ലണ്ടൻ∙ ഇംഗ്ലണ്ടിൽ അഞ്ചു ടെസ്റ്റുകളുടെ പരമ്പര 4–1ന് കൈവിട്ടെങ്കിലും, ഇവിടെ ഇന്ത്യ പുറത്തെടുത്ത പോരാട്ടവീര്യം കാണാതെ പോകരുതെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഇംഗ്ലണ്ട് 4–1ന് പരമ്പര നേടി എന്നതു മാത്രം നോക്കിയാൽ പരമ്പര എത്രമാത്രം ആവേശകരമായിരുന്നുവെന്ന് മനസ്സിലാകില്ലെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. ഇന്ത്യ ഏറ്റവും മികച്ച പോരാട്ടം തന്നെയാണ് ഇംഗ്ലണ്ടിൽ പുറത്തെടുത്തത്. ആളുകൾക്ക് ഒരു വശം മാത്രം കാണാനും വിമർശിക്കാനുമാണ് താൽപര്യമെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. ഓവൽ ക്രിക്കറ്റ് ടെസ്റ്റിലും തോൽവി വഴങ്ങിയശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കോഹ്‍ലി.
കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയ്ക്കു ലഭിച്ച ഏറ്റവും മികച്ച ടീമാണ് ഇപ്പോഴത്തേതെന്ന പരിശീലകൻ രവി ശാസ്ത്രിയുടെ അവകാശവാദം കോഹ്‍ലി ശരിവയ്ക്കുകയും ചെയ്തു. നമ്മൾ തന്നെയാണ് ഏറ്റവും മികച്ചവർ എന്നല്ലേ കരുതേണ്ടതെന്നും കോഹ്‍ലി ചോദിച്ചു.
ആളുകൾക്ക് കാര്യങ്ങളുടെ ഒരു വശം മാത്രം കാണാനും അതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉന്നയിക്കാനുമാണ് താൽപര്യം. പരമ്പരയിൽ നാം പുറത്തെടുത്ത പോരാട്ടവീര്യം അവർക്കൊന്നുമല്ല. ബാറ്റിങ്ങിലായാലും ബോളിങ്ങിലായാലും ചില സമയത്ത് സമ്മർദ്ദം താങ്ങാൻ നമുക്കു സാധിക്കുന്നില്ല എന്നതാണ് വസ്തുത. നമ്മുടെ ഈ ദൗർബല്യം മുതലെടുക്കാൻ ഇംഗ്ലണ്ടിന് സാധിച്ചതാണ് പരമ്പര വിജയികളെ നിർണയിക്കുന്നതിൽ നിർണായകമായത്. ഇതല്ലാതെ തിരുത്തേണ്ടതായി മറ്റെന്തെങ്കിലും പിഴവ് നാം വരുത്തിയതായി കരുതന്നില്ലെന്നും കോഹ്‍ലി വ്യക്തമാക്കി.
തോറ്റ നാലു ടെസ്റ്റുകളിൽപ്പോലും ഇന്ത്യയ്ക്ക് മേധാവിത്തം ലഭിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. കളിയോടുള്ളള നമ്മുടെ സമീപനത്തെക്കുറിച്ച് ആർക്കും തർക്കമില്ല. ജയിക്കാനുള്ള മനസ്സുള്ള ടീമാണ് ഇത്. ടീമിന്റെ പ്രകടനത്തിൽ തീർച്ചയായും പുരോഗതിയുണ്ട്. മൽസരം ഇരുവശത്തേക്കും ചായാനുള്ള സാധ്യത നിലനിൽക്കുന്ന നിർണായക ഘട്ടങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കുക എന്നതാണ് പ്രധാനം. എതിരാളികൾക്ക് മൽസരത്തിലേക്ക് തിരിച്ചുവരാൻ അവസരം കൊടുക്കാതെ തടയാനാകണം. ഇനിമുതൽ മികച്ച പ്രകടനത്തോടെ പരമ്പരകൾ തുടങ്ങാനുമാകണം – കോഹ്‍ലി പറഞ്ഞു.
ഇംഗ്ലണ്ട് 4–1ന് പരമ്പര നേടിയെങ്കിലും ആ കണക്കിൽനിന്ന് ഇന്ത്യയുടെ പ്രകടനത്തെ വിലയിരുത്താനാകില്ലെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. കളത്തിൽ നമ്മൾ പുറത്തെടുത്ത പ്രകടനം സ്കോർ ബോർഡിൽ കാണാനാകില്ല. ഏറ്റവും ശക്തമായ മൽസരം നടന്ന പരമ്പരയാണ് ഇതെന്ന് രണ്ടു ടീമുകൾക്കും വ്യക്തമായ ബോധ്യമുണ്ടു താനും – കോഹ്‍ലി പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിന് എക്കാലവും വലിയ മുതൽക്കൂട്ടാണ് ഈ പരമ്പരയെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. ഇരു ടീമുകളും വിജയത്തിനായി ഉറച്ചുപൊരുതുന്നതു കാണാൻ ആരാധകർക്കും താൽപര്യമുണ്ടായിരുന്നു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള നമ്മുടെ ശ്രമമാണ് ഈ ഫലത്തിൽ കാണുന്നത് – കോഹ്‍ലി പറഞ്ഞു.