ചേർത്തത് തങ്ങളെ നിരാശപ്പെടുത്തിയെന്നും ഫാർബ്രെയ്സ് വ്യക്തമാക്കി. ഓവൽ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ജഡേജയുടെ പ്രകടനം ഉജ്വലമായിരുന്നുവെന്നും ഫാർബ്രെയ്സ് അഭിപ്രായപ്പെട്ടു.
ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിർ ടീമിൽ കനത്ത നാശം വിതയ്ക്കാാൻ ശേഷിയുള്ള താരമാണ് ജഡേജ. ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചവരിൽ ഒരാൾ. അവസാനത്തെ ടെസ്റ്റിൽ മാത്രമേ ഇന്ത്യൻ ടീം ജഡേജയെ കളിപ്പിച്ചുള്ളൂ എന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ അവസാന ടെസ്റ്റ് ഇന്നിങ്സിൽ ഓവലിൽ അലസ്റ്റയർ കുക്ക് സെഞ്ചുറി നേടണമെന്നാണ് ക്രിക്കറ്റ് ആരാധകർ ആഗ്രഹിക്കുന്നതെന്നും ഫാർബ്രെയ്സ് പറഞ്ഞു. മൂന്നാം ദിനം കളി നിർത്തുമ്പോൾ 46 റൺസുമായി കുക്ക് ക്രീസിലുണ്ട്. അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും കുക്ക് അർധസെഞ്ചുറി നേടിയിരുന്നു.