അവസാന പന്തുവരെ ബംഗ്ലദേശ് പൊരുതി, ആഘോഷിച്ചു; കിരീടം ഇന്ത്യ നേടി!

ഇന്ത്യ ബംഗ്ലദേശ് മൽസരത്തിനിടയിലെ ചില കാഴ്ചകൾ.

ദുബായ്∙ ആവേശം അവസാന ഓവർ വരെ. അല്ല, അവസാന പന്തുവരെ. തുടർച്ചയായ രണ്ടാം മൽസരത്തിലും ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങൾക്കൊടുവിൽ ബംഗ്ലദേശിനെ മൂന്നു വിക്കറ്റിനു തോൽപ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നിലനിർത്തിയിരിക്കുന്നു. ഒരു വേള കൈവിട്ടെന്നു കരുതിയ മൽസരമാണ് അവസാന പന്തുവരെ പൊരുതി ഇന്ത്യ പിടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 48.3 ഓവറിൽ 222 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ, ഇന്നിങ്സിന്റെ അവസാന പന്തിലാണ് വിജയറൺ നേടിയത്. നാടകീയ നിമിഷങ്ങൾകൊണ്ട് സമ്പന്നമായിരുന്ന മൽസരത്തിൽ പരുക്കേറ്റ് ഇടയ്ക്കു മടങ്ങിയശേഷം തിരിച്ചെത്തിയ കേദാർ ജാദവാണ് വിജയറൺ നേടിയത്.

48 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയുടെ ടോപ് സ്കോററായി. ദിനേഷ് കാർത്തിക് (37) മഹേന്ദ്രസിങ് ധോണി (36), കേദാർ ജാദവ് (പുറത്താകാതെ 23), രവീന്ദ്ര ജഡേജ (23), ഭുവനേശ്വർ കുമാർ (21) എന്നിവരുടെ പ്രകടനവും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. ബംഗ്ലദേശിനായി മുസ്താഫിസുർ റഹ്മാൻ, റൂബൽ ഹുസൈൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കന്നി ഏകദിന സെഞ്ചുറിയുമായി (121) ബംഗ്ലദേശിനെ മുന്നിൽനിന്നു നയിച്ച ഓപ്പണർ ലിട്ടൺ ദാസാണ് കളിയിലെ കേമൻ. ഏറ്റവും കൂടുതൽ റൺസ് നേടിയ ശിഖർ ധവാൻ ടൂർണമെന്റിന്റെ താരമായി.

∙ ഇന്ത്യയ്ക്ക് ഏഴാം കിരീടം, പടിക്കൽ കലമുടച്ച് ബംഗ്ലദേശ്

ഇന്ത്യയുടെ ഏഴാമത്തെ ഏഷ്യാ കപ്പ് കിരീടവിജയമാണ് ദുബായിലേത്. ഇതിനു മുൻപ് 1984, 1988, 1990, 1995, 2010, 2016 വർഷങ്ങളിലും ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. അഞ്ച് കിരീടവിജയങ്ങളുമായി (1986, 1997, 2004, 2008, 2014) ശ്രീലങ്കയാണ് ആകെ കിരീടനേട്ടത്തിൽ രണ്ടാമതുള്ളത്. രണ്ടു തവണ പാക്കിസ്ഥാനും (2000, 2012) ഏഷ്യാകപ്പ് കിരീടം ചൂടിയിട്ടുണ്ട്.

അതേസമയം ഫൈനൽ കടമ്പയിൽ തട്ടിവീഴുന്നവരെന്ന ചീത്തപ്പേര് ഇക്കുറിയും ബംഗ്ലദേശിനെ വിട്ടൊഴിഞ്ഞില്ല. അവർ ഫൈനലിൽ തോൽവി വഴങ്ങുന്ന ആറാമത്തെ പ്രധാന ടൂർണമെന്റാണിത്. ത്രിരാഷ്ട്ര പരമ്പര (2009, ശ്രീലങ്കയോട് രണ്ടു വിക്കറ്റിന് തോറ്റു), ഏഷ്യാ കപ്പ് (2012, പാക്കിസ്ഥാനോട് രണ്ടു റൺസിനു തോറ്റു), ഏഷ്യാ കപ്പ് (2016, ഇന്ത്യയോട് എട്ടു വിക്കറ്റിനു തോറ്റു), ത്രിരാഷ്ട്ര പരമ്പര (2018, ശ്രീലങ്കയോട് 79 റൺസിന് തോറ്റു), നിദാഹാസ് ട്രോഫി (2018, ഇന്ത്യയോട് നാലു വിക്കറ്റിനു തോറ്റു) എന്നിവയാണ് ബംഗ്ലദേശ് തോറ്റ പ്രധാന ഫൈനലുകൾ.

∙ ഭേദപ്പെട്ട തുടക്കം, പിന്നെ തകർച്ച

സംഭവബഹുലമായിരുന്നു ഇന്ത്യൻ ഇന്നിങ്സ്. ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമയും ചേർന്ന് ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. പതിവുപോലെ ആക്രമിച്ചു കളിച്ച ശിഖർ ധവാനും ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ രോഹിത് ശർമയും മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടിലേക്ക് നീങ്ങുമ്പോഴാണ് ബംഗ്ലദേശിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് ധവാൻ പുറത്തായത്. അഞ്ചാം ഓവറിന്റെ നാലാം പന്തിൽ ധവാൻ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 35 റൺസ് മാത്രം. 14 പന്തിൽ മൂന്നു ബൗണ്ടറികളോടെ 15 റൺസെടുത്ത ധവാനെ നാസ്മുൽ ഇസ്‍ലാം സൗമ്യ സർക്കാരിന്റെ കൈകളിലെത്തിച്ചു.

സ്കോർ 46ൽ എത്തിയപ്പോൾ അമ്പാട്ടി റായുഡുവും മടങ്ങി. ഒൻപതാം ഓവറിൽ ഇന്ത്യ 50 റൺസ് പിന്നിട്ടു. മൂന്നാം വിക്കറ്റിൽ രോഹിത് ശർമയും ദിനേഷ് കാർത്തിക്കും രക്ഷാപ്രവർത്തനം നടത്തിവരവെ രോഹിതും പുറത്തായി. റൂബൽ ഹുസൈന്റെ പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ച രോഹിതിനെ നാസ്മുൽ ഇസ്‍ലാം ക്യാച്ചെടുത്തു പുറത്താക്കി. 55 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സും 47 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. പിന്നീട് ക്രീസിൽ ഒരുമിച്ച കാർത്തിക്കും ധോണിയും ചേർന്ന് ഇന്ത്യയെ സാവധാനം മുന്നോട്ടു നയിച്ചു. 23.1 ഓവറിൽ ഇന്ത്യ 100 റൺസ് പിന്നിട്ടു. പിന്നാലെ ധോണി–കാർത്തിക് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടും പൂർത്തിയാക്കി. സ്കോർ 137ൽ നിൽക്കെ കാർത്തിക്കിനെ എൽബിയിൽ കുരുക്കി മഹ്മൂദുല്ലയുടെ പ്രഹരം. 61 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സും സഹിതം 37 റൺസായിരുന്നു സമ്പാദ്യം.

34–ാം ഓവറിൽ ഇന്ത്യ 150 കടന്നു. പത്തു റൺസ് കൂടി ചേർക്കുമ്പോഴേക്കും ധോണിയും പുറത്തായി. 67 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 36 റൺസെടുത്ത ധോണിയെ മുസ്താഫിസുർ റഹ്മാൻ വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹിമിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യ അപകടം മണത്തു. തൊട്ടുപിന്നാലെ പരുക്കിന്റെ ലാഞ്ചന കാട്ടി കേദാർ ജാദവും മടങ്ങിയതോടെ രവീന്ദ്ര ജഡേജ–ഭുവനേശ്വർ കുമാർ സഖ്യം ക്രീസിൽ ഒരുമിച്ചു. ആറാം വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യമാണ് ഇന്ത്യയെ പതുക്കെ വിജയത്തിന്റെ പടിക്കലെത്തിച്ചത്. സ്കോർ 212ൽ നിൽക്കെ രണ്ടു റൺസിന്റെ ഇടവേളയിൽ ഇരുവരും പുറത്തായി. 33 പന്തിൽ ഒരു ബൗണ്ടറി സഹിതം 23 റൺസെടുത്ത ജഡേജയെ റൂബൽ ഹുസൈനും 31 പന്തിൽ ഒന്നു വീതം ബൗണ്ടറിയും സിക്സും സഹിതം 21 റൺസെടുത്ത ഭുവനേശ്വർ കുമാറിനെ മുസ്താഫിസർ റഹ്മാനും പുറത്താക്കി. പിന്നീടായിരുന്നു ഇന്ത്യൻ ആരാധകരുടെ നെ‍ഞ്ചടിപ്പേറ്റിയ അവസാന ഓവർ.

∙ ആവേശം വീണ്ടും അവസാന ഓവറിൽ

അഫ്ഗാനിസ്ഥാനെതിരായ കളിയുടെ വേറൊരു പതിപ്പായിരുന്നു ബംഗ്ലദേശിനെതിരായ കലാശപ്പോരാട്ടം. ഇക്കുറിയും ആവേശം അവസാന ഓവറുകളിലേക്ക് നീണ്ടു. അഫ്ഗാനെതിരായ മൽസരഫലം അപ്രസക്തമായതിനാൽ സമ്മർദ്ദമില്ലായിരുന്നുവെങ്കിൽ, ബംഗ്ലദേശിനെതിരായ തോൽവി കിരീടം നഷ്ടമാക്കുമായിരുന്നു. അതിന്റെ സമ്മർദ്ദവും മൽസരത്തെ ചൂഴ്ന്നു നിന്നു.

അഫ്ഗാനിസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മൽസരത്തിൽ ഏഴു റൺസ് പ്രതിരോധിച്ച മുസ്താഫിസുർ റഹ്മാൻ 49–ാം ഓവർ എറിഞ്ഞുതീർക്കുമ്പോൾ ഇന്ത്യ വിജയത്തിൽനിന്ന് ആറു റൺസ് അകലെയായിരുന്നു. പരുക്കുമൂലം മുടന്തി മടങ്ങിയശേഷം ജഡേജ പുറത്തായപ്പോൾ ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവും പേറി തിരിച്ചെത്തിയ കേദാർ ജാദവും കുൽദീപ് യാദവും ക്രീസിൽ. ആദ്യം സൗമ്യ സർക്കാരിനെ പന്തെറിയാൻ ഏൽപ്പിച്ച ബംഗ്ല ക്യാപ്റ്റൻ മഷ്റഫെ മൊർത്താസ, അവസാന നിമിഷം തീരുമാനം മാറ്റി പന്ത് മഹ്മൂദുല്ലയ്ക്കു നൽകി.

∙ 49.1 – ആദ്യ പന്തു നേരിടുന്നത് കുൽദീപ് യാദവ്. മഹ്മൂദുല്ലയുടെ പന്ത് ലോങ് ഓഫിലേക്ക് കളിച്ച കുൽദീപ് കേദാർ ജാദവിന് സ്ട്രൈക്ക് കൈമാറി. ഇന്ത്യയ്ക്ക് ജയിക്കാൻ അഞ്ചു പന്തിൽ അഞ്ച് റൺസ്.

∙ 49.2 – മഹ്മൂദുല്ലയുടെ പന്തിൽ വീണ്ടും സിംഗിൾ. ഇക്കുറി ജാദവിന്റെ ബാറ്റിലും പാഡിലും തട്ടി പന്ത് സ്ക്വയർ ലെഗ്ഗിലേക്ക്. സിംഗിളെടുത്തതോടെ കുൽദീപ് വീണ്ടും ക്രീസിൽ. ഇന്ത്യയ്ക്ക് ജയിക്കാൻ നാലു പന്തിൽ നാലു റൺസ്.

∙ 49.3 – കുൽദീപ് യാദവ് ഉയർത്തി അടിച്ച പന്ത് മിഡ് വിക്കറ്റ് ഫീൽഡറിന്റെ തലയ്ക്കു മുകളിലൂടെ ആളില്ലാത്ത സ്ഥലത്തു പതിക്കുന്നു. ഇന്ത്യൻ സ്കോർ ബോർഡിലേക്കു രണ്ടു റൺസ് കൂടി. ജയം മൂന്നു പന്തിൽ രണ്ട് റൺസ് അകലെ.

∙ 49.4 – നാലാം പന്തിൽ റണ്ണില്ല. പന്ത് ഷോർട്ട് കവറിലേക്ക് കളിച്ച് റണ്ണില്ലാതെ പോയതോടെ ഇന്ത്യൻ ആരാധകരുടെ മുഖത്ത് നിരാശ.

∙ 49.5 – അടുത്ത പന്തിൽ കുൽദീപ് യാദവിന്റെ കണക്കുകൂട്ടൽ അപ്പാടെ പിഴച്ചെങ്കിലും പന്ത് പാഡിലിടിച്ച് വിക്കറ്റ് കീപ്പറിന്റെ വലതുവശത്തു കൂടി പിന്നിലേക്ക്. ഇന്ത്യയ്ക്ക് ഒരു റൺ കൂടി. സ്കോർ സമാസമം. ഇന്ത്യൻ വിജയം ഒരു പന്തിൽ ഒരു റൺ അകലെ. പവലിയനിൽ ഇന്ത്യൻ താരങ്ങളുടെ മുഖത്തും ആശ്വാസം.

∙ 49.6 – അവസാന പന്തിൽ കേദാർ ജാദവിന്റെ കണക്കുകൂട്ടലും പിഴയ്ക്കുന്നു. പന്തു പക്ഷേ പാഡിൽ തട്ടി ഷോർട്ട് ഫൈൻ ലെഗ് ബൗണ്ടറിയിലേക്ക്. ലെഗ് ബൈ ആയി ലഭിച്ച ഒരു റണ്ണിലൂടെ ഇന്ത്യയ്ക്ക് വിജയം, കിരീടം.!

27 പന്തിൽ ഒന്നു വീതം സിക്സും ബൗണ്ടറിയും സഹിതം 23 റൺസുമായി കേദാർ ജാദവും അഞ്ചു പന്തിൽ അഞ്ചു റൺസുമായി കുൽദീപ് യാദവും ഇന്ത്യയെ വിജയത്തിലെത്തിച്ചു.

∙ ഇന്ത്യയെ വിറപ്പിച്ച് ലിട്ടൺ ദാസ്, കൂട്ടിന് മെഹ്ദി

കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയെന്ന ചരിത്രനേട്ടം ഏഷ്യാകപ്പ് ഫൈനലിലേക്കു കാത്തുവച്ച ഓപ്പണർ ലിട്ടൺ ദാസിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് ബംഗ്ലദേശ് ഇന്ത്യയ്ക്കു മുന്നിൽ 223 റൺസ് വിജയലക്ഷ്യമുയർത്തിയത്. ലിട്ടൺ ദാസിന്റെ സെഞ്ചുറിക്കരുത്തിൽ (120) കൂറ്റൻ സ്കോറിലേക്ക് കുതിച്ച ബംഗ്ലദേശിനെ, മറുവശം അരിഞ്ഞുവീഴ്ത്തിയാണ് ഇന്ത്യൻ ബോളർമാർ 222 റൺസിൽ ഒതുക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ലിട്ടൺ ദാസ് – മെഹ്ദി‍ ഹസ്സൻ സഖ്യം 120 റൺസ് കൂട്ടിച്ചേർത്ത ശേഷം തകർന്നുപോയ ബംഗ്ലദേശ്, 102 റൺസിനിടെ പത്തു വിക്കറ്റ് നഷ്ടമാക്കിയാണ് 49.3 ഓവറിൽ 222 റൺസിൽ ഒതുങ്ങിയത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും കേദാർ ജാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. മൂന്നു ബംഗ്ലാ താരങ്ങൾ റണ്ണൗട്ടായപ്പോൾ, രണ്ടു സ്റ്റംപിങ്ങുമായി ധോണിയുെട പ്രകടനവും ശ്രദ്ധ നേടി.

കൗതുകം സൃഷ്ടിച്ച നീക്കത്തിലൂടെ ബംഗ്ലാ ഇന്നിങ്സിൽ ലിട്ടൺ ദാസിനൊപ്പം ഓപ്പണിങ് പങ്കാളിയായെത്തിയത് മെഹ്ദി ഹസ്സൻ. ഇന്ത്യൻ ആരാധകരുടെ നെഞ്ചിൽ തീ കോരിയിടുന്ന തുടക്കമായിരുന്നു അവരുടേത്. ഒരു മൽസരത്തിന്റെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര–ഭുവനേശ്വർ കുമാർ സഖ്യത്തെ അനായാസം നേരിട്ട ഇരുവരും ബംഗ്ലദേശ് സ്കോർ ബോർഡിലേക്ക് റൺസെത്തിച്ചു. ലിട്ടൺ ദാസ് മികച്ച സ്ട്രോക്ക് പ്ലേയുമായി കളം നിറഞ്ഞപ്പോൾ പിന്തുണക്കാരന്റെ റോളിലായിരുന്നു മെഹ്ദി ഹസ്സൻ. 7.4 ഓവറിൽ ബംഗ്ലദേശ് സ്കോർ 50 കടന്നു. ഈ ഏഷ്യാകപ്പിൽ അവരുടെ ആദ്യ ഓപ്പണിങ് വിക്കറ്റ് അർധസെഞ്ചുറി കൂട്ടുകെട്ട്. തൊട്ടുപിന്നാലെ ലിട്ടൺ ദാസ് കന്നി ഏകദിന അർധസെഞ്ചുറിയിലേക്കെത്തി. 33 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ലിട്ടൺ അർധസെഞ്ചുറി പിന്നിട്ടത്.

പേസ് ബോളർമാരെ മാറ്റി രോഹിത് സ്പിന്നർമാരെ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. കുൽദീപിനെയും ചാഹലിനെയും അനായാസം നേരിട്ട ഇരുവരും 18–ാം ഓവറിന്റെ അഞ്ചാം പന്തിൽ ബംഗ്ലദേശ് സ്കോർ 100 കടത്തി. ഇതിൽ 73 റൺസും ലിട്ടൺ ദാസിന്റെ വകയായിരുന്നു. മെഹ്ദി ഹസ്സന്റെ സംഭാവന 27 റൺസ് മാത്രം. സ്കോർ 120ൽ എത്തിയപ്പോൾ രോഹിത് ശർമയുടെ ബോളിങ് മാറ്റം ഇന്ത്യയുടെ തുണയ്ക്കെത്തി. കേദാർ ജാദവിന്റെ ആദ്യ ഓവറിൽ മെഹ്ദി ഹസ്സൻ പുറത്ത്. 59 പന്തിൽ മൂന്നു ബൗണ്ടറികളോടെ 32 റൺസെടുത്ത ഹസനെ കേദാർ ജാദവ് അമ്പാട്ടി റായുഡുവിന്റെ കയ്യിലെത്തിച്ചു. ഇതിനിടെ ഇന്ത്യയ്ക്കെതിരെ ബംഗ്ലദേശിന്റെ എക്കാലത്തെയും ഉയർന്ന ഓപ്പണിങ് വിക്കറ്റ് സ്കോർ എന്ന നേട്ടം ഇവർ സ്വന്തമാക്കി. 

∙ ബ്രേക്ക് ത്രൂ കേദാർ വക, തിരിച്ചടിച്ച് ഇന്ത്യ

കേദാർ ജാദവ് സമ്മാനിച്ച ബ്രേക്ക് ത്രൂ, ഇന്ത്യയ്ക്ക് നിർണായകമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ റണ്ണൊഴുക്കു നിയന്ത്രിച്ചു. എട്ടു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും ഇമ്രുൽ കയീസും പുറത്തായി. 12 പന്തിൽ രണ്ടു റൺസുമായി ഇമ്രുൽ കയീസാണ് പുറത്തായത്. ചാഹലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയായിരുന്നു കയീസിന്റെ മടക്കം. പിന്നാലെ ലിട്ടൺ ദാസ് ഏകദിനത്തിലെ കന്നി സെഞ്ചുറി പൂർത്തിയാക്കി. 87 പന്തിൽ 11 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ലിട്ടൺ സെഞ്ചുറി പൂർത്തിയാക്കിയത്.

ഇതോടെ ഏഷ്യാകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായും ലിട്ടൺ മാറി. ശ്രീലങ്കൻ താരം സനത് ജയസൂര്യ (2008, കറാച്ചി), പാക്കിസ്ഥാന്‍ താരം ഫവാദ് ആലം (2014, മിർപുർ), ശ്രീലങ്കൻ താരങ്ങളായ തിരിമാന്നെ (2014, മിർപുർ), മർവൻ അട്ടപ്പട്ടു (2000, ധാക്ക) എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കെതിരെ ഏകദിന സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബംഗ്ലദേശ് താരമായും ലിട്ടൺ ദാസ് മാറി. മുഷ്ഫിഖുർ റഹിം, അലോക് കപാലി എന്നിവരാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

സ്കോർ 137ൽ നിൽക്കെ ഒരു റണ്ണിന്റെ ഇടവേളയിൽ രണ്ടു വിക്കറ്റ് പിഴുത ഇന്ത്യ മൽസരത്തിലേക്ക് തിരിച്ചെത്തി. അപകടകാരിയായ മുഷ്ഫിഖുർ റഹിം (ഒൻപത് പന്തിൽ അഞ്ച്), മുഹമ്മദ് മിഥുൻ (നാലു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായത്. റഹിമിനെ കേദാർ ജാദവ് ബുമ്രയുടെ കൈകളിലെത്തിച്ചപ്പോൾ മിഥുൻ റണ്ണൗട്ടായി. മഹ്മൂദുല്ലയെ കൂട്ടുപിടിച്ച് ലിട്ടൺ ദാസ് ബംഗ്ലാ സ്കോർ 150 കടത്തിയെങ്കിലും തൊട്ടുപിന്നാലെ മഹ്മൂദുല്ല പുറത്തായി. കുൽദീപ് യാദവിന്റെ പന്തിൽ ബുമ്രയുടെ ഉജ്വല ക്യാച്ചിൽ ആ ഇന്നിങ്സ് അവസാനിക്കുമ്പോൾ 16 പന്തിൽ നാലു റൺസ് മാത്രമായിരുന്നു മഹ്മൂദുല്ലയുടെ സമ്പാദ്യം.

∙ സ്റ്റംപിനു പിന്നിലെ ധോണി മാജിക്

ബംഗ്ലദേശ് സ്കോർ 188ൽ നിൽക്കെ ഇരട്ട വിക്കറ്റിലേക്ക് നയിച്ച ‘ധോണി മാജിക്’ ഇന്ത്യയെ കാത്തു. ആദ്യം ലിട്ടൺ ദാസും പിന്നാലെ ക്യാപ്റ്റൻ മഷ്റഫെ മൊർത്താസയുമാണ് പുറത്തായത്. 117 പന്തിൽ 12 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 121 റൺസെടുത്ത ലിട്ടൺ ദാസിനെ കുൽദീപ് യാദവിന്റെ പന്തിൽ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കി. എട്ടു റൺസ് അകലെ മൊർത്താസയും ധോണി മാജിക്കിനു മുന്നിൽ കീഴടങ്ങി. വന്ന വഴി സിക്സുമായി വരവറിയിച്ച ക്യാപ്റ്റൻ മഷ്റഫെ മൊർത്താസയാണ് പുറത്തായത്. ഒൻപതു പന്തിൽ ഒരു സിക്സ് സഹിതം ഏഴു റൺസെടുത്ത മൊർത്താസയെ കുൽദീപ് യാദവിന്റെ പന്തിൽ ധോണി സ്റ്റംപ് ചെയ്ത പുറത്താക്കി. 45–ാം ഓവറിൽ ബംഗ്ലദേശ് 200 കടന്നു.

സ്കോർ 213ൽ നിൽക്കെ നസ്മുൽ ഇസ്‍ലാമും റണ്ണൗട്ടായി. പകരക്കാരൻ ഫീൽഡർ മനീഷ് പാണ്ഡെയുടെ മികവ് ഇസ്‍ലാമിന്റെ വിക്കറ്റെടുക്കുമ്പോൾ 13 പന്തിൽ ഏഴു റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ജസ്പ്രീത് ബുമ്രയെറിഞ്ഞ 49–ാം ഓവറിൽ ബംഗ്ലദേശ് ഇന്നിങ്സിന് വിരാമമായി. ആദ്യ പന്തിൽ ബംഗ്ലദേശ് ഇന്നിങ്സിലെ രണ്ടാമത്തെ ടോപ് സ്കോററായ സൗമ്യ സർക്കാർ പുറത്തായി. 45 പന്തിൽ ഒന്നു വീതം ബൗണ്ടറിയും സിക്സും സഹിതം 33 റൺസെടുത്താണ് സർക്കാർ പുറത്തായത്. മൂന്നാം പന്തിൽ റൂബൽ ഹൂസൈനെ ക്ലീൻ ബോൾഡാക്കിയ ബുമ്ര ബംഗ്ലാ ഇന്നിങ്സിന് തിരശീലയിട്ടു.