Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിക്ക് 35 സെഞ്ചുറിയുണ്ട്, താങ്കൾ 35 കളിക്കിറങ്ങിയിട്ടുണ്ടോ? തൻവീറിനോടു ഗംഭീർ

tanvir-gambhir തൻവീർ അഹമ്മദ്, ഗൗതം ഗംഭീർ

മുംബൈ∙ ഏഷ്യാ കപ്പിൽനിന്നു വിട്ടുനിൽക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ പരിഹസിച്ച മുൻ പാക്ക് താരം തൻവീർ അഹമ്മദിന്റെ വായടപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഒരു ടിവി ഷോയ്ക്കിടെയാണ്, പാക്കിസ്ഥാനെതിരെ കളിക്കുന്ന കാര്യം ഓർത്തിട്ടാണ് കോഹ്‍ലി ഏഷ്യാ കപ്പിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് തൻവീർ അഹമ്മദ് അഭിപ്രായപ്പെട്ടത്. ഗൗതം ഗംഭീറും ഈ ഷോയുടെ ഭാഗമായിരുന്നു.

തൻവീറിന്റെ പരാമർശം ഇങ്ങനെ:

‘എന്റെ അഭിപ്രായത്തിൽ കോഹ്‍ലി നടത്തിയത് ഒളിച്ചോട്ടമാണ്. ഇംഗ്ലണ്ട് പര്യടനത്തിലെ എല്ലാ മൽസരങ്ങളിലും കോഹ്‍ലി കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് കോഹ്‍ലിക്ക് പുറം വേദന കലശലായത്. എന്നിട്ടും കോഹ്‍ലി തുടർന്നു കളിച്ചു. ഇംഗ്ലണ്ടിനെതിരെ പുറം വേദന അവഗണിച്ചും കോഹ്‍ലി കളിച്ചെങ്കിൽ, ഏഷ്യാ കപ്പിലും അദ്ദേഹം കളിക്കേണ്ടതായിരുന്നു. ഫൈനൽ ഉൾപ്പെടെ ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ മൂന്നു മൽസരങ്ങൾ കളിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ കോഹ്‍ലി ഒളിച്ചോടുകയായിരുന്നു’ – തൻവീർ പറഞ്ഞു.

ഇതിനോട് ഗൗതം ഗംഭീറിന്റെ മറുപടി ഇങ്ങനെ:

‘മുപ്പത്തഞ്ചോ മുപ്പത്തിയാറോ സെഞ്ചുറികൾ സ്വന്തം പേരിലുള്ള താരമാണ് കോഹ്‍ലി. തൻവീർ 35 രാജ്യാന്തര മൽസരങ്ങൾ കളിച്ചിട്ടുണ്ടോ എന്നു പോലും ഉറപ്പുമില്ല’

കണക്കുകൾ പരിധോധിച്ചാൽ ഗംഭീറിന്റെ പരിഹാസത്തിലും കാര്യമുണ്ടെന്ന് വ്യക്തമാകും. മുപ്പത്തിയൊൻപതുകാരനായ തൻവിർ പാക്കിസ്ഥാനായി അഞ്ച് ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും ഒരു ട്വന്റി20 മൽസരവും മാത്രമേ കളിച്ചിട്ടുള്ളൂ. ആകെ സമ്പാദ്യം 20 വിക്കറ്റുകളും!