വിജയതുല്യം ഈ സമനില; തലയുയർത്തി അഫ്ഗാന്റെ മടക്കം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ മൽസരം ടൈയിൽ അവസാനിച്ചപ്പോൾ അഫ്ഗാനിസ്ഥാൻ താരങ്ങളുടെ ആഹ്ലാദം

ദുബായ്∙ ‘ഇന്ത്യയെപ്പോലെ ഒരു ടീമുമായുള്ള സമനില വിജയതുല്യമാണ്!’ ഏഷ്യ കപ്പ് സൂപ്പർഫോറിലെ ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ സമനില നേടിയശേഷം അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാൻ പ്രതികരിച്ചതിങ്ങനെ. അഫ്ഗാൻ സ്കോർ ആയ 252 മറികടക്കാൻ അവസാന ഓവറിൽ ഒരു വിക്കറ്റ് കൈയിലിരിക്കെ ഏഴു റൺസാണ് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. 

സ്ട്രൈക്കെടുത്ത രവീന്ദ്ര ജഡേജ റാഷിദ് ഖാന്റെ ഓവറിലെ ആദ്യ പന്തിൽ റണ്ണിനായി ഓടിയില്ല. ജഡേജ ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ ഉയർത്തിയടിച്ച രണ്ടാം പന്ത്  ബൗണ്ടറി ലൈനിലാണു പതിച്ചതെന്നു തോന്നിച്ചെങ്കിലും തേഡ് അംപയർ വിധിച്ചത് ഫോർ. മൂന്നാം പന്തിൽ ജഡേജയും നാലാം പന്തിൽ ഖലീൽ അഹമ്മദും സിംഗിളെടുത്തതോടെ കളി സമനിലയിലായി. വിജയത്തിനു രണ്ടു പന്തിൽ ഒരു റൺസ് വേണമെന്നിരിക്കെ അസ്ഗർ അഫ്ഗാൻ ഫീൽഡർ‌മാരെ സർക്കിളിനുള്ളിൽ വിന്യസിച്ചു. 

അഞ്ചാം പന്ത് ഫീൽഡർമാരുടെ തലയ്ക്കു മുകളിലൂടെ ഉയർത്തിയടിച്ചാൽ ബൗണ്ടറിയാകും എന്ന ജഡേജയുടെ കണക്കു കൂട്ടൽ പിഴച്ചു; ജഡേജയെ (25) ഡീപ് മിഡ് വിക്കറ്റിൽ നജീബുല്ല പിടികൂടുന്നതു ഞെട്ടലോടെയാണു കാണികളും ഡ്രസിങ് റൂമിലെ ഇന്ത്യൻ താരങ്ങളും കണ്ടത്; കളി സമനിലയിൽ! ജഡേജ  പന്ത് ഉയർത്തിയടിച്ചേക്കും എന്നു കണക്കുകൂട്ടിയ അഫ്ഗാൻ നജീബുല്ലയെ മാത്രം സർക്കിളിനു പുറത്തു നിർത്തിയിരുന്നു. സ്കോർ അഫ്ഗാനിസ്ഥാൻ 50 ഓവറിൽ 8 വിക്കറ്റിന് 252; ഇന്ത്യ 49.5 ഓവറിൽ 252നു പുറത്ത്.

കരിയറിലെ അഞ്ചാം സെഞ്ചുറി നേടിയ മുഹമ്മദ് ഷഹ്സാദിന്റെയും (124), മുഹമ്മദ് നബിയുടെയും (64) ബാറ്റിങ് മികവാണ് അഫ്ഗാന് മാന്യമായ സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി കെ.എൽ. രാഹുൽ (60), അംബാട്ടി റായുഡു (57) ദിനേശ് കാർത്തിക്ക് (44) എന്നിവർ തിളങ്ങിയെങ്കിലും പിന്നീടു തുടരെ വിക്കറ്റുകൾ വീഴ്ത്തിയാണ് അഫ്ഗാനിസ്ഥാൻ കളി പിടിച്ചത്. എം.എസ്. ധോണിയുടെയും (8), കാർത്തിക്കിന്റെയും  എൽബി വിധിച്ച തീരുമാനങ്ങൾ തെറ്റാണെന്നു വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നെങ്കിലും ഇന്ത്യയുടെ പക്കലുള്ള റിവ്യു ഓപ്പണർ കെ.എൽ. രാഹുൽ മുൻപു നഷ്ടപ്പെടുത്തിയിരുന്നു. അനാവശ്യമായി റിവ്യു പാഴാക്കിയതു വിനയായി എന്നു മൽസരശേഷം രാഹുലും പ്രതികരിച്ചു.