ധോണിയെ പിന്തള്ളി പന്ത് വരുന്നു; ഇത് ‘ഇന്ത്യയുടെ ഗിൽക്രിസ്റ്റെ’ന്ന് ഗാവസ്കർ

ഋഷഭ് പന്ത്, മഹേന്ദ്രസിങ് ധോണി

ഹൈദരാബാദ്∙ രാജ്യാന്തര ക്രിക്കറ്റിൽ ഇംഗ്ലിഷ് സ്പിന്നർ ആദിൽ റഷീദിനെ സിക്സിനു പായിച്ച് വരവറിയിച്ച താരമാണ് ഋഷഭ് പന്ത്. ടെസ്റ്റിൽ മഹേന്ദ്രസിങ് ധോണി വിക്കറ്റ് കീപ്പറുടെ വേഷമഴിച്ച ശേഷം യോജിച്ച പകരക്കാരനെ തിരഞ്ഞ ഇന്ത്യയ്ക്ക്, ആ സ്ഥാനത്തേക്കു ലഭിച്ച ഉത്തരമായിരുന്നു പന്ത്. ഇംഗ്ലണ്ട് പര്യടനത്തിൽ പേരുകേട്ട സൂപ്പർതാരങ്ങൾ തുടർച്ചയായി പരാജയപ്പെട്ടപ്പോഴാണ്, ചങ്കുറപ്പോടെ ഇംഗ്ലിഷ് ബോളിങ്ങിനെ നേരിടാൻ ഒരു താരത്തെ ഇന്ത്യ തിരഞ്ഞത്. അങ്ങനെ ലഭിച്ച ഉത്തരങ്ങളിലൊന്നായിരുന്നു ഋഷഭ് പന്ത്!

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലിഷ് പേസ് ആക്രമണത്തെ ചെറുത്തുനിന്ന് നേടിയ 24 റൺസുമായിട്ടായിരുന്നു ടെസ്റ്റ് കരിയറിന്റെ തുടക്കം. എന്നാൽ പിന്നീടങ്ങോട്ട് ഓരോ ഇന്നിങ്സ് പിന്നിടുമ്പോഴും പന്തിന്റെ പ്രകടനം മോശമായി. 1, 0, 18, 5 എന്നിങ്ങനെയായിരുന്നു തുടർന്നുള്ള നാല് ഇന്നിങ്സുകളിൽ പന്തിന്റെ പ്രകടനം. ധോണിയുടെ പകരക്കാരനെ നോക്കി ആരാധകർ നെറ്റി ചുളിച്ചു തുടങ്ങുമ്പോഴാണ് ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ ഉജ്വല സെഞ്ചുറിയുമായി പന്തിന്റെ തിരിച്ചുവരവ്. ലോകേഷ് രാഹുലും സെഞ്ചുറി നേടിയ മൽസരത്തിൽ പന്തും ആരാധകരുടെ കയ്യടി നേടി.

രാജ്യാന്തര ക്രിക്കറ്റിൽ വലിയ ഇന്നിങ്സുകൾ കളിക്കാനാകാതെ ആത്മവിശ്വാസം കൈമോശം വന്നു തുടങ്ങിയ സമയത്തു പുറത്തെടുത്ത ഈ സെഞ്ചുറി പ്രകടനം പന്തിനു ‘മരുന്നായി’ എന്നു വ്യക്തമാക്കുന്നതാണ് തുടർന്നുള്ള രണ്ട് ഇന്നിങ്സുകളിലെ പ്രകടനം. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റുകളിലും ഒരു ഇന്നിങ്സിൽ മാത്രമേ പന്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചുള്ളൂ. രാജ്കോട്ടിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി പിന്നിട്ട പന്ത്, ഹൈദരാബാദിലും 50 കടന്നു. രണ്ടു മൽസരത്തിലും വ്യക്തിഗത സ്കോർ 92ൽ നിൽക്കെ പുറത്തായ പന്ത്, ഉറപ്പായ സെഞ്ചുറിയാണ് കൈവിട്ടു കളഞ്ഞത്.

ഇതിനിടെ, മഹേന്ദ്ര സിങ് ധോണിക്കു ശേഷം ടെസ്റ്റിൽ തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ അർധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറുമായി പന്ത്. ധോണി രണ്ടു തവണയാണ് ഈ നേട്ടം കൈവരിച്ചത്. മാത്രമല്ല, കരിയറിലെ ആദ്യ അഞ്ചു ടെസ്റ്റിൽ നേടിയ റൺസിൽ ധോണിയുടെ ഇന്ത്യൻ റെക്കോർഡ് പന്ത് മറികടക്കുകയും ചെയ്തു.

ആദ്യ അഞ്ചു ടെസ്റ്റുകളിൽനിന്ന് ധോണിയുടെ സമ്പാദ്യം 297 റൺസായിരുന്നെങ്കിൽ അത്രതന്നെ ടെസ്റ്റുകൾ പിന്നിടുമ്പോൾ 346 റൺസാണ് പന്തിന്റെ അക്കൗണ്ടിലുള്ളത്. പാക്കിസ്ഥാനെതിരെ നേടിയ 148 റൺസായിരുന്നു ഇക്കാലയളവിൽ ധോണിയുടെ ഉയർന്ന സ്കോർ. ഇതിനു പുറമെ ഒരു അർധസെഞ്ചുറിയും ധോണി സ്വന്തമാക്കിയിരുന്നു.

മറുവശത്ത്, ഇംഗ്ലണ്ടിനെതിരെ നേടിയ 114 റൺസാണ് പന്തിന്റെ ഉയർന്ന സ്കോർ. ഇതിനു പുറമെ സെഞ്ചുറിക്ക് എട്ടു റൺസ് അകലെ വരെയെത്തിയ രണ്ട് അർധസെഞ്ചുറി പ്രകടനങ്ങളും പന്തിൽനിന്നുണ്ടായി. ഹൈദരാബാദ് ടെസ്റ്റിനിടെ സുനിൽ ഗാവസ്കർ പന്തിനെക്കുറിച്ച് നടത്തിയ നിരീക്ഷണത്തിൽ എല്ലാമുണ്ട്:

‘ആറാം നമ്പർ സ്ഥാനത്തേക്ക് ഉറച്ച കാൽവയ്പോടെ ഒരാൾ വരുന്നുണ്ട്. ഏതാണ്ട് ആദം ഗിൽക്രിസ്റ്റിനെ ഓർമിപ്പിക്കുന്ന വിധത്തിൽ. ഓസ്ട്രേലിയ നാലു വിക്കറ്റുകൾ നഷ്ടമായി കൂട്ടത്തകർച്ചയെ നേരിടുന്ന അവസരങ്ങളിൽ ക്രീസിലെത്തുന്ന ഗിൽക്രിസ്റ്റ്, തട്ടുപൊളിപ്പൻ ബാറ്റിങ്ങിലൂടെ സെഞ്ചുറി നേടിയിരുന്നു. അങ്ങനെ ടീം സ്കോർ 350–400 വരെയെത്തിക്കും. സമാനമായ പ്രകടനത്തിനു ശേഷിയുള്ള താരമാണ് പന്ത്.’

വിക്കറ്റ് കീപ്പറെന്ന നിലയിൽ ധോണിക്കൊപ്പമെത്താൻ കാതങ്ങൾ താണ്ടേണ്ടതുണ്ടെങ്കിലും, ബാറ്റിങ്ങിന്റെ കാര്യത്തിൽ ‘ധോണിക്കാല’ത്തെ ഓർമിപ്പിക്കുന്നുണ്ട് പന്ത്. വിക്കറ്റിനു പിന്നിൽ ഇന്ത്യ സുരക്ഷിതമാണെന്നും! വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ധോണിക്കൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി പന്തിനെ കൂടി ഉൾപ്പെടുത്തിയ സിലക്ടർമാർ നൽകുന്ന സന്ദേശം വ്യക്തം; ധോണിക്കുശേഷം പന്തിന്റെ കാലം!