ദുബായ്∙ വിരാട് കോഹ്‍ലിക്കു സിലക്ടർമാർ വിശ്രമം അനുവദിച്ചതുകൊണ്ടു മാത്രം ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ അവസരം കിട്ടിയ താരമാണ് രോഹിത് ശർമ. കിട്ടിയ അവസരം രോഹിത് ശരിക്കു മുതലെടുത്തു. ഏഷ്യാകപ്പിൽ ഇതുവരെ കളിച്ച മൂന്നു മൽസരങ്ങളും ജയിച്ചിരിക്കുന്നു ടീം ഇന്ത്യ. പാക്കിസ്ഥാനെതിരായ വിജയവും ഇതിൽ ഉൾപ്പെടുന്നു. കളിച്ച എല്ലാ മൽസരങ്ങളും ജയിച്ച മറ്റൊരു ടീമും ഇക്കുറി ഏഷ്യാകപ്പിൽ അവശേഷിക്കുന്നില്ല. ജയിച്ച മൂന്നു മൽസരങ്ങളിൽ രണ്ടിലും അർധസെഞ്ചുറി നേടി ടീമിന്റെ വിജയശിൽപിയാവുകയും ചെയ്തു രോഹിത്.
ഇതിനു പിന്നാലെയിതാ, ക്യാപ്റ്റനെന്ന നിലയിലുള്ള ഉത്തരവാദിത്തം രോഹിത് ശർമയുടെ ബാറ്റിങ് മെച്ചപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സാക്ഷാൽ സുനിൽ ഗാവസ്കർ രംഗത്തെത്തിയിരിക്കുന്നു. മാത്രമല്ല, ഇന്ത്യയെ നയിക്കാൻ അവസരം കിട്ടിയപ്പോഴെല്ലാം ക്യാപ്റ്റനെന്ന നിലയിൽ കഴിവു തെളിയിക്കാൻ രോഹിതിനു സാധിച്ചിട്ടുണ്ടെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടുന്നു.
നായകനെന്ന നിലയിൽ ആദ്യ സീസണിൽത്തന്നെ മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ ഐപിഎൽ കിരീടം നേടിക്കൊടുത്ത കാര്യവും ഗാവസ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടീമിനെ നയിക്കാൻ അവസരം കിട്ടിയപ്പോഴും രോഹിത് തന്റെ കഴിവു പ്രകടമാക്കിയിട്ടുണ്ട്. ക്ഷമയോടെ ടീമിനെ നിയന്ത്രിക്കാൻ രോഹിതിന് സാധിക്കുന്നുണ്ട്. ക്യാപ്റ്റനെന്ന നിലയിലുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ബാറ്റിങ്ങും മെച്ചപ്പെടുത്തിയിരിക്കുന്നു – ഗാവസ്കർ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് തന്നെ ഒഴിവാക്കിയത് തെറ്റായിപ്പോയെന്ന് തെളിയിക്കാനും രോഹിതിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ഉചിതമായ രീതിയിൽത്തന്നെ രോഹിത് അത് തെളിയിച്ചു. രോഹിത് ശർമ മികച്ച ഫോമിൽ ബാറ്റു ചെയ്യുന്നതിനേക്കാൾ മികച്ച കാഴ്ചയൊന്നും സമകാലീന ക്രിക്കറ്റിലില്ലെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി.
ശിഖർ ധവാനും രോഹിത് ശർമയും ചേരുമ്പോൾ നിലവിൽ ലോകത്തിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യമായി. ഇരുവരും പരസ്പരം പ്രോത്സാഹിപ്പിച്ചും സമ്മർദ്ദമകറ്റിയുമാണ് ബാറ്റ് ചെയ്യുന്നതെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി. ഇതുവരെ മൂന്നു മൽസരങ്ങളിൽനിന്ന് 79 റൺസ് ശരാശരിയിൽ 158 റൺസാണ് രോഹിത് ശർമയുടെ സമ്പാദ്യം. രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടെയാണിത്. ശിഖർ ധവാനൊപ്പം രണ്ടു മൽസരങ്ങളിൽ ടീമിന് അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ മികച്ച തുടക്കം സമ്മാനിക്കാനും രോഹിതിന് സാധിച്ചു.
ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് മൂന്നു തവണ കിരീടം നേടിക്കൊടുത്തിട്ടുള്ള താരമാണ് രോഹിത്. മാത്രമല്ല, ഇക്കഴിഞ്ഞ ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പരയിൽ 2–1നും ട്വന്റി20 പരമ്പരയിൽ 3–0നും ടീമിനു വിജയം സമ്മാനിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മാർച്ചിൽ ശ്രീലങ്കയും ബംഗ്ലദേശും ഉൾപ്പെട്ട നിദാഹാസ് ട്രോഫി ഇന്ത്യ നേടിയതും രോഹിതിന്റെ നേതൃത്വത്തിലാണ്.