ശ്രീലങ്കൻ ക്രിക്കറ്റ് അഴിമതി: പ്രതികരിക്കാനില്ലെന്ന് ജയസൂര്യ

കൊളംബോ ∙ ശ്രീലങ്കൻ ക്രിക്കറ്റിലെ അഴിമതി അന്വേഷണത്തിൽ സഹകരിക്കാതിരുന്നതിനു രാജ്യാന്തര ക്രിക്കറ്റ് സമിതി (ഐസിസി) കുറ്റം ചുമത്തിയതിൽ പ്രതികരിക്കാതെ മുൻകളിക്കാരനും സിലക്ടറുമായ സനത് ജയസൂര്യ. ‘‘മനസാക്ഷിക്കനുസരിച്ചേ പ്രവർത്തിച്ചിട്ടുള്ളു. പതിനാലു ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചുമത്തപ്പെട്ട കുറ്റം സംബന്ധിച്ച് മാധ്യമങ്ങളോടു പ്രതികരിക്കരുതെന്നു നിയമോപദേശവും ലഭിച്ചിട്ടുണ്ട്.’’ – ജയസൂര്യ പ്രസ്താവനയിൽ അറിയിച്ചു.

ഗോളിലെ ക്രിക്കറ്റ് പിച്ച് ക്യൂറേറ്റർ ജയാനന്ദ വർണവീരയ്ക്കെതിരെ 2016ൽ ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി നടത്തിയ അന്വേഷണത്തോടു സഹകരിക്കാതിരുന്നിനാണു ജയസൂര്യക്കെതിരെ നടപടി. ശ്രീലങ്കയ്ക്കായി 110 ടെസ്റ്റും 445 ഏകദിനവും കളിച്ചിട്ടുള്ള ജയസൂര്യ വിരമിച്ചശേഷം പാർലമെന്റംഗവും മന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതൽ 2017 വരെ സിലക്‌ഷൻ കമ്മിറ്റി ചെയർമാനായിരുന്നു.