Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുപൂരം കൊളംബോയിൽ; ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിൽ ഇന്ന് ഇന്ത്യ – ശ്രീലങ്ക

Rohit Sharma ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പരിശീലനത്തിനിടെ

കൊളംബോ ∙ ഇന്ത്യൻ ടീമിൽ ഇടംതേടുന്ന ഇന്ത്യയുടെ രണ്ടാംനിര താരങ്ങൾക്ക് കഴിവു കാട്ടാൻ സുവർണാവസരവുമായി ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിന് ഇന്നു തുടക്കം. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ആദ്യ മത്സരം. ബംഗ്ലദേശാണ് മൂന്നാമത്തെ ടീം. 

സമീപകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആറു ടെസ്റ്റും എട്ട് ഏകദിനവും നാല് ട്വന്റി 20യും കണ്ടുമടുത്ത കാണികളിൽ താൽപര്യമുണർത്താൻ പോന്ന കളിക്കാവും ഇരുടീമുകളും ശ്രമിക്കുക. കഠിനമായ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ്. ഋഷഭ് പന്ത്, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വിജയ് ശങ്കർ തുടങ്ങിയ യുവതാരങ്ങൾക്ക് കഴിവു തെളിയിക്കാൻ ലഭിച്ച സുവർണാവസരം.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മങ്ങിപ്പോയ ക്യാപ്റ്റൻ രോഹിത് ശർമ, മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, ദിനേശ് കാർത്തിക്ക്, കെ.എൽ. രാഹുൽ, ഷാർദുൽ താക്കൂർ, ജയദേവ് ഉനദ്കട്, അക്സർ പട്ടേൽ എന്നിവർക്ക് 19 മാസം അകലെയുള്ള ലോകകപ്പ് ടീമിൽ സ്ഥാനം തേടാനും ഇവിടെ മികച്ച പ്രകടനം അനിവാര്യം. ലോകകപ്പ് ടീമിനെ മുന്നിൽ കണ്ടാവും മുഖ്യ പരിശീലകൻ രവി ശാസ്ത്രി ആർക്കെങ്കിലും അവസരം നൽകുക. 

ബംഗ്ലദേശിൽ നടന്ന ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റ് ജയിച്ചെത്തുന്ന ശ്രീലങ്ക സ്വന്തം മണ്ണിൽ വർധിത വീര്യത്തോടെ പൊരുതുമ്പോൾ കളിക്ക് ആവേശമേറും. 

മത്സരം വൈകിട്ട് ഏഴിന് ആരംഭിക്കും.