ദുബായ് ∙ ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാനെ രണ്ടുവട്ടം കീഴടക്കി; ആദ്യം പന്തു കൊണ്ട്, പിന്നെ ബാറ്റുകൊണ്ടും! ടൂർണമെന്റിൽ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യ സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ ഇന്നലെ തകർത്തു വിട്ടത് ഒൻപതു വിക്കറ്റിന്. സെഞ്ചുറി നേട്ടത്തോടെ തിളങ്ങിയ ശിഖർ ധവാനും (114) രോഹിത് ശർമയുമാണ് (111*) ഇന്ത്യൻ വിജയം അനായാസമാക്കിയത്.
സ്കോർ: പാക്കിസ്ഥാൻ 50 ഓവറിൽ ഏഴു വിക്കറ്റിന് 237; ഇന്ത്യ 39.3 ഓവറിൽ ഒരു വിക്കറ്റിന് 238.
ഇന്നലത്തെ വിജയത്തോടെ ഒരു കളി ബാക്കിനിൽക്കെത്തന്നെ ടൂർണമെന്റ് ഫൈനലിലും ഇന്ത്യ ഇടം പിടിച്ചു.ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ദുബായിലെ വേഗം കുറഞ്ഞ വിക്കറ്റിൽ ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന് ശുഐബ് മാലിക്കിന്റെ (78) ഇന്നിങ്ങ്സാണു പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് (44) മാലിക്കിനു മികച്ച പിന്തുണ നൽകി. എന്നാൽ മികച്ച ഫോമിൽ ബാറ്റു വീശിയ ഇന്ത്യൻ ഓപ്പണർമാർ പേരുകേട്ട പാക്കിസ്ഥാൻ പേസ് നിരയെ അടിച്ചൊതുക്കിയതോടെ പത്ത് ഓവർ അധികം ബാക്കിനിൽക്കെ ഇന്ത്യ വിജയം കണ്ടു.
കരിയറിലെ 15–ാം സെഞ്ചുറിയിലെത്താൻ 95 പന്തു മാത്രമാണു ധവാനു വേണ്ടിവന്നത്. പവർപ്ലേ ഓവറുകളിൽ പാക്ക് പേസർമാരെ കണക്കിനു പ്രഹരിച്ച ധവാൻ റണ്ണൗട്ടായി മടങ്ങും മുൻപ് 16 ബൗണ്ടറിയും രണ്ടു സിക്സുമടിച്ചു. മെല്ലെയാണു തുടങ്ങിയതെങ്കിലും പിന്നീട് തുടരെ ബൗണ്ടറികൾ നേടിയ രോഹിത് ശർമ 35–ാം ഓവറിൽ കരിയറിലെ 19–ാം സെഞ്ചുറിയിലെത്തി. ഏഴു ഫോറും നാലു സിക്സുമടിച്ച രോഹിത് ഇന്നലെ 7000 ഏകദിന റൺസ് എന്ന നേട്ടവും പിന്നിട്ടു.
നേരത്തെ 3 വിക്കറ്റിന് 58 എന്ന നിലയിൽ തകർച്ചയെ നേരിട്ട പാക്കിസ്ഥാനെ സർഫ്രാസ് അഹമ്മദ്– ശുഐബ് മാലിക് സഖ്യമാണു കരകയറ്റിയത്. ഇന്ത്യൻ സ്പിന്നർമാർക്കെതിരെ ശ്രദ്ധാപൂർവമാണു സഖ്യം ബാറ്റുവീശിയത്. റൺറേറ്റ് നന്നേ കുറഞ്ഞെങ്കിവും ഇരുവർക്കും നിലയുറപ്പിക്കാനായതു പാക്കിസ്ഥാനു നേട്ടമായി. 27.1 ഓവറിൽ പാക്ക് സ്കോർ 100 കടന്നതോടെ സഖ്യം സ്കോറിങ് വേഗം കൂട്ടിത്തുടങ്ങി. നാലാം വിക്കറ്റിൽ 107 റൺസ് ചേർത്ത കൂട്ടുകെട്ടു പൊളിച്ചതു കുൽദീപാണ്. 39–ാം ഓവറിൽ എക്സ്ട്രാ കവറിൽ രോഹിതിനു ക്യാച്ച് നൽകി സർഫ്രാസ് (44) മടങ്ങിയതോടെയാണ് ഇന്ത്യ നെടുവീർപ്പിട്ടത്.
സ്കോർ ബോർഡ്
പാക്കിസ്ഥാൻ: ഇമാമുൽ ഹഖ് എൽബിഡബ്ല്യു ബി ചാഹൽ 10, സമാൻ എൽബിഡബ്ല്യു ബി കുൽദീപ് 31, അസം റണ്ണൗട്ട് 9, സർഫ്രാസ് സി രോഹിത് ബി കുൽദീപ് 44, മാലിക് സി ധോണി ബി ബുമ്ര 78, ആസിഫ് അലി ബി ചാഹൽ 31, ഷദബ് ബി ബുമ്ര 10, നവാസ് നോട്ടൗട്ട് 15, ഹസൻ അലി നോട്ടൗട്ട് 2. എക്സ്ട്രാസ് 8. ആകെ 50 ഓവറിൽ 7 വിക്കറ്റിന് 237.
ബോളിങ്: ഭുവനേശ്വർ 9–0–46–0, ബുമ്ര– 10–1–29–2, ചാഹൽ 9–0–46–2, കുൽദീപ് 10–0–41–2, ജഡേജ 9–0–50–0, ജാദവ് 3–0–20–0
ഇന്ത്യ: രോഹിത് ശർമ നോട്ടൗട്ട് 111, ധവാൻ റണ്ണൗട്ട് 114, റായുഡു നോട്ടൗട്ട് 12.