കഴിഞ്ഞ വർഷം ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ 180 റൺസിനു പാക്കിസ്ഥാനോട് തോറ്റത് അടുത്തകാലത്തൊന്നും ഇന്ത്യൻ ആരാധകർക്കു മറക്കാനാകാത്ത മുറിവാണ്. ഫഖർ സമാൻ എന്ന പാക്ക് ഓപ്പണർ മിന്നൽ വേഗത്തിൽ നേടിയ സെഞ്ചുറിയാണ് അന്ന് കളി പാക്കിസ്ഥാന് അനുകൂലമാക്കിയത്. മൂന്നു റൺസിൽ നിൽക്കെ ഫഖറിനെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര, ധോണിയുടെ കൈകളിലെത്തിച്ചതാണ്. എന്നാൽ അത് നോബോളായിരുന്നു. ഈ നോബോൾ കളിതന്നെ മാറ്റി മറിച്ചു.
ജയ്പുർ പൊലീസാണ് ഈ സംഭവം ക്രിയേറ്റീവായി ഉപയോഗിച്ചത്. ബുംറ നോബോൾ എറിയുന്ന ദൃശ്യം കൂറ്റൻ ഹോർഡിങ്ങായി വച്ച് ട്രാഫിക് ബോധവൽക്കരണത്തിന് ഉപയോഗിക്കുകയായിരുന്നു. ‘വര കടക്കരുത്, കടന്നാൽ എത്രമാത്രം വില നൽകേണ്ടി വരുമെന്ന് അറിയാമല്ലോ’ എന്ന വാചകമായിരുന്നു ബോർഡിൽ.
ബുമ്രയെ ഇത് കുറച്ചൊന്നുമല്ല അരിശം കൊള്ളിച്ചത്. രാജ്യത്തിനായി മുഴുവൻ കഴിവും പുറത്തെടുക്കുന്നവർക്ക് എത്രമാത്രം ബഹുമാനം ലഭിക്കുമെന്നു ജയ്പുർ പൊലീസ് കാണിച്ചു തരുന്നതായി അന്നു ബുമ്ര ട്വിറ്ററിൽ എഴുതി. കാലം വീണ്ടും നീങ്ങി. ഇന്ത്യ ജയിക്കുകയും തോൽക്കുകയുമൊക്കെ ചെയ്തു.
വീണ്ടും പാക്കിസ്ഥാനുമായി കളിക്കേണ്ടി വന്നപ്പോൾ ആ ഫൈനൽ ഓർമകൾ പിന്നെയും തലപൊക്കി. എന്നാൽ പാക്കിസ്ഥാനെയും ഫഖർ സമാനെയും തലയുയർത്താനനുവദിക്കാതെ ഇന്ത്യ നിലം പരിശാക്കി. ഒടുവിൽ ഫൈനലിൽ ബംഗ്ലദേശിനെയും മറികടന്ന് ഏഷ്യൻ ചാംപ്യൻ പട്ടം നിലനിർത്തി. നാലുകളികളിൽനിന്ന് എട്ടു വിക്കറ്റുമായി ബുമ്രയുടെ പ്രകടനം കിരീട നേട്ടത്തിൽ നിർണായകവുമായി.
ഇനിയാണ് ട്രോളിന്റെ പകവീട്ടൽ. ആരൊക്കെ മറന്നാലും ബുമ്ര, അത് മറന്നിട്ടില്ലായിരുന്നു. ഏഷ്യാ കപ്പ് ട്രോഫി പിടിച്ചുനിൽക്കുന്ന പടം പോസ്റ്റ് ചെയ്താണ് താരം പകരം വീട്ടിയത്. ഒപ്പം ഇങ്ങനെയെഴുതി ‘ചിലർ തങ്ങളുടെ സർഗാത്മകത സൈൻ ബോർഡുകളിൽ പ്രദർശിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഈ പടവും അവിടെ യോജിക്കുമെന്നു പ്രതീക്ഷിക്കട്ടെ’. ബുമ്ര കോഹ്‌ലിക്കു പറ്റിയൊരു പോരാളിയാണെന്നു കൂടി തെളിയിക്കുന്നതായി ഈ സംഭവം.