യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പിൽ ഗ്രൂപ്പു ഘട്ടത്തിൽ പുറത്തായത് രണ്ടു ടീമുകളാണ്. ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പെടെ ഗ്രൂപ്പ് എയിൽനിന്ന് ദുർബലരായ ഹോങ്കോങ്ങും അഫ്ഗാനിസ്ഥാനും ബംഗ്ലദേശും ഉൾപ്പെടെ ഗ്രൂപ്പ് ബിയിൽനിന്ന് ‘ശക്തരായ’ ശ്രീലങ്കയും. ഹോങ്കോങ്ങിന്റെ പുറത്താകൽ പ്രതീക്ഷിച്ചിരുന്നതാണെങ്കിൽ, ശ്രീലങ്കയുടെ മടക്കം അപ്രതീക്ഷിതമായിരുന്നു. ആദ്യ മൽസരത്തിൽ ബംഗ്ലദേശിനോട് 137 റൺസിനും രണ്ടാം മൽസരത്തിൽ അഫ്ഗാനിസ്ഥാനോട് 91 റൺസിനും തോറ്റാണ് ലങ്ക തലകുനിച്ചു മടങ്ങിയത്.
ഇതിനു പിന്നാലെ എയ്ഞ്ചലോ മാത്യൂസിന് ലങ്കയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി. ദയനീയ തോൽവിയുടെ ആദ്യ ബലിയാട്! പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽനിന്നും നിർദ്ദാക്ഷിണ്യം മാത്യൂസിനെ പുറത്താക്കി. അത്രയ്ക്കായിരുന്നു, ഏഷ്യാകപ്പിലെ ദയനീയ പ്രകടനം ദ്വീപ് രാഷ്ട്രത്തിനേൽപ്പിച്ച മുറിവ്! ഏഷ്യാകപ്പിൽനിന്നു പുറത്തായതിനു പിറ്റേന്ന് ‘ദ് ഫ്ലോപ് ഓഫ് ഏഷ്യ’ എന്ന തലക്കെട്ടിലാണ് ഒരു ലങ്കൻ പത്രം ടീമിനെ വിശേഷിപ്പിച്ചത്!
അഫ്ഗാനിസ്ഥാനും ബംഗ്ലദേശും പോലും അനായാസം ചുരുട്ടിക്കൂട്ടുന്ന ശ്രീലങ്കയെ കാണുമ്പോള്‍ ഓര്‍ത്തു പോകുന്നത്, അര്‍ജുന രണതുംഗയുടെയും അരവിന്ദ ഡിസില്‍വയുടെയും സനത് ജയസൂര്യയുടെയും ചാമിന്ദ വാസിന്റെയുമൊക്കെ കാലമാണ്. അത്രയ്ക്കു പുറകോട്ടു പോകേണ്ടെങ്കില്‍ മുത്തയ്യ മുരളീധരന്റെയും കുമാർ സംഗക്കാരയുടെയും മഹേള ജയവര്‍ധനയുടെയും ലങ്കയെ ഓര്‍ത്തെടുത്താല്‍ മതി. പ്രതാപികളായ ഓസ്‌ട്രേലിയയെപ്പോലും വിറപ്പിച്ചുപോന്ന ദ്വീപുകാര്‍, പോരാട്ട വീര്യത്തിന്റെ മറുകര കണ്ടവരായിരുന്നു.
ക്രിക്കറ്റിനു പുതിയ സമവാക്യങ്ങള്‍ സമ്മാനിച്ച ജയസൂര്യയില്‍ തുടങ്ങുന്നു ആ പാരമ്പര്യം. എത്ര നല്ല പന്തെറിഞ്ഞാലും തന്റെ ദിവസമാണെങ്കില്‍ സിക്‌സിനു പറത്തുന്ന വിജയസൂര്യന്‍, ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകള്‍ക്ക് തന്റേതായ രീതികള്‍ സമ്മാനിച്ച താരമാണ്. 15 ഓവറില്‍ 100 എന്ന നമ്പറൊക്കെ ജയസൂര്യയ്ക്കു ശേഷം പിറന്ന കണക്കുകള്‍. ഭാരിച്ച ശരീരവും പേറി തലകൊണ്ടും ബാറ്റുകൊണ്ടും ജയിക്കാന്‍ പോന്നവനായിരുന്നു ക്യാപ്റ്റന്‍ രണതുംഗ.
ആദ്യം ഡിസില്‍വയിലൂടെയും പിന്നീട് ജയവര്‍ധനെ, സംഗക്കാര എന്നിവരിലൂടെയും തളിര്‍ത്തു പൂത്തതാണ് ശ്രീലങ്കന്‍ മധ്യനിര. മുത്തയ്യ മുരളീധരനും വാസും നയിച്ച് മലിംഗയിലെത്തി നില്‍ക്കുന്ന ബോളിങ് മുനകള്‍. ഇവരിലൂടെയാണ് പ്രതാപം ദ്വീപുകയറിയത്. എന്നാല്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കാന്‍ പോലും ഒരു താരമില്ലാത്ത ദുര്‍വിധിയിലേക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് പതിച്ചെങ്കില്‍ അതിനു കാരണം പലതാണ്.
പകരക്കാരില്ലാതെ പോയി
ഏറ്റവും അവസാനം വിരമിച്ച തൂണുകള്‍ ജയവര്‍ധനെയും സംഗക്കാരയുമാണ്. ഇവരെപ്പോലെയോ അതിനടുത്തോ പ്രാപ്തിയുള്ള കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ കഴിയാതെപോയതാണ് ശ്രീലങ്കയുടെ ആദ്യ തോല്‍വി. ക്രിക്കറ്റ് ബോര്‍ഡിന്റെ രാഷ്ട്രീയം പോലെയുള്ള പ്രശ്‌നങ്ങള്‍ വേറെ. ശക്തമായൊരു ആഭ്യന്തര ക്രിക്കറ്റ് സംവിധാനമില്ലാത്തതും തിരിച്ചടിച്ചു. ടെസ്റ്റിലും ഏകദിന മല്‍സരങ്ങളിലും ഒരുപോലെ അടിതെറ്റുകയാണ് ശ്രീലങ്കയ്ക്ക്. ഇന്നു ലോകക്രിക്കറ്റില്‍ ഇവര്‍ ഒരു ശക്തിയേ അല്ലാതായി.
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മോശം ആഭ്യന്തര ക്രിക്കറ്റ് ഘടനയാണ് ശ്രീലങ്കയിലേത്. ആഭ്യന്തര ലീഗുകളില്‍ നല്ല പ്രകടനം നടത്തുന്നവരെയാണെങ്കില്‍ ദേശീയ ടീമിലേക്കു പരിഗണിക്കുന്നുമില്ല. ക്ലബ് ക്രിക്കറ്റായിരുന്നു ഒരു കാലത്ത് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അടിത്തറ. പല മികച്ച താരങ്ങളും ക്ലബ്ബുകളിലൂടെ വന്നവരാണ്. ഇന്നു ക്ലബ്ബുകള്‍ തഴയപ്പെട്ട് ആ സ്ഥാനം പ്രവിശ്യകള്‍ക്കു വന്നു. ഇത് പല ക്ലബ്ബുകളെയും തളര്‍ത്തി.
കളിക്കാരില്‍ ക്രിക്കറ്റ് ബോര്‍ഡിനു വിശ്വാസമില്ലാത്തതാണ് അടുത്ത പ്രശ്‌നം. മോശകാലത്തും ചേര്‍ത്തുനിര്‍ത്തി മികച്ച കളി പുറത്തെടുക്കാന്‍ അവസരം നല്‍കാതെ ഒരു മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞുവിടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 60ല്‍ അധികം താരങ്ങള്‍ ശ്രീലങ്കന്‍ ജഴ്‌സിയില്‍ ഇറങ്ങി എന്നു പറയുമ്പോള്‍ ഇതു മനസ്സിലാക്കാം. നന്നായി തുടങ്ങിയ കുശാല്‍ മെന്‍ഡിസിനെപ്പോലുള്ള കളിക്കാര്‍ പിന്നീട് പിന്തുണ കിട്ടാതെ പുറത്താകുകയായിരുന്നു.
ഇടയ്ക്കു നന്നായി കളിക്കുന്നവരൊക്കെ സ്ഥിരം ടീമും കളിക്കാരുമില്ലാതെ വശം കെട്ടു. ആര്‍ക്കും തുടര്‍ച്ചയായി നന്നായി കളിക്കാനും കഴിയുന്നില്ല. കോച്ചിനെ നിയമിക്കുന്നതിലുള്ള പ്രശ്‌നവും ടീമിനെ ബാധിച്ചു. സ്പിൻ വിഭാഗത്തിൽ മുത്തയ്യ മുരളീധരനു ശേഷവും റെംഗന ഹെറാത്തും ദില്‍റുവന്‍ പെരേരയുമൊക്കെത്തന്നെയേ ഉള്ളൂ. രണ്ടാള്‍ക്കും 35 പിന്നിട്ടു പ്രായം. ഫാസ്റ്റ് ബോളിങ്ങിനു മൂര്‍ച്ച കൂട്ടുന്നതില്‍ ശ്രദ്ധിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് നല്ല സ്പിന്നര്‍മാരെ കണ്ടെത്തി വളര്‍ത്തുന്നതില്‍ വലിയ വീഴ്ചയാണ് കാട്ടിയത്.
ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും വരെ ശ്രീലങ്കയെക്കാള്‍ നന്നായി എറിയുന്ന സ്പിന്നര്‍മാരെ ഇറക്കുമ്പോള്‍ മുത്തയ്യയുടെ നാട് നോക്കിയിരിക്കുകയാണ്. തുടരന്‍ തോല്‍വികള്‍ ശ്രീലങ്കയെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നു പ്രതീക്ഷിക്കാം. അയല്‍പക്കത്ത് നല്ല എതിരാളികളുണ്ടാകുന്നത് ഇന്ത്യയ്ക്കും നല്ലതാണ്.