ന്യൂഡൽഹി∙ വെസ്റ്റ് ഇൻഡീസിനെതിരായ വിജയകരമായ പരമ്പരയ്ക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ലക്ഷ്യം ഓസ്ട്രേലിയ. പന്ത് ചുരണ്ടൽ വിവാദവും സസ്പെൻഷനുമെല്ലാം ഓസ്ട്രേലിയൻ ടീമിന്റെ കരുത്തു ചോർന്നിട്ടുണ്ടെങ്കിലും അന്നാട്ടിൽ നേരിടുന്നത് ഇന്ത്യയ്ക്കു കനത്ത വെല്ലുവിളിയാണ്.
ഡിസംബർ ആറിന് അഡ്‌ലെയ്ഡിൽ ആദ്യ ടെസ്റ്റിനു മുൻപ് ഒരു പരിശീലന മൽസരം മാത്രമുള്ളതിന്റെ കുറവ് ന്യൂസീലൻഡിലേക്കുള്ള എ ടീമിന്റെ പര്യടനത്തിൽ നികത്താനാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ പരിപാടി. അതുകൊണ്ടു തന്നെ ന്യൂസീലൻഡിനെതിരെ 16ന് മൗണ്ട് മോൺഗാനുവിൽ തുടങ്ങുന്ന ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നത് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ആറു പേർ. ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, രോഹിത് ശർമ, മുരളി വിജയ്, പൃഥ്വി ഷാ, പാർഥിവ് പട്ടേൽ, ഹനുമ വിഹാരി എന്നിവരാണു ഇന്ത്യ എ ടീമിലുള്ളത്.
എന്നാൽ, ഓസ്ട്രേലിയയ്ക്ക് ഒട്ടും സമാനമായ സാഹചര്യമല്ല ന്യൂസീലൻഡിലേതെന്ന് കോച്ച് രാഹുൽ ദ്രാവിഡ് ഓർമപ്പെടുത്തുന്നു. എങ്കിലും മൽസരപരിചയം നേടാൻ ഈ പരമ്പര സീനിയർ താരങ്ങൾക്കു തുണയാകും. – ദ്രാവിഡ് പറഞ്ഞു. മൂന്ന് അനൗദ്യോഗിക ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ എ ടീം ന്യൂസീലൻഡിൽ കളിക്കുന്നത്.