കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ അർജുന രണതുംഗയ്ക്കു പിന്നാലെ ഏകദിന ടീമിൽ അംഗമായ പേസ് ബോളർ ലസിത് മലിംഗയും ലൈംഗികാരോപണ കുരുക്കിൽ. ലോക വ്യാപകമായി ശ്രദ്ധ നേടിയ #MeToo മുന്നേറ്റത്തിന്റെ ഭാഗമായാണ് ലസിത് മലിംഗയ്ക്കെതിരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിനിടെ മുംബൈയിൽവച്ച് മലിംഗ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
പ്രശസ്ത പിന്നണി ഗായിക ചിൻമയി ശ്രീപദയാണ് ‘അജ്ഞാതയായ’ യുവതിയെ മലിംഗ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. അതേസമയം, പീഡന ശ്രമത്തിനു വിധേയയായ യുവതി ആരെന്നു വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന മലിംഗ, പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.
ഐപിഎല്ലിന്റെ 10 സീസണിലും മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു ലസിത് മലിംഗ. 110 മൽസരങ്ങളിൽനിന്നായി 154 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള അദ്ദേഹം, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരവുമാണ്. രാജ്യാന്തര ക്രിക്കറ്റിൽ 30 ടെസ്റ്റുകളിൽനിന്ന് 101 വിക്കറ്റും 207 ഏകദിനങ്ങളിൽനിന്ന് 306 വിക്കറ്റും 68 ട്വന്റി20 മൽസരങ്ങളിൽനിന്ന് 90 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
ചിൻമയി തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ‘ക്രിക്കറ്റ് താരം ലസിത് മലിംഗ’ എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ:
‘പേരു വെളിപ്പെടുത്താൻ എനിക്ക് ആഗ്രഹമില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് മുംബൈയിലെ ഒരു ഹോട്ടലിൽ സുഹൃത്തിനൊപ്പം താമസിക്കുമ്പോഴാണ് സംഭവം. ഒരു ദിവസം ഹോട്ടലിൽ ഞാൻ സുഹൃത്തിനെ കാത്തിരിക്കുകയായിരുന്നു. സുഹൃത്ത് തന്റെ റൂമിലുണ്ടെന്ന് പറഞ്ഞ് ഐപിഎല്ലിൽ കളിക്കുന്ന പ്രശസ്തനായ ഒരു ശ്രീലങ്കൻ കളിക്കാരൻ എന്റെ അടുത്തെത്തി. ഞാൻ അയാളോടൊപ്പം റൂമിൽ ചെന്നെങ്കിലും സുഹൃത്ത് അവിടെയില്ലായിരുന്നു. പെട്ടെന്നു തന്നെ അയാൾ എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. എന്നിട്ട് അപമാനിക്കാൻ ശ്രമിച്ചു.
എനിക്ക് അയാളെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. ഞാൻ കണ്ണും വായും മുറുക്കെ അടച്ചു കിടന്നു. എന്നിട്ടും അയാളെന്റെ മുഖത്ത് തോന്നിയതെല്ലാം ചെയ്തു. ഇതിനിടെ അയാൾക്ക് മദ്യവുമായി ഹോട്ടൽ ജീവനക്കാരിലൊരാൾ വാതിലിൽ വന്നുമുട്ടി. അയാൾ വാതിൽ തുറക്കാൻ പോയ തക്കത്തിന് ഞാൻ എഴുന്നേറ്റ് ഓടി വാഷ് റൂമിൽ പോയി മുഖം കഴുകി. ഹോട്ടൽ ജീവനക്കാരൻ പോയതിനൊപ്പം ഞാനും പുറത്തേക്കോടി രക്ഷപ്പെട്ടു. അയാൾ എന്നെ അപമാനിച്ചു.
ഞാൻ മനഃപൂർവം അയാളുടെ മുറിയിലേക്കു പോയതാണെന്ന് ആളുകൾ പറഞ്ഞേക്കാം. അയാളുടെ പ്രശസ്തി മുതലെടുക്കാനുള്ള ശ്രമമാണെന്നും വ്യാഖ്യാനിച്ചേക്കാം. ഇതു ഞാൻ അർഹിക്കുന്നതാണെന്ന് പറയുന്നവരുമുണ്ടാകാം.
ആരോപണച്ചൂടിൽ രണതുംഗയും
നേരത്തെ, ശ്രീലങ്കയ്ക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റനായ അർജുന രണതുംഗയ്ക്കെതിരെയും #MeToo ക്യാംപെയ്ന്റെ ഭാഗമായി പുതിയ വെളിപ്പെടുത്തൽ വന്നിരുന്നു. ഇന്ത്യക്കാരിയായ മുൻ വിമാന ജീവനക്കാരിയാണ് രണതുംഗ തനിക്കുനേരെ ലൈംഗിക അതിക്രമത്തിനു മുതിർന്നതായി വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടൽ മുറിയിൽവച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രണതുംഗ തന്നോടു മോശമായി പെരുമാറിയ കാര്യം യുവതി പുറത്തുവിട്ടത്. 2001ൽ ക്രിക്കറ്റിൽനിന്നു വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയ രണതുംഗ, ശ്രീലങ്കയിൽ പെട്രോളിയം റിസോഴ്സസ് ഡെവലപ്മെന്റ് മന്ത്രി കൂടിയാണ്. ‘മീ ടൂ’ മുന്നേറ്റത്തിന്റെ ഭാഗമായി, താൻ നേരിട്ട വ്യത്യസ്ത അനുഭവങ്ങളുടെ കൂട്ടത്തിലാണ് രണതുംഗയുടെ മോശമായ പെരുമാറ്റവും യുവതി കുറിച്ചിട്ടത്.
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉടലെടുക്കുന്നത്. സന്ദർശന വേളയിൽ രണതുഗ തന്റെ അനുവാദം കൂടാതെ അരക്കെട്ടിൽ പിടിച്ചുവെന്ന് യുവതി ആരോപിച്ചു. ചകിതയായ യുവതി ഹോട്ടലിന്റെ റിസപ്ഷനിലെത്തി വിവരം പറഞ്ഞെങ്കിലും, ‘ഇതു നിങ്ങളുടെ വ്യക്തിപരമായ കാര്യ’മാണെന്നു ചൂണ്ടിക്കാട്ടി അവരും തഴഞ്ഞു.