ദുബായ്∙ ഏഷ്യാകപ്പിൽ സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മൽസരത്തിൽ പാക്കിസ്ഥാന് വിജയം സമ്മാനിച്ച വെറ്ററൻ താരം ശുഐബ് മാലിക്കിനെ ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണിയുമായി താരതമ്യപ്പെടുത്തി മുൻ പാക്ക് നായകൻ വസിം അക്രം. അഫ്ഗാനെതിരെ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് വിക്കറ്റുകൾ നഷ്ടമാക്കി തോൽവിയിലേക്കു നീങ്ങിയ പാക്കിസ്ഥാനെ മാലിക്കിന്റെ അവസരോചിത പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറിൽ വിജയത്തിലേക്ക് 10 റൺസ് വേണ്ടിയിരിക്കെ, രണ്ടാം പന്തിൽ സിക്സും മൂന്നാം പന്തിൽ ബൗണ്ടറിയും നേടിയാണ് മാലിക്ക് പാക്കിസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചത്.
ഇതിനു പിന്നാലെയാണ് ട്വിറ്ററിൽ മാലിക്കിനെ ധോണിയുമായി താരതമ്യപ്പെടുത്തി അക്രത്തിന്റെ കുറിപ്പെത്തിയത്. അതിങ്ങനെ:
‘അനുഭവസമ്പത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. പോരാളികളായ അഫ്ഗാനിസ്ഥാനെതിരെ ശുഐബ് മാലിക്ക് അതു തെളിയിച്ചിരിക്കുന്നു. ധോണിയുടേതിനു സമാനമായ രീതിയിലാണ് മാലിക്ക് മൽസരം പൂർത്തിയാക്കിയത്. ബാറ്റിങ്ങിനിടെ മാലിക്കിന്റെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. ഇത് ബോളർമാരെ നിരാശപ്പെടുത്തും. അടുത്ത പന്തിൽ എന്താണു പ്രതീക്ഷിക്കേണ്ടതെന്ന് അവർക്ക് യാതൊരു പിടിയും കിട്ടില്ല എന്നതു തന്നെ കാരണം. ഉജ്വല പ്രകടനം മാലിക്ക്’ – അക്രം കുറിച്ചു.