വിൻഡീസിനെ ‘ചുട്ടെരിച്ച്’ കോഹ്‍‌ലി, രോഹിത്; ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

സെഞ്ചുറി നേടിയ രോഹിത് ശർമ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കൊപ്പം ആഹ്ലാദം പങ്കിടുന്നു.

ഗുവാഹത്തി∙ ഏഷ്യാകപ്പിലെ വിശ്രമത്തിന്റെ ‘ക്ഷീണം’ വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ സെഞ്ചുറിയടിച്ച് വിരാട് കോഹ്‌ലി (107 പന്തിൽ 140) തീർത്തു. ഉജ്വല സെഞ്ചുറിയോടെ രോഹിത് ശർമയും (117 പന്തിൽ 152*) കത്തിക്കയറിയപ്പോൾ ഏകദിന പരമ്പരിയിലെ ആദ്യ മൽസരത്തിൽ വിൻഡീസ് തവിടുപൊടി. വിൻഡീസ് ഉയർത്തിയ 323 റൺസ് വിജയലക്ഷ്യം 47 പന്ത് ബാക്കിനിൽക്കെ ഇന്ത്യ അനായാസം മറികടന്നു. സ്കോർ: വിൻഡീസ് 50 ഓവറിൽ 8 വിക്കറ്റിന് 322; ഇന്ത്യ 42.1 ഓവറിൽ 2 വിക്കറ്റിന് 326. ടോസ്: ഇന്ത്യ. കോഹ്‌ലിയാണ് മാൻ ഓഫ് ദ് മാച്ച്. അഞ്ചു മൽസരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലെത്തി.

ഷിമ്രോൺ ഹെറ്റ്മിയർ സെഞ്ചുറി മികവിൽ (106) വമ്പൻ ടോട്ടൽ പടുത്തുയർത്തിയ വിൻഡീസിനെതിരെ ശിഖർ ധവാനെ തുടക്കത്തിൽത്തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 246 റൺസ് ചേർത്ത കോഹ്‌ലി– രോഹിത് സഖ്യം ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 

സ്ഥിരം ബാറ്റിങ്ങ് ശൈലിയിൽ പൊടിക്കു മാറ്റം വരുത്തിയിറങ്ങിയ കോഹ്‌ലി തുടക്കം മുതൽ ആക്രമിച്ചാണു കളിച്ചത്. 35 പന്തിൽ 50 തികച്ച് കോഹ്‌ലി 88 പന്തിൽ ഏകദിനത്തിലെ 36–ാം സെഞ്ചുറിയിലെത്തി. അതിവേഗം റൺസ് നേടി മുന്നേറിയ കോഹ്‌ലി സ്പിന്നർ ദേവേന്ദ്ര ബിഷുവിനെ മുന്നോട്ടുകയറി അടിക്കാനുള്ള ശ്രമത്തിനിടെ സ്റ്റംപിങ്ങിലൂടെയാണു പുറത്തായത്. 21 ബൗണ്ടറിയും രണ്ടു സിക്സും അടങ്ങുന്നതാണ് ഇന്ത്യൻ നായകന്റെ ഇന്നിങ്ങ്സ്.

അർധസെഞ്ചുറി നേട്ടത്തിനുശേഷം തകർത്തടിച്ച രോഹിത് 84 പന്തിൽ സെഞ്ചുറി തികച്ചു. 15 ബൗണ്ടറി നേടിയ രോഹിത് തന്റെ 8–ാമത്തെ സിക്സിലൂടെ ഇന്ത്യയുടെ വിജയ റൺ നേടി.

നേരത്തെ 114 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായ വിൻഡീസിനെ ഹെറ്റ്മിയർ ഒറ്റയ്ക്കു കരകയറ്റുകയായിരുന്നു.

 ഏകദിനത്തിലെ കന്നി സെഞ്ചുറി തികയ്ക്കാൻ ഹെറ്റ്മിയറിനു വേണ്ടിവന്നത് 74 പന്തുകൾ മാത്രം. 6 വീതം ബൗണ്ടറിയും സിക്സുമടിച്ച ഹെറ്റ്മിയർ കാണികളെ ആവോളം രസിപ്പിച്ചതിനു ശേഷമാണു മടങ്ങിയത്. ബാറ്റിങ്ങിൽ ഒട്ടും മോശമായില്ലെങ്കിലും ദുർബലമായ ബോളിങ് നിരയാണ് വിൻഡീസിന് തോൽവി സമ്മാനിച്ചത്.

സ്കോർബോർഡ്

വെസ്റ്റ് ഇൻഡീസ്

പവൽ സി ധവാൻ ബി ഖലീൽ 51, ഹേംരാജ് ബി ഷമി 9, ഹോപ് സി ധോണി ബി ഷമി 32, സാമുവൽസ് എൽബി ബി ചാഹൽ 0, ഹെറ്റ്മിയർ സി പന്ത് ബി ജഡേജ 106, റോവ്മാൻ പവൽ ബി ജഡേജ 22, ഹോൾഡൽ ബി ചാഹൽ 38, നഴ്സ് എൽബി ബി ചാഹൽ 2, ബിഷു നോട്ടൗട്ട് 22, റോച്ച് നോട്ടൗട്ട് 26. എക്സ്ട്രാസ് 14. ആകെ 50 ഓവറിൽ 8ന് 322.

ബോളിങ്: ഷമി 10–0–81–2, ഉമേഷ് 10–0–64–0, ഖലീൽ 10–0–64–1, ചാഹൽ 10–0–41–3, ജഡേജ 10–0–66–2.

ഇന്ത്യ

രോഹിത് നോട്ടൗട്ട് 152, ധവാൻ ബി തോമസ് 4, കോഹ്‌ലി സ്റ്റംപ്ഡ് ഹോപ് ബി ബിഷു 140, റായുഡു നോട്ടൗട്ട് 

22. എക്സ്ട്രാസ് 8. ആകെ 42.1 ഓവറിൽ 2ന് 326.

ബോളിങ്: റോച്ച് 7–0–52–0, തോമസ് 9–0–83–1, ഹോൾഡർ 8–0–45–0, നഴ്സ് 7–0–63–0, ബിഷു 10–0–72–1, ഹേംരാജ് 1.1–0–9–0.