ധാക്ക∙ അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ ആതിഥേയരായ ബംഗ്ലദേശിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. ഇന്നു നടന്ന സെമി പോരാട്ടത്തിൽ ബംഗ്ലദേശിനെ രണ്ടു റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 49.3 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി. 173 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 46.2 ഓവറിൽ 170 റൺസിന് പുറത്തായി.
അടുത്തിടെ ദുബായിൽ സമാപിച്ച ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ബംഗ്ലദേശിനെ അവസാന പന്തിൽ വീഴ്ത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ഇതിനു പിന്നാലെയാണ് അണ്ടർ 19 വിഭാഗത്തിലും നേരിയ മാർജിനിൽ ഇന്ത്യ ബംഗ്ലദേശിനെ വീഴ്ത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന അഫ്ഗാനിസ്ഥാൻ–ശ്രീലങ്ക രണ്ടാം സെമി പോരാട്ടത്തിലെ വിജയികളുമായി ഞായറാഴ്ചയാണ് ഇന്ത്യയുടെ കലാശപ്പോരാട്ടം.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ബംഗ്ലദേശ് ബോളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ അഞ്ചു പേർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ഓപ്പണർ ജയ്‌സ്വാൾ (37), അനൂജ് റാവത്ത് (35), ബദോനി (28), സമീർ ചൗധരി (36), അജയ് ഗംഗാപുരം (17) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 172 റൺസെടുത്തത്.
173 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലദേശിനെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ വരിഞ്ഞുമുറുക്കി. അർധസെഞ്ചുറി നേടിയ ഷമീം ഹുസ്സൈനാണ് (81 പന്തിൽ 59) ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഷമീമിനു പുറമെ ബംഗ്ലാ നിരയിൽ രണ്ടക്കം കടന്നത് മഹ്മൂദുൽ ഹസ്സൻ ജോയ് (25), അക്ബർ അലി (45) എന്നിവർ മാത്രം.
ആറാം വിക്കറ്റിൽ ഷമീം–അക്ബർ അലി സഖ്യം കൂട്ടിച്ചേർത്ത 74 റൺസ് മൽസരം ഇന്ത്യയിൽനിന്ന് തട്ടിയെടുക്കുമെന്ന് തോന്നിച്ചെങ്കിലും സ്കോർ 139ൽ നിൽക്കെ അക്ബർ അലിയെ മടക്കി ഹർഷ് ത്യാഗി നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഇന്ത്യയ്ക്കായി ജാംഗ്ര, ദേശായി എന്നിവർ മൂന്നും ഹർഷ് ത്യാഗി രണ്ടും വിക്കറ്റ് വീഴ്ത്തി.