ദുബായ്∙ ബാറ്റിങ്ങിന് അവസരം കിട്ടിയില്ല. വിക്കറ്റ് കീപ്പർ ആയതിനാൽ ബോൾ ചെയ്യാനുമായില്ല. ആകെ പേരിലുള്ളത് ശുഐബ് മാലിക്കിനെ പുറത്താക്കാനെടുത്ത ഒരേയൊരു ക്യാച്ച് മാത്രം. അതും അത്ര പ്രത്യേകതകളൊന്നുമില്ലാത്ത ഒന്ന്. എന്നിട്ടും, ഇന്നലെ നടന്ന പാക്കിസ്ഥാൻ–ഇന്ത്യ പോരാട്ടത്തിനിടെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേര് മഹേന്ദ്രസിങ് ധോണിയുടേതാണ്. അവർ അന്ധാളിച്ചു പോയതും ധോണിയുടെ പ്രകടനം കണ്ടാണ്!
വിക്കറ്റിനു മുന്നിലെയോ പിന്നിലെയോ പ്രകടനമല്ല ധോണിയെ ഈ മൽസരത്തിൽ താരമാക്കിയത്. വെറുമൊരു തലയാട്ടൽ കൊണ്ടാണ് ഇന്ത്യ–പാക്ക് മൽസരത്തിൽ ധോണി ചർച്ചാവിഷയമായത്. അംപയറിന്റെ തീരുമാനം പുനഃപരിശോധിക്കാൻ ടീമുകൾക്ക് അവസരം നൽകുന്ന ഡിസിഷൻ റിവ്യു സിസ്റ്റം (ഡിആർഎസ്) ഉപയോഗിക്കുന്നതിലെ നൈപുണ്യം തന്നെ ഇക്കുറിയും ധോണിക്കു കയ്യടി നേടിക്കൊടുത്തത്.
യുസ്‍വേന്ദ്ര ചാഹൽ എറിഞ്ഞ പാക് ഇന്നിങ്സിലെ എട്ടാം ഓവറിലാണ് സംഭവം. ശ്രദ്ധാപൂർവം ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാൻ ഓപ്പണർമാർ 24 റൺസെടുത്ത് നിൽക്കുന്നു. ചാഹലിന്റെ ആറാം പന്ത് പ്രതിരോധിക്കാനുള്ള പാക് ഓപ്പണർ ഇമാമുൽ ഹഖിന്റെ ശ്രമം പിഴച്ചു. പന്ത് മുൻകാലിലെ പാഡിലിടിച്ചു തെറിച്ചു. സ്വാഭാവികമായും ചാഹൽ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അംപയർ അനങ്ങിയില്ല. ഇതോടെ ക്യാപ്റ്റൻ രോഹിത് ശർമ ധോണിയിലേക്കു നോട്ടമെറിഞ്ഞു. ധോണി തലയാട്ടിയതോടെ തീരുമാനം റിവ്യൂവിന് വിടുകയും ചെയ്തു.
ആവർത്തിച്ചു കാട്ടിയ റീപ്ലേയിൽ ഇമാമുൽ ഹഖിനെ ഔട്ട് വിളിക്കാനുള്ള ചേരുവകളെല്ലാം കിറുകൃത്യം. തീരുമാനം തിരുത്തിയ അംപയർ ഇമാം ഔട്ടാണെന്നു വിധിച്ചു. ഗാലറിയിൽ ഇന്ത്യൻ ആരാധകരുടെ ആവേശത്തിരയിളക്കം. വിക്കറ്റ് നഷ്ടത്തിന്റെ നിരാശയിൽ ഇമാം പവലിയനിലേക്കു തിരിച്ചു നടക്കുമ്പോൾ, ഇന്ത്യൻ താരങ്ങൾ ഓരോരുത്തരായി ധോണിയെ അഭിനന്ദിക്കാനുള്ള തിരക്കിലായിരുന്നു. ഇതെത്ര കണ്ടിരിക്കുന്നു എന്ന നിസംഗ ഭാവത്തോടെ ധോണി വീണ്ടും വിക്കറ്റിനു പിന്നിലേക്കു നടക്കുമ്പോൾ, കമന്ററി ബോക്സിൽ സുനിൽ ഗാവസ്കറിന്റെ ആവേശത്തിന് അതിരില്ലായിരുന്നു.
‘വാട്ട് എ ജീനിയസ് ദാറ്റ് മാൻ ഈസ്! എംഎസ്ഡി. ഹി ഈസ് ജസ്റ്റ് ഇൻക്രെഡിബിൾ’. മൽസരം കണ്ട ലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകരുടെ മനസ്സിലും ഈ വാക്കുകൾ ആവർത്തിച്ചു മുഴങ്ങിയിരിക്കുമെന്ന് ഉറപ്പ്!
∙ ഡിആർഎസ് എന്നാൽ എന്ത്?
അംപയർ ഡിസിഷൻ റിവ്യൂ സിസ്റ്റം എന്നു പൂർണനാമം. ഓൺഫീൽഡ് അംപയറുടെ സംശയകരമായ തീരുമാനങ്ങളെ ടീം ക്യാപ്റ്റൻമാർക്കു പുനഃപരിശോധനയ്ക്കു വിടാം. 2008ലെ ഇന്ത്യ–ശ്രീലങ്ക ടെസ്റ്റ് മൽസരത്തിനിടെ പരീക്ഷണാർഥത്തിൽ നടപ്പാക്കി. അടുത്ത വർഷം ന്യൂസീലൻഡ്–പാക്കിസ്ഥാൻ ടെസ്റ്റിൽ ഔദ്യോഗികമായി ഉപയോഗിച്ചു. തുടക്കത്തിൽ എല്ലാ മൽസരങ്ങൾക്കും നിർബന്ധമായിരുന്നു. പിന്നീട് ഇരുടീമുകളുടെയും ഇഷ്ടത്തിനനുസരിച്ചാവാം എന്നു തീരുമാനമെടുത്തു. പിന്നീട് റിവ്യൂവിന്റെ എണ്ണം നിജപ്പെടുത്തി നിർബന്ധമാക്കി.
∙ എതിർത്ത് എതിർത്ത് ആശാനായി!
ഡിആർഎസ് രാജ്യാന്തര ക്രിക്കറ്റിൽ നടപ്പാക്കാനുള്ള ഐസിസിയുടെ ശ്രമങ്ങളെ ഏറ്റവുമധികം എതിർത്തിരുന്നത് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് ആണെന്നതാണ് രസകരം. മുൻ നായകൻ കൂടിയായ ധോണിക്കും ബിസിസിഐയ്ക്കുമുണ്ടായിരുന്ന എതിർപ്പാണു ഡിആർഎസ്സിനെ അംഗീകരിക്കുന്നതിൽ ഇന്ത്യ മടി കാണിച്ചതിന്റെ മുഖ്യ കാരണങ്ങളിലൊന്ന്. 2008ൽ ഇന്ത്യാ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഡിആർഎസ് ഉപയോഗിച്ചപ്പോൾ, ചില തീരുമാനങ്ങൾ തങ്ങൾക്ക് എതിരായതാണ് പിന്നീട് ഡിആർഎസ്സിനെ കളത്തിനു പുറത്തു നിർത്താൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.
2014ൽ ന്യൂസീലൻഡിനെതിരെയുള്ള ദുബായ് ടെസ്റ്റിൽ പാക്കിസ്ഥാൻ ഓപ്പണർ ഷാൻ മസൂദിനെ ഡിആർഎസ് വഴി ഔട്ട് വിധിച്ചത് സാങ്കേതികപ്പിഴവായിരുന്നെന്ന് ഹോക്ക്–ഐ അധികൃതർ പറഞ്ഞിരുന്നു. പിന്നീടു നടന്ന ഐസിസി യോഗത്തിൽ പാക്ക് ക്യാപ്റ്റൻ മിസ്ബാഉൾ ഹഖിനോടും കോച്ച് മോയിൻ ഖാനോടും ഇതു സമ്മതിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ധോണി ഡിആർഎസ്സിനെ എതിർത്തിരുന്നു.
പിന്നീട് നായക പദവി ഏറ്റെടുത്ത വിരാട് കോഹ്‌ലിക്കും അന്നത്തെ പരിശീലകൻ അനിൽ കുംബ്ലെയ്ക്കും ഡിആർഎസ്സിനോട് ഇഷ്ടക്കേടില്ല എന്നു വന്നതോടെ ഇന്ത്യ വീണ്ടും ഡിആർഎസ്സിന് സമ്മതം മൂളി. അതേസമയം, ഡിആർഎസ് ഏറ്റവും വിജയകരമായി ഉപയോഗിക്കുന്ന ലോകത്തിലെ താരങ്ങളിൽ ഒന്നാമനായി ധോണി മാറുന്നതും പിന്നീട് കണ്ടു. വിക്കറ്റ് കീപ്പറായതിനാൽ പന്തിന്റെ ഗതി കൃത്യമായി നിർണയിച്ചാണ് ധോണി ഡിആർഎസ് ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും, കോഹ്‍ലിയുടെ അഭാവത്തിൽ ഏഷ്യാ കപ്പിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമയും ഇക്കാര്യത്തിൽ പൂർണമായും ആശ്രയിക്കുന്നതും ധോണിയെയാണ്. പാക്കിസ്ഥാനെതിരായ മൽസരത്തിൽ ധോണി തലയാട്ടിയപ്പോൾ രോഹിത് ഡിആർഎസ് എടുത്തതും അതുകൊണ്ടുതന്നെ.
പിൻകുറിപ്പ്: ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഏറ്റവും കൂടുതൽ പഴി കേട്ടത് ഡിആർഎസ് ഉപയോഗിച്ചതിലെ പിഴവുകളുടെ പേരിലായിരുന്നു. ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ ഇക്കാര്യത്തിൽ കോഹ്‍ലിയെ സഹായിക്കുന്ന ധോണി ടെസ്റ്റ് ടീമിൽ ഇല്ലാല്ലത്തതിന്റെ പ്രശ്നാണ് ഇതെന്ന് സുവ്യക്തം!