റാങ്കിങ്ങിൽ കുതിച്ചുകയറി പൃഥ്വി ഷാ, പന്ത്; ബോളർമാരിൽ ഉമേഷിനും മുന്നേറ്റം

ഋഷഭ് പന്ത്, പൃഥ്വി ഷാ

ദുബായ്∙ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉജ്വല പ്രകടനത്തിന്റെ ബലത്തിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ഹൈദരാബാദിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 10 വിക്കറ്റ് നേട്ടത്തോടെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഉമേഷ് യാദവ് ബോളർമാരുടെ റാങ്കിങ്ങിൽ 25–ാം സ്ഥാനത്തെത്തി. നാലു സ്ഥാനങ്ങൾ കയറിയാണ് ഉമേഷ് യാദവ് 25ൽ എത്തിയത്. ഇതോടെ ആദ്യ 25 റാങ്കിലുള്ള ഇന്ത്യൻ ബോളർമാരുടെ എണ്ണം നാലായി. മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരാണ് മറ്റുള്ളവർ. ജഡേജ നാലാമതും അശ്വിൻ എട്ടാമതും ഷാമി 22–ാം റാങ്കിലുമാണുള്ളത്.

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പതിനെട്ടുകാരൻ പൃഥ്വി ഷാ 60–ാം റാങ്കിലേക്ക് കുതിച്ചെത്തി. രാജ്കോട്ടിലെ ആദ്യ ടെസ്റ്റിൽ സെഞ്ചുറിയോടെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഷാ, 73–ാം റാങ്കിലെത്തിയിരുന്നു. രണ്ടാം ടെസ്റ്റിൽ 70, പുറത്താകാതെ 33 എന്നിങ്ങനെ സ്കോർ ചെയ്താണ് ഷാ 13 സ്ഥാനം കൂടി കയറി 60–ാം റാങ്കിലെത്തിയത്.

രണ്ടു ടെസ്റ്റുകളിലും സെഞ്ചുറിക്ക് എട്ടു റൺസ് അകലെ പുറത്തായ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. പരമ്പര തുടങ്ങുമ്പോൾ 111–ാം റാങ്കിലായിരുന്ന പന്ത്, 49 സ്ഥാനങ്ങൾ കയറി 62–ാം റാങ്കിലെത്തി. ആദ്യ ടെസ്റ്റിനു പിന്നാലെ പന്ത് 85–ാം റാങ്കിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തുടർച്ചയായ രണ്ടാം 92 റൺസ് പ്രകടനത്തോടെ 62ൽ എത്തിയത്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനത്തു തുടരുന്ന പട്ടികയിൽ, വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ നാലു സ്ഥാനങ്ങൾ കയറി 18–ാം റാങ്കിലെത്തിയതാണ് മറ്റൊരു നേട്ടം. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനായ ചേതേശ്വർ പൂജാര ആറാം റാങ്കിൽ തുടരുന്നു. ലോകേഷ് രാഹുൽ 23–ാം സ്ഥാനത്തേക്കു വീണു.

വെസ്റ്റ് ഇൻഡീസിനായി രണ്ടാം ടെസ്റ്റിൽ മാത്രം കളിച്ച ക്യാപ്റ്റൻ ജേസൺ ഹോൾഡർ ബോളിങ്, ബാറ്റിങ്, ഓൾറൗണ്ടർ പട്ടികകളിൽ മുന്നേറ്റം നടത്തി. 56 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പന്ത് നാലു സ്ഥാനങ്ങൾ കയറി കരിയറിലാദ്യമായി ബോളർമാരിൽ 9–ാം സ്ഥാനത്തെത്തി. ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ ഹോൾഡർ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ മൂന്നു സ്ഥാനം കയറി 53ൽ എത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയുടെ വെർനോൺ ഫിലാൻഡറിനെ പിന്തള്ളി മൂന്നാം സ്ഥാനത്തുമെത്തി. വിൻഡീസ് താരം റോസ്റ്റൺ ചേസ് 10 സ്ഥാനം കയറി 31–ാം റാങ്കിലെത്തി. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഷായ് ഹോപ്, അഞ്ചു സ്ഥാനം കയറി 35ൽ എത്തി.

ടീം റാങ്കിങ്ങിൽ പരമ്പര വിജയത്തിലൂടെ ലഭിച്ച ഒരു പോയിന്റു കൂടി ചേർത്ത് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യയ്ക്ക് നിലവിൽ 116 പോയിന്റുണ്ട്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും 106 പോയിന്റേയുള്ളൂ.