ബോംബ് സ്ഫോടനങ്ങളും ആഭ്യന്തര കലഹങ്ങളും തകർത്തെറിഞ്ഞ അഫ്ഗാനിലെ തെരുവുകൾ ക്രിക്കറ്റ് എന്ന കായികവിനോദത്തിലൂടെ പുതുജീവൻ തേടുകയാണിപ്പോൾ. ക്രിക്കറ്റിലെ വല്യേട്ടന്മാരായ ഇന്ത്യയും പാക്കിസ്ഥാനും അരങ്ങുതകർക്കുന്ന ഏഷ്യ കപ്പിൽ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവർന്ന ടീം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം, അഫ്ഗാനിസ്ഥാൻ! വാക്കുകൊണ്ടു വെടിപൊട്ടിച്ചു കൈയടി നേടുന്നതല്ല, മറിച്ചു കളിക്കളത്തിൽ കാര്യങ്ങൾ വെടിപ്പാക്കുന്നതാണ് അഫ്ഗാന്റെ ശൈലി. അമിതാവേശമില്ല, അനാവശ്യ വിവാദങ്ങളില്ല.
സൂപ്പർ ഫോറിലെ രണ്ടു കളിയും തോറ്റ അഫ്ഗാൻ ടൂർണമെന്റിനു പുറത്തായിക്കഴിഞ്ഞെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ, അഞ്ചുവട്ടം ജേതാക്കളായ ശ്രീലങ്കയെയും കരുത്തരായ ബംഗ്ലദേശിനെയും തകർത്തെറിഞ്ഞു ക്രിക്കറ്റിൽ പുതുചരിത്രമെഴുതാനായതിന്റെ തിളക്കത്തിലാണ് അവർ. സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെയും ബംഗ്ലദേശിനെതിരെയും അവസാന ഓവർ വരെ നീണ്ട പോരാട്ടങ്ങളിൽ ഏകദിന ക്രിക്കറ്റിലെ പരിചയക്കുറവു മാത്രമാണ് അഫ്ഗാനു വിജയം നിഷേധിച്ചത്.
കാര്യങ്ങൾ സിംപിളാണ്
ക്രിക്കറ്റ് സമവാക്യങ്ങൾ ലളിതമാക്കാനാണ് അഫ്ഗാനിഷ്ടം. ബാറ്റിങ്ങിനിറങ്ങുമ്പോൾ പവർപ്ലേ ഓവറുകൾ പരുക്കു കൂടാതെ അതിജീവിക്കുക, സ്പിന്നർമാർ കളം പിടിക്കുന്ന മധ്യ ഓവറുകളിൽ പിടിച്ചുനിൽക്കുക, ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ചു പരമാവധി റൺസ് വാരുക ഇതാണു ഗെയിം പ്ലാൻ. ഓപ്പണർ മുഹമ്മദ് ഷഹസാദ് മുതൽ ഒൻപതാമനായി ക്രീസിലെത്തുന്ന പേസർ ഗുലാബ്ദിൻ നായിബ് വരെ നീളുന്ന ബാറ്റിങ് നിരയുള്ളപ്പോൾ എതിർടീം ബോളർമാരുടെ വലുപ്പം അഫ്ഗാനെ വലയ്ക്കുന്നില്ല.
മുഹമ്മദ് നബി, ക്യാപ്റ്റൻ അസ്ഗർ അഫ്ഗാൻ, റാഷിദ് ഖാൻ എന്നീ ഓൾറൗണ്ട് ത്രിമൂർത്തികളാണു ടീമിന്റെ നട്ടെല്ല്. ഇതിനൊപ്പം എതിർ ടീം ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിക്കുന്ന മുജീബുർ റഹ്മാൻ– റാഷിദ് ഖാൻ സഖ്യം സമ്മാനിക്കുന്ന സ്പിൻ വൈവിധ്യം കൂടിയാകുമ്പോൾ ഏതൊരു മുൻനിര ടീമിനെയും വിറപ്പിക്കാൻ കെൽപുണ്ട് അഫ്ഗാന്. ദുബായിലെ സ്ലോ വിക്കറ്റിൽ പവർപ്ലേ ഓവറുകളില റണ്ണൊഴുക്കിന് അഫ്ഗാൻ തടയിട്ടതു മുജീബിന്റെ മാന്ത്രിക വിരലുകളിലൂടെയാണ്. കിങ്സ് ഇലവൻ പഞ്ചാബ് താരമായ മുജീബിനു മുന്നിൽ ലോകോത്തര ബാറ്റ്സ്മാൻമാർക്കു മുട്ടിടിക്കുന്ന കാഴ്ച ഇത്തവണത്തെ ഐപിഎല്ലിലും നാം കണ്ടതാണ്.
നേട്ടങ്ങളുടെ അഫ്ഗാൻ
2001ൽ ഐസിസിയുടെ അസോഷ്യേറ്റ് രാജ്യങ്ങളുടെ പട്ടികയിലിടം പിടിച്ച അഫ്ഗാനിസ്ഥാൻ അസൂയാവഹമായ വളർച്ചയാണു പിന്നീടു കൈവരിച്ചത്. മികവുറ്റ പ്രകടനത്തിനുള്ള അംഗീകാരം എന്നവണ്ണം 2017 ജൂൺ 22ന് ഐസിസി ടെസ്റ്റ് പദവിയും അഫ്ഗാനെ തേടിയെത്തി. ട്വന്റി20 ബോളർമാരിൽ ഒന്നാമനും ഏകദിനത്തിൽ ജസ്പ്രീത് ബുമ്രയ്ക്കു പിന്നിൽ രണ്ടാമനുമായ റാഷിദ് ഖാന് 20 വയസ്സു തികഞ്ഞതു കഴിഞ്ഞ ആഴ്ചയാണ്. ഏകദിനത്തിൽ അതിവേഗം 100 വിക്കറ്റുകൾ തികച്ച റെക്കോർഡും റാഷിദിന്റെ പേരിലാണ്. വേണ്ടിവന്നതു 44 കളികൾ മാത്രം. പഴങ്കഥയായത് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ 52 കളികളുടെ റെക്കോർഡ്. 116 വിക്കറ്റോടെ ഏകദിന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് വേട്ടക്കാരിലും റാഷിദ് തന്നെയാണു മുന്നിൽ. യോഗ്യതാ മൽസരത്തിൽ അയർലൻഡിനെ തകർത്തെറിഞ്ഞു 2019 ഏകദിന ലോകകപ്പിനും യോഗ്യത നേടിയിട്ടുണ്ട് അഫ്ഗാൻ.