ലണ്ടൻ∙ ഇംഗ്ലണ്ട് താരം മൈക് ഗാറ്റിങ്ങിനെ പുറത്താക്കിയ സാക്ഷാൽ ഷെയ്ൻ വോണിന്റെ ‘നൂറ്റാണ്ടിലെ പന്ത്’ ഓർമയുണ്ടോ? 1993ലെ ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിൽ ലെഗ്സ്റ്റംപിനു പുറത്തുകുത്തിയശേഷം കുത്തിത്തിരിഞ്ഞ് ഗാറ്റിങ്ങിന്റെ ഓഫ് സ്റ്റംപുമായി പറന്ന ആ പന്ത് സൃഷ്ടിച്ച ആവേശവും വിസ്മയവും ഇന്നും ക്രിക്കറ്റ് ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല. 2005ൽ ഇംഗ്ലണ്ടിന്റെ തന്നെ ആൻഡ്രൂ സ്ട്രോസ്സിനെതിരെയും സമാനമായൊരു പന്ത് വോൺ എറിഞ്ഞിരുന്നു.
ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ സകല പ്രതീക്ഷകളും തകർത്തു കളഞ്ഞതും അത്തരമൊരു പന്താണ്. 464 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക്, ആറാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു തീർത്ത് പ്രതീക്ഷ സമ്മാനിച്ച ലോകേഷ് രാഹുലിനെ പുറത്താക്കാൻ ആദിൽ റഷീദാണ് ആ പന്തെറിഞ്ഞത്. രണ്ടു റൺസിനിടെ മൂന്നു മുൻനിര വിക്കറ്റുകൾ (ശിഖർ ധവാൻ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി) നഷ്ടമാക്കി തോൽവി തുറിച്ചുനോക്കിയ ഇന്ത്യയെ, ആദ്യം നാലാം വിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (118), പിന്നീട് ആറാം വിക്കറ്റിൽ പന്തിനൊപ്പം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും (204) തീർത്ത് രാഹുൽ കരകയറ്റി വരവെയാണ് റഷീദിന്റെ വിരലുകളിൽനിന്നും ആ ‘മാന്ത്രിക പന്ത്’ പുറപ്പെട്ടത്.
ഈ സമയത്ത് 222 പന്തിൽ 20 ബൗണ്ടറിയും ഒരു സിക്സും സഹിതം 149 റൺസെടുത്ത് നിൽക്കുകയായിരുന്നു രാഹുൽ. ഇന്ത്യയാകട്ടെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിൽ. അഞ്ചു വിക്കറ്റും ആവശ്യത്തിന് ഓവറുകളും ബാക്കിയിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 139 റൺസ് മാത്രം.
എന്നാൽ, 82–ാം ഓവർ ബോൾ ചെയ്യാനെത്തിയ ആദിൽ റഷീദിന്റെ ആദ്യ പന്തിൽത്തന്നെ രാഹുലിന്റെ കഥ കഴിഞ്ഞു. ഇന്ത്യയുടെയും. ലെഗ് സ്റ്റംപിനു പുറത്തുകുത്തി അസാധ്യമായി ടേൺ ചെയ്ത പന്ത് ഓഫ് സ്റ്റംപിളക്കിയാണ് പറന്നത്. ആ പന്തു പ്രതിരോധിക്കാനുള്ള ശ്രമം പരാജയപ്പെട്ട് രാഹുൽ ക്രീസ് വിടുമ്പോൾ, ഇന്ത്യ മൽസരവും കൈവിടുകയായിരുന്നു. അധികം വൈകാതെ ഋഷഭ് പന്തിനെയും പുറത്താക്കി റഷീദ് ഇന്ത്യയെ മൽസരത്തിൽനിന്ന് പൂർണമായും അകറ്റുകയും െചയ്തു.
നൂറ്റാണ്ടിന്റെ ബോൾ
1993ലെ ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകം ഇന്നും അദ്ഭുതംകൂറുന്ന നൂറ്റാണ്ടിന്റെ ബോൾ പിറവികൊണ്ടത്. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് (ജൂൺ 4) ഷെയ്ൻ വോണിന്റെ വിരലുകൾ മാന്ത്രികം കാണിച്ചത്. സ്പിൻ ബോളിങ്ങിനെതിരെ മികച്ച റെക്കോർഡുള്ള ഇംഗ്ലണ്ട് ബാറ്റ്സ്മാൻ മൈക് ഗാറ്റിങ്ങിനെതിരെ പന്തെറിയാനെത്തുമ്പോൾ ഒരു സാധാരണ ലെഗ്സ്പിന്നർ മാത്രമായിരുന്നു ഷെയ്ൻ വോൺ. അതുവരെ 11 ടെസ്റ്റുകളിൽ നിന്നായി 31 വിക്കറ്റുകളായിരുന്നു സമ്പാദ്യം.
ഗാറ്റിങ്ങിനെതിരായ ആദ്യ പന്ത് അക്ഷരാർഥത്തിൽ നൂറ്റാണ്ടിന്റെതന്നെ അദ്ഭുതമായിരുന്നു. ലെഗ് സ്റ്റംപിന് ഇഞ്ചുകൾ പുറത്തു കുത്തിയ പന്ത് തിരിഞ്ഞുകയറിയത് ഓഫ് സ്റ്റംപ് തെറിപ്പിച്ചുകൊണ്ട്. ലെഗ് സ്റ്റംപിന് വെളിയിൽ കുത്തി ഡിഫൻഡ് ചെയ്യാനുള്ള ഗാറ്റിങ്ങിന്റെ ശ്രമം അമ്പേ പരാജയപ്പെട്ടു. അവിശ്വസനീയത ഗാറ്റിങ്ങിന്റെ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. പിന്നീട് എട്ടു വിക്കറ്റുകൾ കൂടി അതേ ടെസ്റ്റിൽ സ്വന്തമാക്കി. ആഷസ് പരമ്പരയിലെ അഞ്ചു ടെസ്റ്റുകളിൽ നിന്നുമാത്രം വോൺ വീഴ്ത്തിയത് 35 വിക്കറ്റുകളാണ്. പിന്നീട് കണ്ടത് ഷെയ്ൻ വോണെന്ന പകരംവയ്ക്കാനില്ലാത്ത സ്പിന്നറുടെ സുവർണകാലം.